Tuesday, December 8, 2015

ഹോസു മടങ്ങി, സ്‌നേഹത്തോടെ




കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യനിരയില്‍ ചാട്ടുളിപോലെ മുന്നേറുകയും ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്‌ത ഹോസു കുരിയാസ്‌ എന്ന സ്‌പാനിഷ്‌ താരം ഇന്ത്യയില്‍നിന്ന്‌ മടങ്ങി. അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ നിരയില്‍ തിരിച്ചെത്താനാവുമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ്‌ ഹോസുവിന്റെ തിരിച്ചുപോക്ക്‌. അവസാന ഹോം മത്സരത്തില്‍ ചുവപ്പുകാര്‍ഡ്‌ കണ്ടതോടെ, ബ്ലാസ്‌റ്റേഴ്‌സിന്റെ സീസണിലെ അവസാന മത്സരം കളിക്കാനാവില്ലെന്നതാണ്‌ പെട്ടെന്നുള്ള തിരിച്ചുപോക്കിന്‌ കാരണം.

എങ്കിലും, ബ്ലാസ്‌റ്റേഴ്‌സിലെ അനുഭവങ്ങളോടെ നന്ദിയോടെ സ്‌മരിക്കാതിരിക്കാന്‍ ഹോസുവിനാകുന്നില്ല. ടീമിലെ പന്ത്രണ്ടാമനായ കാണികള്‍ക്ക്‌ നന്ദി പറഞ്ഞുകൊണ്ട്‌ ഹോസു ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌ത കുറിപ്പ്‌ ഇതിനകം വൈറലായിക്കഴിഞ്ഞു. വികാരനിര്‍ഭരമായ ആ കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ:
ഞാന്‍ ഇന്ന്‌ ഇന്ത്യവിടുകയാണ്‌!! കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ എന്നോടു ക്ഷമിക്കണം. നിങ്ങള്‍ക്ക്‌ ആവേശകരമായൊരു സീസണ്‍ സമ്മാനിക്കാന്‍ ഞങ്ങള്‍ക്കായില്ല!! നിങ്ങളുടെ എല്ലാ സംശയങ്ങളും ചോദ്യങ്ങളും ദൂരികരിക്കുകയാണിവിടെ, അതിനുള്ള ഉത്തരങ്ങളോടെ!!
ഞങ്ങളുടേത്‌ ഒരു സാധാരണ കുടുംബമാണ്‌. തൊഴിലാളി കുടുംബം. ഒരു ഫാക്ടറിയിലാണ്‌ എന്റെ അമ്മ ജോലി ചെയ്യുന്നത്‌. എല്ലാദിവസവും പുലര്‍ച്ചെ നാലുമണിക്കുണര്‍ന്ന്‌ ഫാക്ടറിയിലേക്ക്‌ പോകും. ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ തിരിച്ചുവരും. എട്ടുമണിക്കൂര്‍ ജോലി. ട്രക്ക്‌ െ്രെഡവറാണ്‌ എന്റെ അച്ഛന്‍. എന്റെ കുടുംബത്തില്‍നിന്ന്‌ പ്രൊഫഷണല്‍ ഫുട്‌ബോളറാകുന്ന ആദ്യത്തെയാളാണ്‌ ഞാന്‍. ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയില്‍ ചേര്‍ന്നെങ്കിലും ആദ്യവര്‍ഷം എനിക്ക്‌ കയ്‌പ്പേറിയതായിരുന്നു. മാധ്യമങ്ങള്‍ അമിത ശ്രദ്ധ കൊടുത്തതിനാല്‍ കടുത്ത മത്സരമാണ്‌ നേരിടേണ്ടിവന്നത്‌. 16ാം വയസ്സില്‍ വീടുവിട്ട്‌ ഒറ്റയ്‌ക്ക്‌ ജീവിക്കാന്‍ തുടങ്ങിയായാളാണ്‌ ഞാന്‍. എനിക്കിതൊക്കെ ഉള്‍ക്കൊള്ളാന്‍ വിഷമമായി തോന്നി. എന്നാല്‍, അക്കാദമിയിലെ രണ്ടാം വര്‍ഷം സന്തോഷകരമായിരുന്നു. ഫസ്റ്റ്‌ ടീമിനൊപ്പം പ്രീസീസണ്‍ മത്സരങ്ങളില്‍ കളിക്കാന്‍ പോലും സാധിച്ചു. പക്ഷേ, അതും കാര്യമായ ഗുണം ചെയ്‌തില്ല.
യൂറോപ്പിലെ ഏതെങ്കിലും വലിയ ക്ലബ്ബില്‍ കളിക്കണമെന്നാണ്‌ എന്റെ മോഹം. എന്നാല്‍, ഭാവിയിലെന്താണ്‌ സംഭവിക്കുകയെന്നറിയില്ല. ഒരുപക്ഷേ, അത്‌ യൂറോപ്പിലാകാം, ഏഷ്യയിലാകാം അല്ലെങ്കില്‍ സൗത്ത്‌ അമേരിക്കയിലാകാം. ചിലപ്പോള്‍ ഐ.എസ്‌.എല്ലിലേക്ക്‌ മടങ്ങിവന്നേക്കാം. കാരണം ഞാനത്‌ ഏറെ ആസ്വദിക്കുന്നു. ചിലപ്പോള്‍ യൂറോപ്പില്‍ കളിക്കുന്നതിനേക്കാള്‍ പ്രിയതരമായി ഐഎസ്‌എല്ലിനെ ഞാന്‍ കരുതിയേക്കാം. അറിയില്ല. മനോഹരമായ സ്‌റ്റേഡിയങ്ങളാണ്‌ ഇവിടുത്തേത്‌. ആളുകളുടെ സ്‌നേഹവും എന്നെ കീഴടക്കുന്നു. ഇവിടെ ഏറെക്കാലം കളിക്കാനാകുമെന്ന്‌ എനിക്കുറപ്പുണ്ട്‌.
വളരെ നല്ല അനുഭവമാണ്‌ എനിക്കുണ്ടായത്‌. എന്റെ ടീമംഗങ്ങളില്‍നിന്ന്‌ കുറേ കാര്യങ്ങള്‍ പഠിക്കാനായി. കാര്‍ലോസ്‌ മര്‍ച്ചേനയെയും പീറ്റര്‍ റിമേജിനെയും പോലുള്ള മികച്ച താരങ്ങള്‍ അവിടെയുണ്ടായിരുന്നു. 
ആരാധകരാണ്‌ ഇവിടുത്തെ ഏറ്റവും വലിയ കാര്യം. ഞങ്ങളുടെ ടീമിലെ 12ാമനായിരുന്നു അവര്‍. 
അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഞാന്‍ വിജയിക്കുകയാണെങ്കില്‍, എനിക്കെന്റെ കുടുംബത്തെ തിരിച്ചുപിടിക്കണം. ഐ.എസ്‌.എല്ലില്‍ കളിക്കാന്‍ ഇനിയും അവസരം കിട്ടുകയാണെങ്കില്‍...തീര്‍ച്ചയായും കേരള ബ്ലാസ്‌റ്റേഴ്‌സില്‍ത്തന്നെ ചേരും. അതിനുകാരണം നിങ്ങള്‍ തന്നെ സ്‌നേഹവും നിങ്ങളുടെ ആവശ്യപ്പെടലുമാണ്‌.
ഇന്ത്യയില്‍ ചെലവഴിച്ച മൂന്നുമാസങ്ങള്‍ അവിസ്‌മരണീയമാണ്‌. പ്രത്യേകിച്ചും കേരള ബ്ലാസ്‌റ്റേഴ്‌സിലെ ജീവിതം. ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത അനുഭൂതിയിലൂടെയാണ്‌ ഞാന്‍ കടന്നുപോയത്‌. വളരെ വലിയ താരങ്ങള്‍ക്കൊപ്പം കളിക്കുകയും അവരില്‍നിന്ന്‌ പഠിക്കുകയും ചെയ്‌തു. അതില്‍ക്കൂടുതല്‍ എന്താണ്‌ എനിക്ക്‌ ആവശ്യപ്പെടാനാവൂക?
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരോടും ടീമിനെ പിന്തുണയ്‌ക്കുന്നവരോടും ഏറെ നന്ദി. ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവരോടും നന്ദി. ആളുകള്‍ മനസ്സിലാക്കുന്നതുപോലെയല്ല. ടീമിനുവേണ്ടി അവര്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്‌. താരങ്ങളോടുള്ള കരുതലില്‍ അവര്‍ മറ്റാരെക്കാളും മുന്നിലാണ്‌.
എല്ലാത്തിനും നന്ദി. കാര്യങ്ങളൊക്കെ ശരിയാവുകയാണെങ്കില്‍ തീര്‍ച്ചയായും അടുത്ത സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നമുക്ക്‌ വീണ്ടും കാണാം. 
കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഞാന്‍ സ്‌നേഹിക്കുന്നു. 
ആരാധകരേ, നിങ്ങളെ ഞാന്‍ എപ്പോഴും മിസ്‌ ചെയ്യും....

No comments:

Post a Comment