Thursday, October 22, 2015

Match 18 FC Goa 2 - 1 Kerala Blasters FC

ബ്ലാസ്റ്റേഴ്സിനു മൂന്നാം തോൽവി, ഗോവയോടു തോറ്റത് 1-2 ന്



ഫത്തോദ, ഗോവ ∙ ആദ്യാവസാനം പൊരുതിക്കളിച്ചിട്ടും ആദ്യം ഗോൾ നേടി മുന്നിൽ നിന്നിട്ടും കേരള ബ്ലാസ്റ്റേഴ്സിനു വിജയം പിടിച്ചടക്കാനായില്ല. ഗോവയ്ക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഗോവ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ചു. ലിയോ മോറ (45), ഗ്രിഗറി (84) എന്നിവരാണു ഗോവയ്ക്കു വേണ്ടി സ്കോർ ചെയ്തത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ മലയാളി താരം റാഫി (24) നേടി. സ്കോർ: ബ്ലാസ്റ്റേഴ്സ് - 1, ഗോവ - 2.
തുടര്‍ച്ചയായ രണ്ടു പരാജയങ്ങൾക്കു ശേഷം വിജയം മാത്രം ലക്ഷ്യമിട്ടു ഗോവൻ മണ്ണിൽ ബൂട്ടുകെട്ടിയ കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു ആദ്യം മുൻതൂക്കം. മികച്ച ആക്രമണം കാഴ്ചവെച്ച മഞ്ഞപ്പട 24 ാം മിനിട്ടിൽ മലയാളി താരം റാഫിയുടെ ഗോളിലൂടെ മുന്നിലെത്തിയപ്പോൾ ഗോവയിൽ ബ്ലാസ്റ്റേഴ്സിനു പിന്തുണയുമായെത്തിയ ആരാധകർ ആർത്തിരമ്പി. വലതു വശം ചേർന്നു ഭേക്കെ നടത്തിയ മുന്നേറ്റത്തിന് ഒടുവിലാണു ഗോൾ പിറന്നത്. ഭെക്കെ നൽകിയ ക്രോസിനു പോയിന്റ് ബ്ലാങ്ക് റെയ്ഞ്ചിൽ നിന്നു തല വെച്ച റാഫിയ്ക്കു തെല്ലും പിഴച്ചില്ല. പ്രതിരോധനിരക്കാരന്റെ തലയ്ക്കു മുകളിലൂടെ ഗോവൻ ഗോളിയെ നിഷ്പ്രഭമാക്കി പന്ത് ഗോവയുടെ വലയിൽ. സ്കോർ: ബ്ലാസ്റ്റേഴ്സ് - 1, ഗോവ - 0.
ഗോവൻ മണ്ണിൽ വിജയം സ്വപ്നം കണ്ട ബ്ലാസ്റ്റേഴ്സിന്റെ ആഹ്ളാദത്തിനു പക്ഷേ ആദ്യ പകുതിയുടെ അവസാന മിനിട്ടു വരെ മാത്രമേ ആയുസുണ്ടായിരുന്നുള്ളു. 45 ാം മിനിട്ടിൽ ലിയോ മോറ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കുലുക്കി. സ്കോർ: ബ്ലാസ്റ്റേഴ്സ് - 1, ഗോവ - 1.
ആദ്യ പകുതി സമനിലയിൽ പിരിഞ്ഞ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിലും ചില മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല. അതിനിടെ ഗോവ രണ്ടാം ഗോൾ നേടി. 84 ാം മിനിട്ടിൽ ഗ്രിഗറിയാണു ഗോവയ്ക്കായി രണ്ടാം ഗോൾ നേടിയത്. സ്കോർ: ബ്ലാസ്റ്റേഴ്സ് - 1, ഗോവ - 2.
ഗോവ രണ്ടാം ഗോൾ നേടിയതിനു ശേഷം വർധിത വീര്യത്തോടെ പൊരുതിയ ബ്ലാസ്റ്റേഴ്സ് ഗോവൻ ഗോൾമുഖത്ത് തുടരെ ആക്രമണം നടത്തിയെങ്കിലും ഗോളും വിജയവും നേടാനായില്ല. അവസാന വിസിൽ ഊതുമ്പോൾ ഗോവയ്ക്ക് 2-1 വിജയം.



ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി

മഡ്ഗാവ്: നവരാത്രിദിനത്തിലെ പോരാട്ടത്തിലും എവേ മല്‍സരത്തില്‍ വിജയത്തിന്റെ വിദ്യാരംഭം കുറിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. മികച്ച കളി കെട്ടഴിച്ചിട്ടും ഗോളടിക്കാന്‍ കഴിയാതെ പോയ ബ്ലാസ്‌റ്റേഴ്‌സിനെ എഫ്.സി.ഗോവ 2-1ന് മുട്ടുകുത്തിച്ചു. മുഹമ്മദ് റാഫിയുടെ ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെ ബ്രസീല്‍താരം ലിയനാര്‍ഡോ മൗറയും ഗ്രിഗറി അര്‍നോളിനും നേടിയ ഗോളുകളിലാണ് ഗോവ കീഴ്‌പ്പെടുത്തിയത്. വിജയത്തോടെ ഗോവ പത്തുപോയന്റുമായി ഐ.എസ്.എല്‍ പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തി. നാലുപോയന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ആറാംസ്ഥാനത്ത് തുടരുകയാണ്. 
അഞ്ചുമാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോവന്‍ പോരാട്ടത്തിനിറങ്ങിയത്. ഡല്‍ഹിക്കെതിരെ കളിച്ച ടീമില്‍നിന്ന് മാര്‍ക്വീതാരം കാര്‍ലോസ് മര്‍ച്ചേന, പുള്‍ഗ, വിനീത്, മനന്‍ദീപ്‌സിങ്ങ്, ക്രിസ് ഡഗ്നല്‍ എന്നിവരെ ഒഴിവാക്കിയപ്പോള്‍ മുഹമ്മദ് റാഫി, സാഞ്ചസ് വാട്ട്, ജാവോ കൊയിമ്പ്ര, മെഹ്താബ് ഹുസൈന്‍, ബ്രൂണോ പെറോണ്‍ എന്നിവര്‍ ആദ്യ ഇലവനിലിറങ്ങി. ഡഗ്നല്‍-മനന്‍ദീപ് സഖ്യത്തിന് പകരം റാഫി-സാഞ്ചസ് വാട്ട് സഖ്യം വന്നതോടെ തുടക്കത്തിലേ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂടി. മധ്യനിരയില്‍നിന്ന് കാവിന്‍ ലോബോയും ഇവര്‍ക്കൊപ്പം കയറക്കളിക്കാന്‍ തുടങ്ങിയതോടെ തുടക്കംമുതല്‍ ഗോവന്‍ ബോക്‌സിലായിരുന്നു സംഘര്‍ഷം. എന്നാല്‍ സാഞ്ചസ് വാട്ടിന്റെ വേഗത്തെ മെരുക്കാന്‍ ഫ്രഞ്ച്താരം ഗ്രിഗറി അര്‍നോളിനും ബ്രസീലിയന്‍താരം ലൂസിയാനോയും ഇടംവലം നിന്നതോടെ ബോക്‌സിലെത്തുമ്പോഴും പോസ്റ്റിലേക്കുള്ള ബ്ലാസ്‌റ്റേഴ്‌സ് ഷോട്ടുകള്‍ക്ക് വേണ്ടത്ര കൃത്യമാകാനുള്ള അവസരങ്ങള്‍ ഇല്ലാതെപോയി. 
മറുവശത്ത് സ്വന്തം കാണികളുടെ പിന്തുണയുണ്ടായിട്ടും ഫോമിലേക്കുയരാന്‍ കഴിയാതിരുന്ന ഗോവക്ക് ഭാവനാപൂര്‍ണമായ ഒരുനീക്കംപോലും നടത്താനായില്ല. ബ്രസീലിയന്‍താരം റെയ്‌നാള്‍ഡോ-സ്‌കോട്ടിഷ്താരം ഡാരില്‍ ഡഫി സഖ്യത്തിന് ഒരവസരവും നല്‍കാതെ ക്യാപ്റ്റന്‍ റമേജും നാട്ടുകാരനായ മാര്‍ക്കസ് വില്യംസും ഉറച്ചുനിന്നതോടെ ഗോവന്‍ മുന്നേറ്റങ്ങള്‍ പലതും ബോക്‌സിന് വെളിയില്‍തന്നെ അവസാനിച്ചു.


ബ്ലാസ്റ്റേഴ്‌സിനു വീണ്‌ടും 
മഡ്‌ഗാവ്‌: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്‌ടും തോല്‍വി. എഫ്‌സി ഗോവയെ അവരുടെ നാട്ടില്‍ നേരിട്ട കേരളം ഒന്നിനെതിരേ രണ്‌ടു ഗോളുകള്‍ക്കാണു പരാജയപ്പെട്ടത്‌. മുഹമ്മദ്‌ റാഫിയുടെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണ്‌ കേരള കൊമ്പന്‍മാര്‍ കൊമ്പുംകുത്തി വീണത്‌. ലിയോ മൗറയും ഗ്രിഗറിയുമാണു ഗോവയ്‌ക്കുവേണ്‌ടി ഗോള്‍ നേടിയത്‌.

മത്സരത്തില്‍ കേരളമാണ്‌ ആദ്യം മുന്നിലെത്തിയത്‌. 23 -ാം മിനിറ്റില്‍ റാഫിയുടെ ഹെഡറാണു കേരളത്തെ മുന്നിലെത്തിച്ചത്‌. എന്നാല്‍ ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കേ ലിയോ മൗറയിലൂടെ ഗോവ സമനില പിടിച്ചു. രണ്‌ടാം പകുതിയില്‍ സമനില പൂട്ടുപൊട്ടിക്കാന്‍ ഇരുകൂട്ടരും കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ ഗോവ ലക്ഷ്യം കണ്‌ടു. 84 -ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിനു തലവച്ച ഗ്രിഗറി കേരളത്തിനു കനത്ത പ്രഹരമേല്‍പ്പിച്ചു.

തോല്‍വികളില്‍ നിന്ന്‌ തോല്‍വികളിലേക്ക്‌ നീങ്ങുന്ന കേരളത്തിന്‌ അഞ്ചു മത്സരങ്ങളില്‍നിന്നു വെറും നാലു പോയിന്റ്‌ മാത്രമാണു സമ്പാദ്യം. പോയിന്റ്‌ പട്ടികയില്‍ നോര്‍ത്ത്‌ ഈസ്റ്റും മുംബൈയും മാത്രമാണു ബ്ലാസ്റ്റേഴ്‌സിന്റെ പിന്നിലുള്ളത്‌. തോല്‍വിയോടെ കേരളത്തിന്റെ സെമിഫൈനല്‍ മോഹങ്ങള്‍ക്കു മങ്ങലേറ്റ്‌ തുടങ്ങി.




No comments:

Post a Comment