Wednesday, October 28, 2015

തുടർ തോല്‍വികളില്‍ മനംമടുത്ത് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പീറ്റര്‍ ടെയ്‌ലര്‍ രാജിവച്ചു

കൊച്ചി∙ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവച്ചു. ലീഗിലെ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ തോല്‍വികളെത്തുടര്‍ന്നാണ് ടെയ്‌ലറിന്റെ രാജി. ടെയ്‌ലര്‍ ടീം വിടുന്നതോടെ നിലവില്‍ ടീമിന്റെ സഹപരിശീലകനായ ട്രെവര്‍ മോര്‍ഗന്‍ മുഖ്യ പരിശീലകനാകും. ടെയ്‌ലര്‍ ടീം വിടുന്ന കാര്യം ടീം ഉടമകള്‍ തന്നെയാണ് അറിയിച്ചത്. പരസ്പര ധാരണപ്രകാരമുള്ള തീരുമാനമാണിതെന്നും വാര്‍ത്ത പുറത്തുവിട്ട ഉടമകള്‍ വ്യക്തമാക്കി.
ലീഗില്‍ തുടര്‍ച്ചയായി വഴങ്ങിയ നാലു തോല്‍വികളാണ് ടെയ്‌ലറിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുണെ സിറ്റി എഫ്‌സിക്കെതിരെ ഇന്നലെ നടന്ന എവേ മല്‍സരത്തിലും ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയിരുന്നു. തോല്‍വികള്‍ തുടര്‍ക്കഥയായതോടെ ടെയ്‌ലറിന്റെ തന്ത്രങ്ങള്‍ കളിക്കളത്തില്‍ ഉദ്ദേശിച്ച ഫലം കാണുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. മാത്രമല്ല, ടീം ഘടനയില്‍ നിരന്തരം മാറ്റം വരുത്തുന്നതും ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കുന്നതായി ആക്ഷേപമുയര്‍ന്നു. ഇതോടെയാണ് ലീഗ് മല്‍സരങ്ങള്‍ പാതിവഴിയിലെത്തി നില്‍ക്കെ ടെയ്‌ലര്‍ ടീം വിടുന്നത്.
അതേസമയം, പുണെ സിറ്റി എഫ്‌സിക്കെതിരായ മല്‍സരം വരെയാണ് ടെയ്‌ലറിന് ടീമിനെ വിജയവഴിയിലേക്ക് തിരികെയെത്തിക്കാന്‍ ടീം ഉടമകള്‍ സമയമനുവദിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ മല്‍സരവും തോറ്റതോടെ നേരത്തെ പറഞ്ഞുറപ്പിച്ചതു പ്രകാരം ടെയ്‌ലര്‍ മുഖ്യ പരിശീലകസ്ഥാനം ഒഴിയുകയായിരുന്നുവെന്നാണ് സൂചന.
രണ്ടാംനിര കളിക്കാരില്‍നിന്നും ഒന്നാംനിര ടീമിനെ വാര്‍ത്തെടുക്കുന്നയാളെന്ന വിശേഷണവുമായെത്തിയ ഇംഗ്ലണ്ടിന്റെ മുന്‍ ദേശീയ താരം കൂടിയായ പീറ്റര്‍ ടെയ്‌ലര്‍ ഈ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ചുമതലയേറ്റത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വിവിധ ക്ലബ്ബുകളുടെയും ബഹ്‌റൈന്‍ ദേശീയ ടീമിന്റെയും മുന്‍ പരിശീലകന്‍ കൂടിയായിരുന്നു പീറ്റര്‍ ടെയ്‌ലര്‍. 2013ല്‍ ഇംഗ്ലണ്ട് അണ്ടര്‍20 ടീമിന്റെ പരിശീലകനായിരുന്നു. 1976ല്‍ ഇംഗ്ലണ്ടിനുവേണ്ടി നാലു മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ലീഗ് ഘട്ടത്തിലെ ആറു മല്‍സരങ്ങള്‍ പിന്നിട്ടിട്ടും മുഖ്യ പരിശീലകന് കൃത്യമായ ഒരു ടീം ഫോര്‍മേഷന്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നത് കടുത്ത വിമര്‍ശനത്തിന് കാരണമായിരുന്നു. ആദ്യ മല്‍സരം മുതല്‍ത്തന്നെ ടീം ഘടനയില്‍ തുടര്‍ച്ചയായി പരീക്ഷണങ്ങള്‍ നടത്തിവന്ന ടെയ്‌ലറിന് ഇതുവരെയും കൃത്യമായ ഒരു പ്ലേയിങ് ഇലവനെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ നടന്ന മല്‍സത്തില്‍തന്നെ മൂന്നു മാറ്റങ്ങളുമായാണ് ടെയ്‌ലര്‍ ടീമിനെ ഇറക്കിയത്. മല്‍സരത്തില്‍ ടീം തോല്‍ക്കുകയും ചെയ്തു. ആറു മല്‍സരങ്ങളില്‍ മൂന്നു തവണ മാത്രം ടെയ്‌ലര്‍ അവസരം നല്‍കിയ മലയാളി താരം മുഹമ്മദ് റാഫി മൂന്നു കളികളില്‍നിന്നും നാലു ഗോളുകളുമായി ടീമിന്റെ ഗോള്‍സ്‌കോറര്‍മാരുടെ പട്ടികയില്‍ മുന്നിലെത്തുകയും ചെയ്തു. ഗോളി സ്റ്റീഫന്‍ ബൈവാട്ടര്‍, നായകന്‍ പീറ്റര്‍ റാമേജ് എന്നിങ്ങനെ ഏതാനും പേര്‍ക്കൊഴികെ മറ്റാര്‍ക്കും തന്നെ ടെയ്‌ലറിന്റെ ടീമില്‍ സ്ഥാനം ഉറപ്പായിരുന്നില്ല.
ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിലെ നിരാശാജനകമായ പ്രകടനങ്ങളിലൂടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ഹോം മല്‍സരത്തില്‍ വിജയത്തോടെ തുടങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ത്തന്നെ നടന്ന അടുത്ത മല്‍സരത്തില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. തുടര്‍ന്ന് നടന്ന മൂന്നു എവേ മല്‍സരങ്ങളിലും കൊച്ചിയില്‍ നടന്ന അവസാന മല്‍സരത്തിലും തോല്‍വി വഴങ്ങുകയും ചെയ്തു. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത (2-1), ഗോവ എഫ്‌സി (2-1), പുണെ സിറ്റി എഫ്‌സി (3-2) എന്നിവര്‍ക്കെതിരെ അവരുടെ മൈതാനങ്ങളില്‍ തോല്‍വി വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ നടന്ന അവസാന മല്‍സരത്തില്‍ റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡൈനാമോസിനോടും തോല്‍വി (1-0) വഴങ്ങി.

കൊച്ചി: തുടര്‍ച്ചയായ തോല്‍വികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ പരിശീലകസ്ഥാനത്ത് നിന്ന് രാജിവച്ചു. സഹപരിശീലകനായിരുന്ന ട്രവര്‍ മോര്‍ഗനായിരിക്കും ഇനിമുതല്‍ ടീമിന്റെ ചുമതല. പരസ്പരധാരണയോടെയാണ് മോര്‍ഗന്‍ അടിന്തിരമായി പരിശീലകസ്ഥാനം ഒഴിഞ്ഞതെന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. രണ്ടാം അധ്യായത്തിലെത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് ഇതാദ്യമായാണ് ടൂര്‍ണമെന്റിനിടെ ഒരു പരിശീലകന്‍ രാജിവയ്ക്കുന്നത്.
കളിക്കാരെ വിശ്വാസത്തിലെടുക്കാതെ ടെയ്‌ലര്‍ നിരന്തരമായി നടത്തിയ മാറ്റങ്ങളും പരീക്ഷണങ്ങളുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിക്ക് വഴിവച്ചതെന്ന് വ്യാപകമായ വിമര്‍ശമുണ്ടായിരുന്നു. ആറു കളികളില്‍ ആറു ഫോര്‍മേഷനിലാണ് ടീം കളിച്ചത്. എല്ലാ മത്സരങ്ങളിലും മധ്യനിര അമ്പേ പരാജയപ്പെട്ടു. ഗോളുകള്‍ ഒഴിഞ്ഞുനിന്നതിന്റെ പ്രധാന കാരണം ഇതാണെന്നും ആക്ഷേപമുണ്ടായിരുന്നു. പുണെയില്‍ ഒന്നാം മിനിറ്റില്‍ തന്നെ ലീഡ് നേടിയശേഷം തോല്‍വി വഴങ്ങിയതുമുതല്‍ തന്നെ ടെയ്‌ലറുടെ തലയ്ക്ക് മുറവിളി ഉയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ ആറു മത്സരങ്ങളില്‍ നാലെണ്ണവും തോറ്റ് എട്ടാം സ്ഥാനത്ത് ഏറ്റവും അവസാനക്കാരാണ്. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ തോല്‍പിക്കുകയും രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയോട് ഗോള്‍രഹിത സമനില വഴങ്ങുകയും ചെയ്ത ടീം പിന്നീടുള്ള നാലു മത്സരങ്ങളിലും തോല്‍ക്കുകയായിരുന്നു. കൊല്‍ക്കത്തയില്‍ ത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോടും കൊച്ചിയില്‍ ഡല്‍ഹി ഡയനാമോസിനോടും ഗോവയില്‍ എഫ്.സി. ഗോവയോടും പുണെയില്‍ എഫ്.സി. പുണയോടുമാണ് തോറ്റത്. ഏഴ് കളികളില്‍ നിന്ന് ഏഴ് ഗോളാണ് ടീമിന് ഇതുവരെ നേടാനായത്. ഇതില്‍ തന്നെ നാലെണ്ണം മലയാളി താരം മുഹമ്മദ് റാഫിയുടെ വകയാണ്.
ഇംഗ്ലീഷുകാരനായ ടെയ്‌ലര്‍ ഇംഗ്ലണ്ട് സീനിയര്‍ ടീമിന്റെ താത്കാലിക പരിശീലകനും അണ്ടര്‍-21 ടീമിന്റെ പരിശീലകനുമായിരുന്നു. പതിനഞ്ചിലേറെ ക്ലബുകളെ പരിശീലിപ്പിച്ചശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. ക്രിസ്റ്റല്‍ പാലസ്, ടോട്ടനം ഹോട്‌സ്പര്‍ എന്നിവയ്ക്കുവേണ്ടി കളിച്ചിട്ടുമുണ്ട്.
ഒക്‌ടോബര്‍ 31ന് കൊച്ചിയില്‍ ചെന്നൈയിന്‍ എഫ്.സി.ക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

No comments:

Post a Comment