Thursday, October 22, 2015

മര്‍ച്ചേന, ജിങ്കാന്‍, വിനീത് ആദ്യ ഇലവനില്‍; ആവേശപ്പോരാട്ടത്തിനു കളമൊരുങ്ങി

കൊച്ചി∙ പരീക്ഷണ കാലം കഴിഞ്ഞു. ഡല്‍ഹി ഡൈനാമോസിനെതിരായ ഇന്നത്തെ മല്‍സരം മുതല്‍ മലയാളികളുടെ സ്വന്തം കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ യഥാര്‍ഥ പരീക്ഷ തുടങ്ങുകയാണ്. സീസണിലെ മൂന്നു മല്‍സരങ്ങള്‍ പിന്നിടുമ്പോള്‍ വിജയം, സമനില, തോല്‍വി എന്നിങ്ങനെ 'സമ്മിശ്ര പ്രകടന'വുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് സീസണിലെ മൂന്നാം ഹോം മല്‍സരത്തിനായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇറങ്ങുന്നത്. നിലവില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ പുണെ സിറ്റി എഫ്‌സിയെ തോല്‍പ്പിച്ചെത്തുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡൈനാമോസാണ് ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.
ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേന, പ്രതിരോധ നിര താരം സന്ദേശ് ജിങ്കാന്‍, കാവിന്‍ ലോബോ, മലയാളി താരം സി.കെ. വിനീത് എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടി. ദേശീയ ടീം ക്യാംപിലായിരുന്ന ഐഎസ്എല്‍ പ്രഥമ സീസണിലെ താരോദയം സന്ദേശ് ജിങ്കാനും, കാവിന്‍ ലോബോയും പരുക്കിന്റെ പിടിയിലായിരുന്ന മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേനയും മടങ്ങിയെത്തുന്നത് ബ്ലാസ്‌റ്റേഴ്‌സ് നിരയ്ക്ക് ആത്മവിശ്വാസം പകരും. സീസണില്‍ ഇരുവരുടെയും ആദ്യ മല്‍സരമാണിത്. അതേസമയം, മലയാളി താരം അനസ് എടത്തൊടിക ഡല്‍ഹിയുടെ പ്ലേയിങ് ഇലവനിലും സ്ഥാനം നേടി.
ആദ്യ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച് ആര്‍ഭാടമായി സീസണിന് തുടക്കം കുറിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പക്ഷേ തുടര്‍ന്ന് നടന്ന രണ്ടു മല്‍സരങ്ങളിലും സമനിലയും തോല്‍വിയും വഴങ്ങി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. പ്രഥമ സീസണിലെ റണ്ണേഴ്‌സ് അപ്പുകളായ ബ്ലാസ്റ്റേഴ്‌സിന് ഈ സീസണിലും കിരീട പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്നു വിജയം അനിവാര്യമാണ്.
ഫുട്‌ബോള്‍ ഇതിഹാസം പെലെയെ സാക്ഷി നിര്‍ത്തി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് സീസണിലെ ആദ്യ തോല്‍വി വഴങ്ങിയ ശേഷമാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് 'വീട്ടിലേക്ക്' മടങ്ങിയെത്തുന്നത്. കൊച്ചിയില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ സമനില വഴങ്ങേണ്ടി വന്നെങ്കിലും മഞ്ഞക്കടലിരമ്പം തീര്‍ത്ത് ആര്‍ത്തു വിളിക്കുന്ന അരലക്ഷത്തിലധികം വരുന്ന സ്വന്തം കാണികളുടെ മുന്നില്‍ കലൂരിലെ ഭാഗ്യ മൈതാനത്തിന്റെ സകല ആനുകൂല്യങ്ങളും മുതലാക്കി വിജയവഴിയിലേക്ക് മടങ്ങാന്‍ ഉറച്ചാകും ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇന്ന് സ്വന്തം മൈതാനത്തിറങ്ങുക.
കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേയിങ് ഇലവന്‍
സ്റ്റീഫന്‍ ബൈവാട്ടര്‍ (ഗോള്‍കീപ്പര്‍), പീറ്റര്‍ റാമേജ് (ക്യാപ്റ്റന്‍), മാര്‍ക്കസ് വില്യംസ്, രാഹുല്‍ ഭേക്കെ, സന്ദേശ് ജിങ്കാന്‍, സി.കെ. വിനീത്, ക്രിസ് ഡാഗ്നല്‍, കാര്‍ലോസ് മര്‍ച്ചേന, മനന്‍ദീപ് സിങ്, പുള്‍ഗ, കാവിന്‍ ലോബോ
ഡല്‍ഹി ഡൈനാമോസ്
റോബിന്‍ സിങ്, കാര്‍ഡോസോ, ഹാന്‍സ് മുള്‍ഡര്‍, ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസ്, അന്റോണിയോ സന്റാന (ഗോള്‍കീപ്പര്‍), തോച് വാങ്, മലൂദ, ഗുസ്താവോ ഡോസ് സാന്റോസ്, സൗവിക് ചക്രവര്‍ത്തി, ജോണ്‍ റീസെ, അനസ് എടത്തൊടിക.

No comments:

Post a Comment