ഇതു താൻടാ ചെന്നൈ!
സൂപ്പർ മച്ചാൻസ് അടിച്ചു. പ്രളയമൊഴിഞ്ഞ തട്ടകത്തിൽനിന്നു ഗോൾമഴയുമായി എത്തിയ ചെന്നൈയിൻ എഫ്സിക്ക് ഐഎസ്എൽ രണ്ടാം പതിപ്പിൽ കിരീടം. തമിഴ് ഹിറ്റ് സിനിമയിലെ അവസാന രംഗങ്ങൾ പോലെയായ കലാശക്കളിയിൽ ചെന്നൈയിൻ എഫ്സിയുടെ വിജയം രണ്ടിനെതിരെ മൂന്നു ഗോളിന്. ഒരു ഗോളടിക്കുകയും മറ്റൊന്നിനു വഴിതുറക്കുകയും വേറൊന്നിൽ സമ്മർദഘടകമാവുകയും ചെയ്ത കൊളംബിയക്കാരൻ സ്ട്രൈക്കർ സ്റ്റീവൻ മെൻഡോസ കളിയിലെ കേമനായി. ടൂർണമെന്റിലെ ടോപ് സ്കോററും മെൻഡോസ തന്നെ.
ബ്രൂണോ പെല്ലിസാറി (54-ാം മിനിറ്റ്), മെൻഡോസ (91-ാം മിനിറ്റ്) എന്നിവർ ചെന്നൈയ്ക്കുവേണ്ടി സ്കോർ ചെയ്തപ്പോൾ ഗോവയ്ക്കുവേണ്ടി ടി. ഹാവോകിപ് (58’), ജോഫ്രി (87’) എന്നിവർ ഗോൾ നേടി. ബാറിനുകീഴിൽ മികച്ച പ്രകടനം നടത്തിയെങ്കിലും 90-ാം മിനിറ്റിൽ സ്വയംഗോളിന് ഇരയായ ഗോവ ഗോളി ലക്ഷ്മികാന്ത് കട്ടിമണി കളിയിലെ ദുരന്ത നായകനായി. എല്ലാ ഗോളും വീണതു രണ്ടാം പകുതിയിൽ.
ടൂർണമെന്റിലെ ടോപ് സ്കോറർ എന്ന നിലയ്ക്കു മഞ്ഞ ആംബാൻഡ് അണിഞ്ഞെത്തിയ മെൻഡോസയുടെ വേഗനീക്കങ്ങളും പന്തിലുള്ള നിയന്ത്രണവുമാണു കളിയിൽ നിർണായകമായത്. ചെന്നൈയുടെ കോച്ച് മാർക്കോ മറ്റരാസി ഇറ്റാലിയൻ ഫുട്ബോളിന്റെ പ്രതിരോധ തന്ത്രങ്ങൾ പ്രയോഗിക്കില്ലെന്നു തലേന്നു പറഞ്ഞിരുന്നെങ്കിലും ആദ്യപകുതിയിൽ പലപ്പോഴും ആ തന്ത്രങ്ങൾ തന്നെയാണു പയറ്റിയത്. പക്ഷേ മിന്നൽ പ്രത്യാക്രമണങ്ങൾക്കു മിടുക്കുള്ള കളിക്കാർ മറ്റരാസിയുടെ ആവനാഴിയിൽ ഉണ്ടായിരുന്നതു നിർണായകമായി. മധ്യനിരക്കാരൻ ബ്രൂണോ പെല്ലിസാറി തിളങ്ങാതെപോയ കളിയിൽ രണ്ടാം പകുതിയിലാണ് ചെന്നൈയിൻ എഫ്സി പൊരുതിക്കയറിയത്. ഇരുപതിനായിരത്തോളം കാണികളുടെ കാതുപൊട്ടിക്കുന്ന ആരവത്തിൽ പതറിപ്പോകാതെ കളിമിടുക്കു പുറത്തെടുക്കാനും പോരാട്ടവീര്യം കെടാതെ കാക്കാനും ചെന്നൈ നിരയ്ക്കു കഴിഞ്ഞു.
നഷ്ടാവസരങ്ങളോർത്ത് പരിതപിക്കാനേ കഴിഞ്ഞുള്ളൂ ആദ്യപകുതിയിൽ രണ്ടു ടീമിനും. അവസരങ്ങൾ പലതുണ്ടായി. ഗോൾ മാത്രം വന്നില്ല. പ്രണോയ് ഹൽദാർ പൂട്ടിട്ടു കെട്ടിയ പെല്ലിസാറി അതുപൊട്ടിച്ചു മുന്നേറിയ 17-ാം മിനിറ്റിലാണ് മൽസരത്തിലെ ആദ്യഗോൾ ശ്രമം നടത്തിയത്. പക്ഷേ തുടർന്നുണ്ടായ ആക്രമണനീക്കങ്ങളിൽ ഭൂരിഭാഗവും എഫ്സി ഗോവയുടേതായിരുന്നു. ഗോളെന്നു തോന്നിച്ച അവസരങ്ങളെല്ലാം ഗോളി എഡേൽ തടുത്തിട്ടു, അല്ലെങ്കിൽ പ്രതിരോധനായകൻ ബർനഡ് മെൻഡി വിഫലമാക്കി. മൂന്നു തവണ കോർണർ കിക്ക് വഴങ്ങിയാണു ചെന്നൈ പിടിച്ചു നിന്നത്.
മെൻഡോസയുടെ മിന്നലോട്ടമാണ് ആദ്യഗോളിനു വഴിവച്ചത്. ആ നീക്കം ചെറുക്കാനെത്തിയ ഗോവയുടെ പ്രണോയ് ഹൽദാർ ബോക്സിനുള്ളിൽ മെൻഡോസയെ വീഴ്ത്തി. ജപ്പാൻകാരൻ റഫറി യുഡേയ് യമമാട്ടോ പെനൽറ്റി വിധിച്ചു. സ്പോട്ട് കിക്ക് എടുക്കാനെത്തിയതു ബ്രൂണോ പെല്ലിസാറി. കിക്ക് പാഴാകണേ എന്ന ഗാലറികളുടെ പ്രാർഥന തൊണ്ടയിൽകുടുങ്ങിയ നിമിഷം. പെല്ലിസാറിയുടെ കിക്ക് ഇടത്തേക്കു ഡൈവ് ചെയ്തു ഗോവ ഗോളി ലക്ഷ്മികാന്ത് കട്ടിമണി തടുത്തു. പന്തുവീണത് മുന്നോട്ടാഞ്ഞ പെല്ലിസാറിയുടെ ബൂട്ടിലേക്ക്. പെല്ലിസാറി വീണ്ടും അതടിച്ച് അകത്താക്കി (1-0).
ഷോക്ക് ട്രീറ്റ്മെന്റിൽനിന്നു ഗോവ പെട്ടെന്നുണർന്നു. നാലു മിനിറ്റിനകം ചെന്നൈയുടെ വലയനങ്ങി. സമനില ഗോൾ വന്നതു വലതുപാർശ്വത്തിൽ റോമിയോ ഫെർണാണ്ടസിന്റെ കുതിപ്പിലൂടെ. പ്രത്യാക്രമണത്തിൽ പറന്നുകയറിയ റോമിയോയെ തടയാൻ എതിരാളികൾക്കു കഴിഞ്ഞില്ല. എതിർ ബോക്സിലേക്കു പാഞ്ഞുകയറുകയാണെന്നു തോന്നിച്ച റോമിയോ ഗോളിന്റെ ചേരുവകളെല്ലാമടങ്ങിയ ക്രോസ് ഗോളിലേക്കു തൊടുത്തു. ഇടതുവശത്തുകൂടി പാഞ്ഞുകയറിയ ഹാവോകിപ് ഒരിഞ്ചുപോലും പിഴയ്ക്കാതെ കൃത്യമായി പന്തടിച്ചു വലയ്ക്കകത്താക്കി. ഗോൾരേഖയിൽനിന്ന് മൂന്നുചുവടുമാത്രം അകലെയായിരുന്നു ഹാവോകിപ്.
മൂന്നു മിനിറ്റിനുശേഷം കട്ടിമണിയുടെ കൈകൾ ആതിഥേയരെ കാത്തു. വീണ്ടും മെൻഡോസയുടെ നീക്കം, ഗോവൻ ഗോൾമുഖത്ത് അപകടം. വീണ്ടും ഗോവ മെൻഡോസയെ വീഴ്ത്തി. ഇത്തവണ കുറ്റവാളിയായത് ഫ്രഞ്ചുകാരൻ ഡിഫൻഡർ ഗ്രിഗറി ആർനോളിൻ. വീണ്ടും പെനൽറ്റി. കിക്കെടുക്കാനെത്തിയതു മെൻഡോസതന്നെ. മെൻഡോസയുടെ ഇടങ്കാലൻ ഷോട്ട്. ഇടത്തേക്കുവീണ്ടും കട്ടിമണിയുടെ ഡൈവ്. ഇടതുകൈകൊണ്ട് രക്ഷാപ്രവർത്തനം. ഗോവക്കാർ ആർത്തുവിളിച്ചു. രക്ഷപ്പെട്ടല്ലോ. പക്ഷേ കളിയുടെ യഥാർഥ നിമിഷങ്ങൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
പെല്ലിസാറിക്കു പകരം എലാനോ ബ്ലൂമർ ഇറങ്ങിയതിന്റെ ആവേശത്തിൽ ചെന്നൈ കത്തിക്കയറിയ നിമിഷങ്ങളിൽ പ്രത്യാക്രമണവുമായി തിരിച്ചടിച്ച ഗോവയ്ക്ക് എതിരാളിയുടെ പിഴവിൽ അവസരം വീണുകിട്ടി. ചെന്നൈ ബോക്സിനു തൊട്ടുപുറത്ത് ഗോവക്കാരുടെ മിന്നൽ പരിശോധനയ്ക്കിടെ മറ്റരാസിയുടെ സ്വന്തം ശിഷ്യൻ മാനുവൽ ബ്ലാസിയുടെ കയ്യിൽ പന്തുതട്ടി. റഫറി ഫ്രീകിക്ക് വിധിച്ചു. ബ്രസീലുകാരുടെ കളിയിൽ ഒരു ഇറ്റലിക്കാരന്റെ പിഴവ് ഒരു സ്പെയിൻകാരൻ മുതലെടുത്ത നിമിഷം. ബോക്സിനു തൊട്ടുപുറത്തുനിന്ന് ഗോവയുടെ സ്പാനിഷ് താരം ജോഫ്രിയെടുത്ത ഫ്രീകിക്ക് വളഞ്ഞു വലയിൽ പതിച്ചു. ഗോവ മുന്നിൽ (2-1). കിരീടം ഉറപ്പിച്ചതിന്റെ ആഹ്ലാദാഘോഷം ഗാലറിയിൽ തുടങ്ങിയെങ്കിലും ചെന്നൈയുടെ പദ്ധതിയിൽ വേറെയും നിമിഷങ്ങളുണ്ടായിരുന്നു.
രണ്ടു പെനൽറ്റി കിക്ക് തടുത്തിട്ട കട്ടിമണിക്ക് ഇതുവരെയുള്ള കളിജീവിതത്തിലെ ഏറ്റവും വലിയ പിഴവു പറ്റുന്നതു മൂന്നു മിനിറ്റിനകം കണ്ടു. ചെന്നൈയുടെ ഡിഫൻഡർ മെഹ്‌റാജുദ്ദീൻ വാഡൂ വായുവിലൂടെ ഉയർത്തിവിട്ട പന്തിനുനേർക്ക് കട്ടിമണി ചാടി. ഹെഡ്ഡറിനായി ചാടിയ മെൻഡോസയ്ക്കും പന്തുകിട്ടിയില്ല. പക്ഷേ കൊടിമരംപോലെ ഉയർന്നുവന്ന കട്ടിമണിയുടെ കയ്യിൽത്തട്ടി പന്ത് വലയിൽ പതിച്ചു. വീണ്ടും സമനില (2–2). കിരീടധാരണത്തിനു തയാറെടുത്തുനിന്ന ഗോവ തൊണ്ണൂറാം മിനിറ്റിലെ ഗോളിൽ അപ്പാടെ പതറിപ്പോയി. അതിന്റെ ഫലമെന്നോണം ചെന്നൈയുടെ വിജയഗോൾ വന്നു. അതും തൊട്ടടുത്ത നിമിഷം. ഇൻജുറി ടൈം എന്ന നിലയ്ക്ക് അഞ്ചു മിനിറ്റ് അനുവദിച്ചിരുന്നു.
ഇടതുപാർശ്വത്തിൽനിന്നു ജയേഷ് റാണെ ഉയർത്തിവിട്ട പന്ത് ഗോവയുടെ ബോക്സിലെത്തിയപ്പോൾ മെൻഡോസ അതു നെഞ്ചിലെടുത്തിട്ടു കാലിലേക്കു മാറ്റി. കൊളംബിയൻ താരത്തിന്റെ ദിശമാറ്റത്തിൽ എതിർ ക്യാപ്റ്റൻ ലൂസിയോ വലത്തേക്കു ചുവടുതെറ്റിപ്പോയി. പിന്നെയുണ്ടായിരുന്നതു ഗ്രിഗറി അർനോളിൻ. അദ്ദേഹത്തെയും വെട്ടിച്ചൊഴിവാക്കിയ മെൻഡോസ മികച്ചതെന്നു പറയാനാവില്ലെങ്കിലും ഷോട്ട് തൊടുത്തു. കട്ടിമണിയുടെ വലതുകയ്യിൽത്തട്ടി പന്തു വലയിലേക്ക് (3–2). ചെന്നൈയിൻ എഫ്സിക്ക് ഐഎസ്എൽ കിരീടം.
അറസ്റ്റ് ചെയ്ത പൊലീസുകാർക്കൊപ്പം എലാനോയുടെ സെൽഫി !
മഡ്ഗാവ്∙ എഫ്സി ഗോവ ടീം സഹ ഉടമ ദത്തരാജ് സൽഗോൻകറിനെ കയ്യേറ്റം ചെയ്തതിന് ചെന്നൈയിൻ എഫ്സിയുടെ നായകനും മാർക്വീ താരവുമായ എലാനോ ബ്ലൂമറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ കൗതുകകരമായ സംഭവവികാസങ്ങൾ. എലാനോയ്ക്ക് ജാമ്യം ലഭിക്കുന്നിടം വരെ തന്റെ കക്ഷിയെ പൊലീസുകാർ അനാവശ്യമായി ഉപദ്രവിക്കുന്നു തുടങ്ങിയ പരാതികളായിരുന്നു എലാനോയെ ജാമ്യത്തിലെടുക്കാൻ വന്ന അഭിഭാഷകന്.
എന്നാൽ, 'പ്രതി'ക്ക് ജാമ്യം ലഭിച്ചതോടെ ഗോവൻ പൊലീസിന്റെ 'തനിനിറം' പുറത്തുവന്നു. കാര്യം പൊലീസൊക്കെ ആയിരിക്കും. എന്നാലും, ബ്രസീലിന്റെ മഞ്ഞ ജേഴ്സിയിൽ പോലും കളിച്ചിട്ടുള്ള പ്രിയതാരത്തെ അങ്ങനെയങ്ങുവിടാൻ ഫുട്ബോളിനെ അതിരറ്റ് സ്നേഹിക്കുന്ന ഗോവക്കാർക്കാകുമോ. അവർക്കാകെ വേണ്ടിയിരുന്നത് ഒരേയൊരു കാര്യം മാത്രം. എലാനോയ്ക്കൊപ്പം ഒരു സെൽഫിയെടുക്കണം! എന്തായാലും അറസ്റ്റ് ചെയ്ത പൊലീസുകാരുടെ ആഗ്രഹമനുസരിച്ച് സെൽഫിക്കും പോസ് ചെയ്തിട്ടാണ് എലാനോ മടങ്ങിയതത്രെ.
നേരത്തെ, എഫ്സി ഗോവ ടീം സഹ ഉടമ ദത്തരാജ് സൽഗോൻകറിനെ കയ്യേറ്റം ചെയ്തതിനാണ് ബ്രസീലുകാരനായ എലാനോയെ അറസ്റ്റ് ചെയ്തത്. ഗോവയിലെ ഫത്തോർഡയിൽ നടന്ന മൽസരത്തിനുശേഷമായിരുന്നു സംഭവം. ചെന്നൈയിൻ ടീമിന്റെ വിജയത്തിനു ശേഷം മൈതാനത്തു നടന്ന ആഹ്ലാദപ്രകടത്തിനിടെ ഗോവൻ ടീമിനെ കളിയാക്കിയതു ചോദ്യം ചെയ്ത ദത്തരാജിനെ, എലാനോ കയ്യേറ്റം ചെയ്തെന്നാണു പരാതി. തുടർന്ന് അർധരാത്രിയോടെയാണ് ക്യാപ്റ്റൻ അറസ്റ്റിലായത്.
ചെന്നൈയിന് കിരീടം
ഗോവ: ആവേശത്തിന് മീതെ അത്ഭുതങ്ങളുടെ പകര്‍ന്നാട്ടംകണ്ട ഫൈനലില്‍ അവസാന വിജയം ചെന്നൈയിന്. വെള്ളപ്പൊക്കത്തെ അതിജീവിച്ച ഒരു നാടിനെ പ്രതിനിധീകിച്ചുവന്ന ചെന്നൈയിന്‍ എഫ്.സി പോയിന്റ് പട്ടികയിലെ ഏറ്റവും അവസാനസ്ഥാനത്ത് നിന്നാണ് കിരീടത്തിലേയ്ക്ക് അത്ഭുതകുതിപ്പ് നടത്തിയത്.
കലാശപ്പോരാട്ടത്തില്‍ തൊണ്ണൂറാം മിനിറ്റ് വരെ തോല്‍വി നുണഞ്ഞു കഴിഞ്ഞവര്‍ ആതിഥേയരായ ഗോവയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് തോല്‍പിച്ചത്. ഒരു പെനാല്‍റ്റി തുലച്ച ചെന്നൈ ഒരു സെല്‍ഫ് ഗോളിന്റെയും സ്റ്റീവന്‍ മെന്‍ഡോസയെ ആക്രമണകാരിയുടെ ശൗര്യത്തിന്റെയും ബലത്തിലാണ് കിരീടം സ്വന്തമാക്കിയത്.
തുടക്കത്തില്‍ തന്നെ ഡുഡുവിനെ പരിക്ക്മൂലം നഷ്ടപ്പെട്ട് പതറിയ ഗോവയ്‌ക്കെതിരെ ബ്രൂണോ പെലിസ്സാരിയാണ് ചെന്നൈയിനെ ആദ്യം മുന്നിലെത്തിച്ചത്. നാല് മിനിറ്റിനുള്ളില്‍ മനോഹരമായ പകരക്കാരന്‍ ഹാവോകിപ് ഗോവയെ ഒപ്പമെത്തിച്ചു. 62-ാം മിനിറ്റില്‍ മെന്‍ഡോസയുടെ ഒരു പെനാല്‍റ്റി തടഞ്ഞ ഗോളി കട്ടിമണി, എന്നാല്‍, 90-ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോള്‍ വഴങ്ങി. അവിശ്വസനീയമായി ഒപ്പമെത്തിയ ചെന്നൈയിന് ഒരു മിനിറ്റിനുള്ളില്‍ ലക്ഷ്യം കണ്ട് സ്റ്റീവന്‍ മെന്‍ഡോസ കിരീടം സമ്മാനിച്ചു.
54-ാം മിനിറ്റില്‍ ബോക്‌സിലേയ്ക്ക് കുതിച്ച സ്റ്റീവന്‍ മെന്‍ഡോസയെ തടയാനുള്ള പ്രണോയ് ഹാല്‍ദാറിന്റെ ശ്രമമാണ് ചെന്നൈയിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. പെലിസ്സാരിയെടുത്ത പെനാല്‍റ്റി ആദ്യം ഗോളി കട്ടിമണി വലത്തോട്ട് ചാടി തടഞ്ഞെങ്കിലും റീബൗണ്ട് അടിച്ചകറ്റാന്‍ ആരുമുണ്ടായില്ല. പെലിസ്സാരി അനായാസമായി ഓടിയെത്തി വല കുലുക്കി.
എന്നാല്‍, ചെന്നൈയിന്റെ ആഹ്ലാദം ഏറെ നേരം നീണ്ടുനിന്നില്ല. പ്രണോയ് ഹാല്‍ദാറിന്റെ തന്റെ വലതു വിംഗില്‍ നിന്ന് ചെന്നൈയിന്‍ പ്രതിരോധത്തെ പാടെ കീറിമുറിച്ച് കൊടുത്ത ക്രോസ് പിഴവു കൂടാതെ കണക്റ്റ് ചെയ് പകരക്കാരന്‍ തോറ്റ്‌ഗോഷ്യം ഹാവോകിപ് ഗോവയെ ഒപ്പമെത്തിച്ചു.
വാശിയോടെ മുന്നേറിയ ചെന്നൈയിന്‍ മെന്‍ഡോസയിലൂടെ ഒരു പെനാല്‍റ്റി കൂടി നേടി വീണ്ടും നാട്ടുകാരെ ഞെട്ടിച്ചു. 62-ാം മിനിറ്റില്‍ പന്തുമായി ബോക്‌സിലേയ്ക്ക് കുതിച്ച മെന്‍ഡോസയെ ഇക്കുറി ഗത്യന്തരമില്ലാതെ വീഴ്ത്തിയത് ഗോളി കട്ടിമണി തന്നെയാണ്. എന്നാല്‍, മെന്‍ഡോസയെടുത്ത പെനാല്‍റ്റി കട്ടിമണി തന്നെ ഇടത്തോട്ട് ചാടി കുത്തിയകറ്റി.
പിന്നീട് സൂപ്പര്‍താരം എലാനോ ബ്ലൂമറെ ഇറക്കി ചെന്നൈയിന്‍ ആക്രമണം ശക്തമാക്കിയെങ്കിലും ലക്ഷ്യം കണ്ടത് ഗോവയായിരുന്നു. 87-ാം മിനിറ്റില്‍ മനോഹരമായൊരു ഫ്രീകിക്കിലൂടെ പകരക്കാരന്‍ ജോഫ്രിയാണ് ഗോവയ്ക്ക് ലീഡ് സമ്മാനിച്ചത്.
കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി. ഗ്യാലറിയില്‍ ആഘോഷത്തിന്റെ ആരവം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, അവസാന വിസിലിന് അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍. തൊണ്ണൂറാം മിനിറ്റില്‍ തീര്‍ത്തുംു അവിശ്വസനീയമായി ഗോവയുടെ വല ചലിച്ചു. മെഹ്‌റാജുദ്ദീന്‍ വാഡു ബോക്‌സിലേയ്ക്ക് കൊടുത്ത ലോബ് മെന്‍ഡോസയ്ക്ക് കിട്ടാതെ കുത്തിയകറ്റാനുള്ള ഗോളി കട്ടിമണിയുടെ ശ്രമമാണ് തിരിച്ചടിച്ചത്. പന്ത് നേരെ ചെന്നത്ത് സ്വന്തം നെറ്റില്‍. രണ്ട് പെനാല്‍റ്റികള്‍ വീരോചിതമായി തടഞ്ഞ കട്ടിമണി ദുരന്ത നായകനെ പോലെ നിസ്സഹായനായി നിന്നു.
എന്നാല്‍, കട്ടിമണിയുടെയും ഗോവയുടെയും കണക്കുകൂട്ടലുകള്‍ വീണ്ടും പിഴച്ചു. ഇക്കുറി ലക്ഷ്യം കണ്ടത് മെന്‍ഡോസ തന്നെ. റാണെ നല്‍കിയ പന്ത് നെഞ്ചില്‍ താങ്ങിയ മെന്‍ഡോസ അര്‍ണോലിനെയും ലൂസിയോയെയും മറികന്നാണ് ഷോട്ട് ഉതിര്‍ത്തത്. കട്ടിമണി പന്ത് ഒന്ന് തൊട്ടെങ്കിലും തടയാനായില്ല. പന്ത് നേരെ വലയില്‍. കിരീടം ചെന്നൈയിന്റെ കൈയിലും ഭദ്രം.
ചെന്നൈ നഗരത്തിന് കാലം സമ്മാനിച്ച മുറിവില്‍ ലേപനം
പുരട്ടാന്‍ നിയോഗിച്ച കാലുകളായി മെന്‍ഡോസയുടേത്. അധികസമയത്ത് ഇരമ്പിക്കയറിയ
മെന്‍ഡോസയും സംഘവും ചെന്നൈയിനു സമ്മാനിച്ചത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ
കന്നിക്കിരീടം. ഇതിലും മഹത്തായ ഒരു കാവ്യനീതി സമ്മാനിക്കാന്‍ ഫത്തോഡയിലെ
പുല്‍മൈതാനത്തിനാകുമായിരുന്നില്ല. കടുത്ത വെള്ളപ്പൊക്കവും പേമാരിയും സമ്മാനിച്ച
ദുരിതത്തില്‍നിന്ന് ചെന്നൈ നഗരം ഉയിര്‍ത്തെഴുന്നേറ്റതിനു സമാനമായി ഈ
തിരിച്ചുവരവ്. കിരീടത്തിന്റെ മാസ്‌മരിക സ്വപ്‌നത്തിലേക്ക് ആവേശത്തോടെ ഓടിയടുത്ത
ഗോവയുടെ കൈകളില്‍നിന്ന് കിരീടം തട്ടിപ്പറിച്ച ചെന്നൈയിനു തോല്‌ക്കാന്‍
മനസില്ലായിരുന്നു. മൂന്നു മിനിറ്റിനിടെ എല്ലാം സംഭവിച്ചു.
ഗോവയിലെ
ഫത്തോര്‍ഡയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 18,477 കാണികളെ
സാക്ഷിനിര്‍ത്തി ചെന്നൈയിന്‍ ഐഎസ്‌എല്‍ രണ്‌ടാം പതിപ്പിലെ കിരീടം സ്വന്തമാക്കി.
രണ്‌ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ചെന്നൈയിന്റെ വിജയം. 54-ാം മിനിറ്റില്‍
ബ്രൂണോ പെലിസെറിയിലൂടെ മുന്നിലെത്തിയ ചെന്നൈയിനെതിരേ 58-ാം മിനിറ്റില്‍
തോംഗോയിസെപ് ഹോക്കിപ് സമനില സ്വന്തമാക്കി. 87-ാം മിനിറ്റില്‍ ജോഫ്രി ഗോവയ്‌ക്കു
ലീഡ് സമ്മാനിച്ചെങ്കിലും ഇഞ്ചുറി സമയത്തെ ഇരട്ടഗോളുകള്‍ ഗോവയുടെ കഥകഴിച്ചു. ആദ്യം
ഗോള്‍കീപ്പറുടെ സെല്‍ഫ് ഗോളായിരുന്നെങ്കില്‍ രണ്‌ടുമിനിറ്റിനപ്പുറം സ്റ്റീവന്‍
മെന്‍ഡോസ ചെന്നൈയിന്റെ വിജയമുറപ്പിച്ച ഗോളും സ്വന്തമാക്കി. 13 ഗോളോടെ ഐഎസ്‌എല്‍
രണ്ടാം സീസണിലെ സുവര്‍ണപാദുകം മെന്‍ഡോസയ്‌ക്ക്. ഉയര്‍ന്നു വരുന്ന മികച്ച
ഇന്ത്യന്‍ താരം- ജെജെ ലാല്‍പെഖുലെ, ഗോള്‍ കീപ്പര്‍- അപ്പൗളോ ബെറ്റെ, ഹീറോ ഓഫ് ദ
ലീഗ്- സ്റ്റീവന്‍ മെന്‍ഡോസ, ഫെയര്‍പ്ലേ- മുംബൈ സിറ്റി എഫ്‌സി എന്നിങ്ങനെയാണ്
മറ്റ് അവാര്‍ഡുകള്‍.
സെമിയുടെ രണ്‌ടാംപാദത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരേ
ഇറങ്ങിയ അതേ ടീമുമായാണ് സീക്കോ ഗോവയെ ഇറക്കിയത്. അതേസമയം, മാര്‍ക്കി താരം
എലാനോയില്ലാതെയാണ് ചെന്നൈയിന്‍ കലാശപ്പോരിന് ഇറങ്ങിയത്. പകരം മറ്റൊരു
ബ്രസീലിയന്‍ താരം ബ്രൂണോ പെലിസെറി ആദ്യ ഇലവനില്‍ ഇടംകണ്‌ടു. എലാനോ ഇല്ലാത്തതിന്റെ
കുറവ് ചെന്നൈയിന് തുടക്കത്തിലേ അനുഭവപ്പെട്ടു. മധ്യനിരയില്‍ കളി മെനയാന്‍
ഇരുത്തംവന്ന പാദങ്ങളില്ലാതെ പോയി. ഫൈനലിന്റെ സമ്മര്‍ദം താരങ്ങള്‍ക്കും
പിടിപെട്ടതോടെ വിരസമായ ആദ്യമിനിറ്റുകളാണ് കണ്‌ടത്. കളിയും പരുക്കനായി. ആറാം
മിനിറ്റില്‍ത്തന്നെ ഗോവയുടെ ഡുഡു ചെന്നൈയിന്‍ താരവുമായി കൂട്ടിയിടിച്ച് മൈതാനം
വിട്ടു.
സമനിലപ്പൂട്ടില്‍ ഗോളാരവം
രണ്‌ടാംപകുതിയില്‍ ഇരുടീമും
കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ചതോടെ കളിയാവേശം പതിന്മടങ്ങായി.
മുന്നേറ്റങ്ങള്‍കൊണ്‌ടു സമ്പന്നമായ തുടക്കം കൊട്ടിക്കയറി. 3-5-2 എന്ന ശൈലിയിലേക്കു
ഫോര്‍മേഷന്‍ മാറ്റിയ സീക്കോയ്‌ക്കെതിരേ ചെന്നൈയിന്‍ 4-3-3 തുടര്‍ന്നു.
ഗോള്‍
വീണതോടെ ഉണര്‍ന്നു കളിച്ച ഗോവ തിരിച്ചടിച്ചു. 58-ാം മിനിറ്റില്‍ റോമിയോ
ഫെര്‍ണാണ്‌ടസും ഹാല്‍ഡറും ചേര്‍ന്നു നടത്തിയ നീക്കത്തിനൊടുവിലായിരുന്നു
ഹോക്കിപ്പിന്റെ ഗോള്‍ പിറന്നത്. റോമിയോ ഫെര്‍ണാണ്‌ടസിന്റെ ഉജ്വല ക്രോസ് 1-1.
പകരക്കാരനായിട്ടായിട്ടായിരുന്നു ഹോക്കിപ്പ് ഇറങ്ങിയത്.
കളി പിന്നീട്
അതിന്റെ സമസ്‌ത തീവ്രതയും കൈവരിച്ചു. ഇരുടീമും തുടരെത്തുടരെ മുന്നേറി.
ഗോവയ്‌ക്കായിരുന്നു മുന്‍തൂക്കമെങ്കിലും ചെന്നൈയിന്‍ വിട്ടുകൊടുത്തില്ല. 60-ാം
മിനിറ്റില്‍ ചെന്നൈയിനു വീണ്‌ടും പെനാല്‍റ്റി. ഇത്തവണയും മെന്‍ഡോസയ്‌ക്ക്
അനുകൂലമായിരുന്നു വിധി. എന്നാല്‍ ചെന്നൈ തരിച്ചുപോയിരുന്ന നിമിഷമായിരുന്നു
തൊട്ടടുത്ത്. അവരുടെ ഏറ്റവും വിശ്വസ്‌തനായ സ്‌ട്രൈക്കര്‍ മെന്‍ഡോസ സ്‌പോട്
കിക്ക് നഷ്ടപ്പെടുത്തി. മെന്‍ഡോസയുടെ ഇടംകാല്‍ ഷോട്ട് കട്ടിമണി തടുത്തു. 68-ാം
മിനിറ്റില്‍ ചെന്നൈയിന്റെ മാര്‍ക്കി താരം എലാനോ കളത്തിലെത്തി. 87-ാം മിനിറ്റില്‍
ഗോവ മുന്നിലെത്തി. ഗോവയ്‌ക്ക് അനുകൂലമായി ഫ്രീകിക്ക്. ബോക്‌സിന്റെ വലതു
മൂലയില്‍നിന്നു ജോഫ്രി തൊടുത്ത ഷോട്ട് ചെന്നൈയിന്റെ വിശ്വസ്‌ത കൈകള്‍ മറികടന്ന്
വലയില്‍. അപ്പൗളോ ബെറ്റെയെ കാഴ്‌ച്ചക്കാരനാക്കിനിര്‍ത്തിയായിരുന്നു ജോഫ്രിയുടെ
ഗോള്‍.
വിധി നിര്‍ണയിച്ച അധിക സമയം
കിരീടമുറപ്പിച്ച ഗോളായിരിക്കും
അതെന്ന് അവിടെക്കൂടിയ ആരാധകര്‍ മുഴുവന്‍ വിശ്വസിച്ചു. എന്നാല്‍, ഫുട്‌ബോള്‍
സമ്മാനിക്കുന്ന സമ്മോഹന നിമിഷങ്ങള്‍ പിന്നീടായിരുന്നു. കളി നിശ്ചിത സമയം
പിന്നിട്ടു. അഞ്ചു മിനിറ്റ് ഇഞ്ചുറി സമയം റഫറി അനുവദിച്ചു. ചെന്നൈ ഉണര്‍ന്നു,
രണ്‌ടു മിനിറ്റിനുള്ളില്‍ രണ്‌ടു ഗോള്‍ നേടിക്കൊണ്‌ട്. പോസ്‌റ്റില്‍നിന്ന്
നാല്‌പതു മീറ്ററോളം അകലെ മൈതാനത്തിന്റെ വലതുവശത്തുനിന്ന് മെറാജുദ്ദീന്‍ വാഡു
ഉയര്‍ത്തി അടിച്ച ഷോട്ട് തടയുന്നതില്‍ കട്ടിമണിക്കു പിഴച്ചു. സ്വന്തം കൈ
കട്ടിമണിയെ ചതിച്ചു. ഉയര്‍ത്തി ഉന്തി ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും
നടന്നില്ല. പന്ത് വലയില്‍. മത്സരം സമനിലയിലേക്കെന്ന അവസ്ഥ. എന്നാല്‍, മെന്‍ഡോസയും
ചെന്നൈയിനും അടങ്ങിയില്ല. ജയേഷ് നല്‍കിയ ലോംഗ് പാസ് സ്വീകരിച്ച മെന്‍ഡോസ
ബോക്‌സില്‍ രണ്‌ട് പ്രതിരോധക്കാരെയും കട്ടിമണിയെയും മറികടന്ന് പന്ത് വലയിലേക്ക്
ചെത്തിവിട്ടു. മൈതാനത്തു സംഭവിച്ചതെന്തെന്നറിയാതെ കാണികള്‍ സ്‌തബ്ധരായി. മെന്‍ഡോസ
ടീ ഷര്‍ട്ട് വലിച്ചൂരി മൈതാനം വലംവച്ചു. ചെന്നൈയിന്‍ ആര്‍ത്തു ചിരിച്ചു. കിരീടം
ചെന്നൈയിന്. പിന്നെയെല്ലാം ചടങ്ങുമാത്രമായി.
ഗോവയുടെ കണ്ണീരിനുമുന്നില്‍ ചൈന്നൈയിന്റെ പുഞ്ചിരി.
ഫത്തോര്‍ദ > ഗോവയുടെ കണ്ണീരിനുമുന്നില്‍ ചൈന്നൈയിന്റെ പുഞ്ചിരി. ഐഎസ്എല്‍ രണ്ടാംപതിപ്പിന്റെ ഫൈനലില്‍ എഫ്സി ഗോവയെ രണ്ടിനെതിരെ മുന്ന് ഗോളിന് തകര്‍ത്ത് ചെന്നൈയിന്‍ എഫ്സി ചാമ്പ്യന്‍മാരായി. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ കളിയുടെ പരിക്കുസമയത്ത് നേടിയ രണ്ട് ഗോളിനാണ് ചെന്നൈയിന്‍ ഗോവയെ തകര്‍ത്തത്. ഗോള്‍രഹിതമായ ആദ്യപകുതിയ്ക്ക് ശേഷമാണ് കളിയിലെ അഞ്ചുഗോളും പിറന്നത്. ടൂര്‍ണമെന്റിലുടനീളം ചെന്നൈയിന്റെ സൂപ്പര്‍ ഹീറോയായ കൊളംബിയക്കാരന്‍ സ്റ്റീവന്‍ മെന്‍ഡോസയാണ് ഫൈനലിലെ മൂന്ന് ഗോളിനും വഴിയൊരുക്കിയത്. പെല്ലിസാറി പെനല്‍റ്റിയിലൂടെ നേടിയ ആദ്യ ഗോളിനും ദാനഗോളായി മാറിയ രണ്ടാം ഗോളിനും വഴിയൊരുക്കിയത് ഈ അഞ്ചടി ആറിഞ്ചുകാരന്റെ മികവായിരുന്നു. ഒടുവില്‍ വിജയഗോള്‍ നേടിയതും മെന്‍ഡോസ തന്നെ. ഗോവയുടെ ആദ്യ ഗോള്‍ തോങ്കാസിം ഹവോകിപ്പും രണ്ടാം ഗോള്‍ റാഫേല്‍ ജോഫ്രിയും നേടി.
ഫൈനലിന്റെ ആവേശമൊട്ടുമില്ലാതെ അവസാനിച്ച ആദ്യ പകുതിയ്ക്കുശേഷമാണ് കളി ചൂടു പിടിച്ചത്. ഗോള്‍ലക്ഷ്യമാക്കി പന്തുമായി ഇരുസംഘവും എതിര്‍പാതിയിലേക്ക് കുതിക്കാന്‍ തുടങ്ങിയതോടെ കാണികളും ആവേശത്തിമിര്‍പ്പിലായി. എങ്കിലും ചെന്നൈയിനായിരുന്നു ആദ്യ മധുരം രുചിച്ചത്. 54–ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ പെല്ലിസാറി വിരുന്നുകാരെ മുന്നിലെത്തിച്ചു. പിറകിലായതിന്റെ ഉണര്‍വില്‍ ആഞ്ഞുകളിച്ച ഗോവ നാലുമിനിറ്റില്‍ ഹവോകിപിലൂടെ ഒപ്പമെത്തി. 87–ാംമിനിറ്റില്‍ ലഭിച്ച ഫ്രീകിക്കിലൂടെ ജോഫ്രി ഗോവയെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ കട്ടിമണിയുടെ പിഴവ് ചെന്നൈയിന് പ്രതീക്ഷ നല്‍കി. പ്രതീക്ഷയ്ക്ക് ചിറക് നല്‍കിക്കൊണ്ട് പരിക്കുസമയം അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കിനില്‍ക്കെ മെന്‍ഡോസ ചെന്നൈയിനെ സൂപ്പര്‍ലീഗിന്റെ രാജാക്കന്‍മാരാക്കി. അവസാന വിസിലിന് തൊട്ടുമുമ്പ് ജൊനാഥന്‍ ലൂക്ക തൊടുത്ത വെടിയുണ്ടയ്ക്കൊത്ത ഷോട്ട് പോസ്റ്റിന്റെ മൂലയ്ക്ക് തൊട്ടുതൊട്ടില്ലെന്ന്മട്ടില്‍ മൂളിപ്പറന്നതോടെ ഗോവയുടെ പോരാട്ടം അവസാനിച്ചു. സ്റ്റേഡിയത്തിലെ വെടിമരുന്നാഘോഷം മാനത്തേക്ക് കുതിച്ചതിനൊപ്പം ചെന്നൈയിന്‍ കൂടാരവും ആഹ്ളാദത്തില്‍ പൊട്ടിത്തരിച്ചു.
ഈ ജയം ചെന്നൈയിന് അവകാശപ്പെട്ടതാണ്. ലീഗ് പട്ടികയുടെ അവസാന സ്ഥാനത്തുനിന്ന് തുടര്‍ച്ചയായ അഞ്ച് ജയത്തോടെ സെമിയുടെ രണ്ടാംപാദംവരെയെത്തിയ അവര്‍ ഈ കിരീടം അര്‍ഹിക്കുന്നുണ്ട്. എലാനോ ബ്ളൂമര്‍ കളിയുടെ മുമ്പ് പറഞ്ഞതുപോലെ പ്രളയം ദുരിതംവിതച്ച ചെന്നൈയിലെ ജനങ്ങള്‍ക്കുവേണ്ടി അവര്‍ കിരീടം നേടി. അതും തോറ്റുപോയെന്ന് നിനച്ചിടത്തുനിന്ന് അവസാന നിമിഷംവരെ സുന്ദരമായി പോരാടിത്തന്നെ.
തീരെ നിറംമങ്ങിപ്പോയ ആദ്യ പകുതിയ്ക്ക് ശേഷം അതിസുന്ദരമായ കളിയാണ് ഇരുസംഘവും ഫത്തോര്‍ദയില്‍ പുറത്തെടുത്തത്. നാലാം മിനിറ്റില്‍ പരിക്കേറ്റ് പുറത്തുപോയ ഡുഡുവിന്റെയും പരിക്കുമൂലം കളത്തിലിറങ്ങാതിരുന്ന റെയ്നാള്‍ഡോയുടെയും അഭാവം ഗോവയെ ആദ്യപാതിയില്‍ പിറകോട്ടടിച്ചിരുന്നു. ഗോവന്‍ പ്രതിരോധക്കാരെ മറികടക്കാന്‍ സാധിക്കാതെ മെന്‍ഡോസ നയിച്ച ചെന്നെയിന്‍ മുന്നേറ്റവും തണുത്തുറഞ്ഞു. എന്നാല്‍ ഇടവേള കഴിഞ്ഞ് കളിമാറി. ഡുഡുവിന് പകരം വന്ന ജൊനാഥന്‍ ലൂക്കയും ലിയോ മോറയ്ക്ക് പകരക്കാരനായ ഹവോകിപ്പും ഗോവയുടെ മുന്നേറ്റം ഏറ്റെടുത്തു. ഗോവയുടെ പ്രതിരോധത്തെ മറികടന്ന് ജെജെ ലാല്‍ പെഖുലയും തോയ്സിങ്ങും പന്തുമായി മുന്നോട്ടുകയറി.
അലസമായ പ്രതിരോധം ഗോവയ്ക്ക് ആദ്യ അടിനല്‍കി. മെന്‍ഡോസയില്‍നിന്ന് പന്തുപിടിച്ച് പുറകില്‍ പ്രണോയ് ഹാല്‍ദെറിന് നല്‍കിയതായിരുന്നു ഇടതുവിങ് ബാക്ക് ഗ്രിഗറി അര്‍ണോലിന്‍. അടിച്ചകറ്റുന്നതിന് പകരം പന്തുമായി ഏരിയയിലൂടെ ഹാല്‍ദെര്‍ നീങ്ങി. ഒപ്പമെത്തിയ മെന്‍ഡോസയെ ഹാല്‍ദെര്‍ പുറകില്‍നിന്ന് കാല്‍വച്ച് വീഴത്തിയപ്പോള്‍ ജപ്പാന്‍കാരനായ റഫറി പെനല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടി. പെല്ലിസാറിയെടുത്ത കിക്ക് ഗോവന്‍ ഗോളി ലക്ഷ്മികാന്ത് കട്ടിമണി ഇടത്തോട്ടുചാടി തടുത്തിട്ടു. എന്നാല്‍ പ്രതിരോധക്കാര്‍ അന്തം വിട്ടുനോക്കിനില്‍ക്കെ പെല്ലിസാറി ഓടിയെത്തി പന്ത് വലയിലെത്തിച്ചു.
മറുപടി കൊടുക്കാന്‍ നാലുമിനിറ്റ് മാത്രമാണ് ഗോവക്കാര്‍ക്കുവേണ്ടിവന്നത്. വലതുവശത്തൂടെ പന്തുമായി കുതിച്ച റോമിയോ ഫെര്‍ണാണ്ടസ് ബോക്സിനു പുറത്തുനിന്ന് ഹവോകിപിനെ ലക്ഷ്യമാക്കി നിലംപറ്റി പന്ത് പായിച്ചു. പ്രതിരോധക്കാരന്‍ മെന്‍ഡിയുടെ നിഴലില്‍നിന്ന് കുതിച്ച ഇന്ത്യന്‍ യുവതാരത്തിന് പന്ത് വലയിലേക്ക് തട്ടിയിടേണ്ട പണി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അടുത്ത മിനിറ്റില്‍ ചെന്നൈയിന്‍ മുന്നിലെത്തേണ്ടതായിരുന്നു. തന്നെ ബോക്സില്‍ വീഴ്ത്തിയതിന് മെന്‍ഡോസയെടുത്ത പെനല്‍റ്റി കട്ടിമണി രക്ഷപെടുത്തി. ഇക്കുറിയും പന്ത് ഇടത്തോട്ടായിരുന്നു. കട്ടിമണിയുടെ ചാട്ടവും ശരിയായ ദിശയിലേക്ക് തന്നെ. പെനല്‍റ്റിയല്ലെന്ന് വാദിച്ചതിന് കട്ടിമണിക്കും റഫറിയോട് വഴക്കിട്ടതിന് അര്‍ണോലിനും മഞ്ഞക്കാര്‍ഡും കിട്ടി.
തുടരാക്രമണങ്ങള്‍ക്കൊടുവില്‍ ഗോവയ്ക്ക് കളിയുടെ നിയന്ത്രണം ലഭിച്ചു. മൂന്ന് കോര്‍ണറുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഗോവ നേടി. ഒടുവില്‍ ബോക്സിനുപുറത്തു ലഭിച്ച ഫ്രീകിക്ക് ജോഫ്രി ലക്ഷ്യത്തിലെത്തിച്ചു.






