മെന്‍ഡോസ ഗോവയെ മുക്കിചെന്നൈയിന് ആദ്യ ജയം
ഫത്തോര്‍ദ > കൊളംബിയക്കാരന്‍ സ്റ്റീവന്‍ മെന്‍ഡോസ ഫത്തോര്‍ദ സ്റ്റേഡിയത്തില്‍ എഫ്സി ഗോവയെ നിലംപരിശാക്കി. രണ്ടു കളിയില്‍ ജയമില്ലാതെ പരുങ്ങിയ ചെന്നൈയിന്‍ എഫ്സി മെന്‍ഡോസയുടെ ഹാട്രിക്ബലത്തില്‍ മറുപടിയില്ലാത്ത നാലു ഗോളിന് ഗോവയെ തുരത്തി ഗംഭീരമായി തിരിച്ചുവന്നു. തുടര്‍ച്ചയായി മൂന്നാംമത്സരം കളിക്കുന്ന ഗോവന്‍താരങ്ങള്‍ തളര്‍ന്നപ്പോള്‍ ഏകപക്ഷീയമായി ചെന്നൈയിന്‍കളി സ്വന്തമാക്കി. ഞെട്ടിപ്പിക്കുന്ന തോല്‍വിയാണ് സ്വന്തംകാണികള്‍ക്കുമുന്നില്‍ സീക്കോയും സംഘവും ഏറ്റുവാങ്ങിയത്.
മെന്‍ഡോസയും എലാനോയും ഉള്‍പ്പെടെയുള്ള മുന്നേറ്റത്തിന്റെ കളിയായിരുന്നു ഫത്തോര്‍ദയില്‍. മുന്‍ ബ്രസീല്‍താരം നയിക്കുന്ന ഗോവന്‍പ്രതിരോധത്തിന് ഒന്നിന്നും ഉത്തരമുണ്ടായില്ല. മെന്‍ഡാസയുടെ വേഗത്തിനൊപ്പം ഓടിയെത്താന്‍ ഗോവന്‍പ്രതിരോധം നന്നേ കഷ്ടപ്പെട്ടു. മെന്‍ഡോസ പന്തുമായി മുന്നേറിയപ്പോഴെല്ലാം പ്രതിരോധം തകര്‍ന്നു. ഒരു ഗോള്‍ നേടിയ എലാനോയും മത്സരത്തില്‍ നിറഞ്ഞുകളിച്ചു. ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഒമ്പതു തവണയാണ് ചെന്നൈയിന്‍ ലക്ഷ്യത്തിലേക്ക് ഷോട്ട് തൊടുത്തത്. ഇതില്‍ രണ്ടെണ്ണം വലയിലെത്തി. മറുവശത്ത് റോമിയോ ഫെര്‍ണാണ്ടസും മന്ദര്‍ ദേശായിയും നിറംകെട്ടു.
ജോഫ്രി മാത്രമായിരുന്നു ഗോവന്‍നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. എലാനോ മധ്യനിരയില്‍നിന്നും തള്ളിക്കൊടുത്ത പന്തുമായി മുന്നേറിയാണ് മെന്‍ഡോസ ആദ്യ ഗോളിട്ടത്. ഗോവന്‍പ്രതിരോധത്തിന് മെന്‍ഡോസയുടെ പിന്നാലെ ഓടാനേ കഴിഞ്ഞുള്ളൂ. ഗോള്‍വരയ്ക്ക് മുന്നില്‍ തടയാനുള്ള ദുര്‍ബലശ്രമവും പാഴായി. ഇടവേളയ്ക്കു പിരിയുന്നതിന് തൊട്ടുമുമ്പ് എലാനോ ലക്ഷ്യംകണ്ടു. മൂന്നാംഗോളിനും ഈ ബ്രസീലുകാരന്‍തന്നെ വഴിയൊരുക്കി. ഇക്കുറി ഇടതുവശത്തേക്കാണ് എലാനോ പന്ത് തള്ളിക്കൊടുത്തത്. തകര്‍പ്പന്‍ ഷോട്ടിലൂടെ കൊളംബിയക്കാരന്‍ വല കുലുക്കി. നാലാമത്തെ ഗോളിന് ബ്രൂണോ പെലിസാറി വഴിയൊരുക്കി. പെലിസാറിയുടെ ബോക്സിനകത്തേക്കുള്ള ക്രോസ് വലയിലേക്ക് കുത്തിയിട്ട് മെന്‍ഡോസ ഹാട്രിക്കും ചെന്നൈയിന്‍ ജയവും പൂര്‍ത്തിയാക്കി.


No comments:
Post a Comment