Saturday, October 10, 2015

Match 8 : KBFC Vs MCFC

കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ മുംബൈ എഫ്‌സിയുടെ സമനിലപ്പൂട്ട്‌ (0-0)















കൊച്ചി 
ഐഎസ്‌എല്‍ രണ്ടാം പതിപ്പിലെ രണ്ടാം മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ മുംബൈ എഫ്‌സിയുടെ സമനിലപ്പൂട്ട്‌ (0-0) മൂടിക്കെട്ടിയ ആകാശത്തിന്‌ കീഴെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തിനായി ആര്‍ത്തു വിളിച്ച 61,000ല്‍ അധികം വരുന്ന കാണികളെ സാക്ഷി നിര്‍ത്തിയായിരുന്നു മുംബൈ സിറ്റി എഫ്‌സിക്കെതിരായ കേരളത്തിന്റെ സമനിലക്കളി. ഇതോടെ രണ്ടു കളികളില്‍നിന്ന്‌ കേരളത്തിന്‌ നാലു പോയിന്റായി. ആദ്യ മല്‍സരം തോറ്റ മുംബൈയ്‌ക്ക്‌ ഒരു പോയിന്റും. മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ പ്രോത്സാഹനമേകാന്‍ ഇന്ന്‌ സ്‌റ്റേഡിയത്തിലേക്ക്‌ ഒഴുകിയെത്തിയത്‌ 61,483 കാണികളാണഅവസാന നിമിഷങ്ങളില്‍ ഇരുടീമുകളും മാറിമാറി ഇരുഗോള്‍മുഖങ്ങളിലും കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും സമനിലക്കെട്ട്‌ പൊട്ടിക്കാനായില്ല. മുംബൈയുടെ മിക്ക ആക്രമണങ്ങളുടെയും കുന്തമുനയായി തിളങ്ങിയത്‌ ഹെയ്‌തി താരം സോണി നോര്‍ദെ ആയിരുന്നു. നോര്‍ദെ പന്തു തൊട്ടപ്പോഴെല്ലാം കേരളാ ഗോള്‍മുഖം വിറച്ചു. സുഭാഷ്‌ സിങ്ങിനൊപ്പം നോര്‍ദെ നടത്തിയ ആക്രമണങ്ങള്‍ പലപ്പോഴും ഗോളിനടുത്തെത്തിയെങ്കിലും പ്രതിരോധം കാത്ത ഗുര്‍വീന്ദര്‍റാമേജ്‌ബ്രൂണോ സഖ്യം പിടിച്ചുനിന്നു. ഗോളി ബൈവാട്ടറും ബാറിന്‌ കീഴില്‍ മികവോടെ കളിച്ചു. പിക്വിയോണിന്‌ മുന്നില്‍ ഇവര്‍ പതറിയ അവസരത്തില്‍ ഗോള്‍പോസ്റ്റും കേരളത്തിന്‌ രക്ഷയായി. കളിയുടെ അന്ത്യനിമിഷങ്ങളില്‍ പിക്വിയോണിനെ ബോക്‌സിനുള്ളില്‍ ഗുര്‍വീന്ദര്‍ വീഴ്‌ത്തിയെങ്കിലും റഫറി പെനല്‍റ്റി വിളിക്കാഞ്ഞത്‌ കേരളത്തിന്‌ രക്ഷയായി.എട്ടു ഷോട്ടുകള്‍ ഗോള്‍ ലക്ഷ്യമാക്കി തൊടുത്ത മുംബൈ ആയിരുന്നു ആക്രമണത്തില്‍ മികച്ചുനിന്നത്‌. അതേസമയം, കേരള ബ്ലാസ്‌റ്റേഴ്‌സ്‌ മൂന്നു തവണ മുംബൈ ഗോള്‍മുഖം ലക്ഷ്യംവച്ചപ്പോള്‍ മൂന്നെണ്ണം പുറത്തു പോയി. മുംബൈയുടെ നാലു ഷോട്ടുകളും ഗോളില്‍നിന്നകന്നു പോയി.

ആദ്യപകുതിയില്‍ തുടര്‍ച്ചയായ ആക്രമണങ്ങളുമായി അരങ്ങുകൊഴുപ്പിച്ചത്‌ മുംബൈ ആയിരുന്നെങ്കില്‍ ഇടതടവില്ലാത്ത ആക്രമണങ്ങളുമായി കേരളവും രണ്ടാം പകുതിയില്‍ വരവറിയിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കഴിഞ്ഞ കളിയിലേതിന്‌ സമാനമായി 5-3-2 ശൈലിയില്‍ ടീമിനെ വിന്യസിച്ചപ്പോള്‍ 4-4-2 ശൈലിയിലായിരുന്നു മുംബൈ ടീം കളത്തിലിറങ്ങിയത്‌. മുന്നേറ്റ നിരയില്‍ ക്രിസ്‌ ഡാഗ്‌നലിനൊപ്പം മനന്‍ദീപ്‌ സിങ്‌. മുംബൈ എഫ്‌സിയാകട്ടെ സോണി നോര്‍ദയെയും സുഭാഷ്‌ സിങ്ങിനെയും ആക്രമണത്തിന്‌ നിയോഗിച്ചു.

മുംബൈ സിറ്റിയുടെ ആക്രമണത്തോടെയാണ്‌ മല്‍സരം തുടങ്ങിയത്‌. ആക്രമണമാണ്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഏറ്റവും മികച്ച പ്രതിരോധമെന്ന തിരിച്ചറിവില്‍ ഹെയ്‌തി താരം സോണി നോര്‍ദെയുടെ നേതൃത്വത്തില്‍ മുംബൈ ടീം കേരളാ ഗോള്‍മുഖത്ത്‌ തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ടു. 2ാം മിനിറ്റില്‍ത്തന്നെ മുംബൈയ്‌ക്ക്‌ മല്‍സരത്തിലെ ആദ്യ ഗോളവസരം ലഭിച്ചു. കേരള പ്രതിരോധം അതിവിദഗ്‌ധമായി ഈ നീക്കത്തിന്‌ തടയിട്ടു. പിന്നാലെ അഞ്ചാം മിനിറ്റില്‍ ഗബ്രിയേല്‍ ഫെര്‍ണാണ്ടസ്‌ തൊടുത്ത ഷോട്ട്‌ ബാറിന്‌ മുകളിലൂടെ പറന്നു.

അലകടലായെത്തിയ മുംബൈ ആക്രമണങ്ങള്‍ ശക്തിപ്രാപിച്ചതോടെ പന്ത്‌ കൈവശംവച്ച്‌ കളിക്കാനായി കേരളത്തിന്റെ ശ്രമം. 11ാം മിനിറ്റില്‍ പെനല്‍റ്റി ബോക്‌സിന്‌ പുറത്ത്‌ നോര്‍ദയെ ഗുര്‍വീന്ദര്‍ വീഴ്‌ത്തിയതിനെത്തുടര്‍ന്ന്‌ മുംബൈ സിറ്റിക്ക്‌ അനുകൂലമായി ഫ്രീകിക്ക്‌. നോര്‍ദയെടുത്ത ഫ്രീകിക്ക്‌ ബൈവാട്ടര്‍ സമര്‍ഥമായി കൈയിലൊതുക്കി.

15ാം മിനിറ്റില്‍ കേരളം ആദ്യ ഗോള്‍ മണത്തു. ആദ്യ കളിയില്‍ രണ്ടു ഗോളുകള്‍ക്ക്‌ വഴിവച്ച രാഹുല്‍ ഭേക്കെയുടെ ത്രോ ഇന്‍. കോര്‍ണര്‍ഫലം നല്‍കാറുള്ള ഭേക്കെയുടെ ത്രോ മുംബൈ ഗോള്‍മുഖത്ത്‌ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന്‌ കരുതിയെങ്കിലും പന്ത്‌ സ്വന്തമാക്കാനുള്ള ശ്രമത്തില്‍ ബ്രൂണോ പെറോണ്‍ ഒഡിയയെ വീഴ്‌ത്തിയതോടെ മുംബൈയ്‌ക്ക്‌ ഗോള്‍കിക്ക്‌. 18ാം മിനിറ്റില്‍ സ്‌റ്റേഡിയം നിറഞ്ഞെത്തിയ ആരാധകരെ ആവേശത്തിലാഴ്‌ത്തി കേരളം ഗോളിനടുത്തെത്തി. ബോക്‌സിന്‌ ഏറെ പുറത്തുനിന്നും മധ്യനിര താരം പുള്‍ഗയുടെ ഷോട്ട്‌ മഴവില്ലഴകോടെ വളഞ്ഞുപുളഞ്ഞ്‌ മുംബൈ പോസ്റ്റിലേക്കെത്തിയെങ്കിലും മുംബൈ ഗോഴി മജുംദാര്‍ അത്‌ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. കോര്‍ണര്‍ പക്ഷേ അപകടമൊന്നും സൃഷ്ടിച്ചുമില്ല.

25ാം മിനിറ്റില്‍ മലയാളി താരം വിനീതിനെ ശിരോദ്‌കര്‍ വീഴ്‌ത്തിയതിനെ തുടര്‍ന്ന്‌ കേരളത്തിന്‌ അനുകൂലമായി ഫ്രീകിക്ക്‌. ബ്രൂണോ പെറോണിന്റെ ദുര്‍ബലമായി ഷോട്ട്‌ പുറത്ത്‌. പിന്നാലെ, കേരളാ ഗോള്‍മുഖത്ത്‌ വീണ്ടും നോര്‍ദയുടെ നേതൃത്വത്തില്‍ ആക്രമണം. ബൈവാട്ടര്‍ രക്ഷകനായി. 35ാം മിനിറ്റില്‍ പുള്‍ഗയില്‍ നിന്നും ക്രിസ്‌ ഡാഗ്‌നല്‍ വഴിയെത്തിയ പന്തില്‍ സി.കെ. വിനീതിന്റെ ബൈസിക്കിള്‍ കിക്ക്‌. പന്ത്‌ പക്ഷേ പുറത്തേക്ക്‌ പോയി. പിന്നാലെ, 38ാം മെഹ്‌താബില്‍ നിന്നും തട്ടിയെടുത്ത പന്തുമായി കേരളാ ബോക്‌സിലേക്ക്‌ നോര്‍ദയുടെ മിന്നല്‍നീക്കം. ഓട്ടത്തിനിടെ തൊടുത്ത കനത്ത ഷോട്ട്‌ ബൈവാട്ടര്‍ കൈയിലൊതുക്കി. 45ാം മിനിറ്റില്‍ വീണ്ടും നോര്‍ദെ. വലംകാല്‍ ഷോട്ടിന്‌ കേരളാ ക്യാപ്‌റ്റന്‍ പീറ്റര്‍ റാമേജിന്റെ തടയിട്ടഅധികസമയത്ത്‌ കേരളാ ഗോള്‍മുഖം ലക്ഷ്യമാക്കി മുന്നേറിയ സുഭാഷ്‌ സിങ്ങിനെ പീറ്റര്‍ റാമേജ്‌ ബോക്‌സിനുള്ളില്‍ വീഴ്‌ത്തി. പെനല്‍റ്റിക്ക്‌ സാധ്യതയുണ്ടായിരുന്നെങ്കിലും കളി തുടരാന്‍ റഫറിയുടെ നിര്‍ദേശം. ആദ്യ കളിയിലേതിന്‌ സമാനമായി ഗോള്‍രഹിതമായി ആദ്യപകുതി.

ഇരുവിങ്ങുകളിലുമായി വിനീതിനെയും രാഹുല്‍ ഭേക്കെയേയും ആക്രമണത്തിന്‌ നിയോഗിച്ചാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കോച്ച്‌ ടീമിനെ രണ്ടാം പകുതിയില്‍ കളത്തിലിറക്കിയത്‌. ആ നീക്കം ഫലം കണ്ടു. വിങ്ങുകളിലൂടെ മുംബൈ ഗോള്‍മുഖത്തേക്ക്‌ കൂടുതലായി പന്തെത്തി തുടങ്ങി. 52ാം മിനിറ്റില്‍ ക്രിസ്‌ ഡാഗ്‌നലിനെതിരെ പരുക്കന്‍ അടവു പുറത്തെടുത്ത മുംബൈ ക്യാപ്‌റ്റന്‍ ഫ്രാന്റ്‌സ്‌ ബെര്‍ടിന്‍ മഞ്ഞക്കാര്‍ഡ്‌ കണ്ടു. ചുവപ്പു കാര്‍ഡ്‌ നല്‍കാമായിരുന്ന ഫൗളായിരുന്നെങ്കിലും റഫറി മഞ്ഞക്കാര്‍ഡില്‍ ശിക്ഷയൊതുക്കി. കേരളത്തിന്‌ അനുകൂലമായി ഫ്രീകിക്കും വിധിച്ചു. പുള്‍ഗ ഉയര്‍ത്തി വിട്ട പന്തില്‍ റാമേജിന്റെ ദുര്‍ബലമായ ഷോട്ട്‌ ഗോളി കൈയിലൊതുക്കി.

56ാം മിനിറ്റില്‍ കേരളത്തിന്റെ തകര്‍പ്പന്‍ മുന്നേറ്റം. മധ്യനിരയില്‍ നിന്നും പന്തുമായി കുതിച്ച മെഹ്‌താബ്‌ ഹുസൈന്‍ പാസ്‌ നല്‍കുന്നതിന്‌ പകരം ഉയര്‍ത്തിയടിച്ച പന്ത്‌ പുറത്തു പോയി. ക്രിസ്‌ ഡാഗ്‌നലും മനന്‍ദീപ്‌ സിങ്ങും നില്‍ക്കെ പാസ്‌ നല്‍കുന്നതിന്‌ പകരം ഷോട്ടിനുപോയ മെഹ്‌താബിനുനേരെ മൈതാനത്തിന്‌ പുറത്ത്‌ പീറ്റര്‍ ടെയ്‌ലറിന്റെ രോഷപ്രകടനം. തൊട്ടുപിന്നാലെ മനന്‍ദീപിനെ മാറ്റി മുന്നേറ്റത്തിലേക്ക്‌ ഇഷ്‌ഫാഖ്‌ അഹമ്മദിനെ കൊണ്ടുവന്ന്‌ പീറ്റര്‍ ടെയ്‌ലറിന്റെ പുതിയ പരീക്ഷണം. പിന്നാലെ മുംബൈ നിരയിലും രണ്ടുമാറ്റം.

അതിനിടെ, ഇഷ്‌ഫാഖ്‌ അഹമ്മദ്‌ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും മുംബൈ ഗോള്‍മുഖത്തെത്തിയപ്പോഴേക്കും എല്ലാം ദുര്‍ബലമായി. 72ാം മിനിറ്റില്‍ ഡാഗ്‌നലിനെ മാറ്റി പകരം സാഞ്ചസ്‌ വാട്ടിനെ കൊണ്ടുവന്ന്‌ പീറ്റര്‍ ടെയിലറിന്റെ അടുത്ത പരീക്ഷണം. പിന്നാലെ പുള്‍ഗയ്‌ക്ക്‌ പകരം കോയിമ്പ്രയും കളത്തില്‍. 75ാം മിനിറ്റില്‍ ഇഷ്‌ഫാഖ്‌ ഒറ്റയാന്‍ മുന്നേറ്റത്തിനൊടുവില്‍ തൊടുത്ത ഷോട്ട്‌ ബോക്‌സിനുള്ളില്‍ സിമോസ്‌ തടഞ്ഞു. 80ാം മിനിറ്റില്‍ സാഞ്ചസ്‌ വാട്ടിന്റെ തകര്‍പ്പന്‍ മുന്നേറ്റം. കഴിഞ്ഞ മല്‍സരത്തില്‍ ഗോള്‍ നേടിയതിന്‌ സമാനമായ ഒന്ന്‌. മുംബൈ ഗോളി അത്‌ വീണുകിടന്ന്‌ തടഞ്ഞു.

ഇതിന്‌ശേഷമായിരുന്നു കളിയില്‍ മുംബൈ ഗോളിന്‌ ഏറ്റവും അടുത്തെത്തിയ നീക്കം. പിക്വിയോണിന്റെ ഷോട്ട്‌ പക്ഷേ പോസ്റ്റില്‍ത്തട്ടി തെറിച്ചു. ഇതിന്‌ പിന്നാലെ മറ്റൊരു മുന്നേറ്റത്തിനുള്ള ശ്രമത്തിനിടെ പിക്വിയോണിനെ ബോക്‌സില്‍ ഗുര്‍വീന്ദര്‍ വീഴ്‌ത്തിയെങ്കിലും റഫറിയത്‌ വെറുതെ വിട്ടു. ഇരുടീമിന്‌റെയും ഗോളടിക്കാനുള്ള ശ്രമങ്ങള്‍ പാളിയതോടെ മല്‍സരം ഗോള്‍രഹിത സമനിലയില്‍

No comments:

Post a Comment