ഫത്തോദ, ഗോവ ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവയെ നേരിടും. ഫത്തോദ നെഹ്റു സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴിനു കിക്കോഫ്. അറ്റ്ലറ്റികോ ഡി കൊൽക്കത്ത, ഡൽഹി ടീമുകളിൽ നിന്നേറ്റ പരാജയം മറന്ന് വിജയവഴിയിൽ തിരിച്ചെത്താനായി ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ നോർത്ത് ഈസ്റ്റിനെ അവരുടെ തട്ടകത്തിൽ 3-1 നു തകർത്തതിന്റെ ആത്മവിശ്വാസത്തിലാണു ഗോവ ബൂട്ടണിയുക.
തുടർച്ചയായ രണ്ടു പരാജയങ്ങളോടെ ആറാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ട ബ്ലാസ്റ്റേഴ്സിനു ഈ സീസണിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമാണ്. ഗ്രിഗറി അർനോലിൻ നേതൃത്വം നൽകുന്ന ഗോവയുടെ പ്രതിരോധ നിര പിളർക്കാൻ കേരള ബ്ലാസ്റ്റേഴ്സിനു കഴിയുമോയെന്നതാണു സംശയം. കാരണം കഴിഞ്ഞ മൂന്നു കളികളിൽ കേരളം എതിർവല ചലിപ്പിച്ചത് ഒരേ ഒരു തവണ മാത്രം.
കേരളത്തിന്റെ ആക്രമണം പ്രധാനമായും മനൻദീപ് സിങ്ങ്, സാഞ്ചസ് വാട്ട് എന്നിവരെ ആശ്രയിച്ചിരിക്കുന്നു. സന്തോഷ് ജിങ്കാനും കൂടി ആക്രമണത്തിനെത്തുന്നതു കേരളത്തിന് ആത്മവിശ്വാസമേകുന്നുവെങ്കിലും ഗോവയെ തകർക്കാൻ ഇതു മതിയാകുമോ എന്നതാണു സംശയം. മികച്ച വിജയത്തോടെ സീസണു തുടക്കം കുറിച്ചെങ്കിലും പിന്നീട് ഓരോ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് പിന്നോട്ടു പോകുന്നതാണു കണ്ടത്.
പ്രതിരോധ നിരയിൽ ബ്രസീലിയൻ താരം ബ്രൂണോ പെറോണിന്റെ സംഭാവന വിലപ്പെട്ടതാണ്. പ്രതിരോധനിരക്കാരനെങ്കിലും ആവശ്യമെങ്കിൽ എതിര്‍വല കുലുക്കാൻ തനിക്കു കഴിയുമെന്ന് എതിർ ഗോൾവല ലക്ഷ്യമാക്കി ഉതിര്‍ത്ത ഏതാനും ഷോട്ടുകളിലൂടെ ബ്രസീലിയൻ താരം വ്യക്തമാക്കിയിട്ടുണ്ട്.
ഗോവയുടെ പ്രധാന ആയുധമാണ് റെയ്നാൾഡോ എന്ന മറ്റൊരു ബ്രസീലുകാരൻ. പ്രായം 36 ആയെങ്കിലും തളരാതെ പോരാടുന്ന ഈ പോരാളിയെ മെരുക്കാൻ ബ്ലാസ്റ്റേഴ്സിന്റെ കൈയ്യിലുള്ള പ്രത്യായുധമാണ് പീറ്റർ റാമേജ്. നാവു കളികളിലും മുഴുവൻ സമയവും മൈതാനത്തുണ്ടായിരുന്ന റാമേജിൽ തന്നെയായിരിക്കും ഇന്നും റെയ്നാൾഡോയെ മെരുക്കുവാനുള്ള ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുക.
നാലു മത്സരത്തിൽ നിന്ന് നാലു പോയിന്റാണു ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ 3-1 നു തകർത്ത് സീസണിനു മികച്ച തുടക്കം കുറിച്ച ബ്ലാസ്റ്റേഴ്സിനെ രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി ഗോൾ രഹിത സമനിലയിൽ കുടുക്കി. തുടർന്നു മൂന്നാം മത്സരത്തിൽ കൊൽക്കത്ത 2-1നും അടുത്ത മത്സരത്തിൽ ഡൽഹി ഏകപക്ഷീയമായ ഒരു ഗോളിനും ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു.
ടീം ഇവരിൽ നിന്ന്
ഗോവ : എലിന്റൺ അൻഡ്രേഡ്, ലൂയിസ് ബരേറ്റോ, ലക്ഷ്മീകാന്ത് കാട്ടിമണി, മാര്‍ക്വീ താരം ലൂസിയോ, ഗ്രിഗറി അർണോലിൻ, ലൂസിയാനോ സൊബ്രോസ, കീനൻ അൽമേഡ, കൊളാക്കോ, രാജു ഗെയ്ക്ക്‌വാദ്, ദേവ്ബ്രത റോയ്, നാരായൺ ദാസ്, ജോഫ്രെ മാട്ടു ഗോൺസാലസ്, ലിയോ മോറ, ജോനാട്ടൻ ലൂക്കാ, ഡെൻസൺ ദേവ്ദാസ്, പ്രോണെയ് ഹെൾഡർ, ബിക്രംജിത് സിങ്, മന്ദർ റാവു ദേശായി, റോമിയോ ഫെർണാണ്ടസ്, റെയ്നാൾഡോ, ഒലിവെയ്റ, ഡാരിൽ ടഫി, ഹവോക്കിപ്, വിക്ടോറിണോ ഫെര്‍ണാണ്ടസ്, ജോക്വിം അബ്രാഞ്ചെസ്, സി.എസ്. സബീത്.
കേരള ബ്ലാസ്റ്റേഴ്സ് : സ്റ്റീവൻ ബെയ്‌വാട്ടർ, രാഹുൽ ശങ്കർ ഭേക്കെ, രമൺദീപ് സിങ്, പീറ്റർ റാമേജ്, കാർലോസ് മർച്ചേന (മാർക്വീ താരം), കെവിൻ ലോബൊ, ജോവോ കോയിംബ്ര, ക്രിസ് ഡാഗ്‌നൽ, മുഹമ്മദ് റാഫി, ഇഷ്ഫാഖ് അഹമ്മദ്, ഷങ്കർ എസ്, സി കെ വിനീത്, മെഹ്താബ് ഹുസൈൻ, സന്ദേശ് ജിങ്കാൻ, സാഞ്ചെസ് വാട്ട്, ഗുർവിന്ദർ സിങ്, മനൻദീപ് സിങ്, അന്റോണിയോ ജർമൻ, ബ്രൂണോ പെറോണ്‍, സന്ദീപ് നാൻഡി, സൗമിക് ദേ, മാർകസ് വില്യംസ്, പീറ്റർ കർവൾഹോ, വിക്ടർ ഹെറെറോ ഫോർകാഡ, ജോസു കൂരിയസ്, ഷിൽട്ടൺ പോൾ.
No comments:
Post a Comment