Wednesday, October 28, 2015

Match 23: Mumbai City FC 5 - 1 NorthEast United F

നോർത്ത് ഈസ്റ്റിനെ ഗോൾമഴയിൽ മുക്കി മുംബൈ (5-1); ഛേത്രിക്ക് ഹാട്രിക്ക്

മുംബൈ∙ തുടർച്ചയായ മൂന്നാം മൽസരത്തിലും മുംബൈയുടെ മണ്ണിൽ ഭാഗ്യതാരമായി ഉദിച്ചുയർന്ന ഇന്ത്യൻ ദേശീയ ടീം നായകൻ സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ മുംബൈ സിറ്റി എഫ്സിക്ക് തകർപ്പൻ വിജയം. മൽസരത്തിന്റെ 25, 40, 48 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകൾ. പെനൽറ്റിയിൽ നിന്നായിരുന്നു ഛേത്രിയുടെ രണ്ടു ഗോളുകൾ. ഐഎസ്എല്ലിൽ ഒരു ഇന്ത്യൻ താരം നേടുന്ന ആദ്യ ഹാട്രിക്കാണിത്.
57-ാം മിനിറ്റിൽ ഛേത്രി തൊടുത്ത ഷോട്ട് ക്രോസ് ബാറിൽത്തട്ടി തെറിച്ചത് മൽസരത്തിലെ നാലാം ഗോൾ നേടാനുള്ള അവസരം ഇന്ത്യൻ താരത്തിന് നഷ്ടമാക്കി. ഇതുൾപ്പെടെ മൂന്ന് ഉറച്ച അവസരങ്ങൾ ഗോളിന് മുന്നിൽ ഛേത്രി പാഴാക്കുകയും ചെയ്തു. സീസണിലെ മൂന്നാം വിജയത്തോടെ 10 പോയിന്റുമായി മുംബൈ സിറ്റി എഫ്സി പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. നോർത്ത് ഈസ്റ്റ് ആകട്ടെ ഏഴാം സ്ഥാനത്ത് തുടരുന്നു. നാലു പോയിന്റുള്ള കേരളാ ബ്ലാസ്റ്റേഴ്സ് മാത്രമെ അവർക്ക് പിന്നിലുള്ളൂ.
ഇന്ത്യൻ സൂപ്പർ ലീഗിൽ നാലാമത്തെ മാത്രം മൽസരം കളിക്കുന്ന സുനിൽ ഛേത്രി ആറു ഗോളുകളുമായി ചെന്നൈയിൻ എഫ്സിയുടെ സ്റ്റീവൻ മെ‍ൻഡോസയ്ക്കൊപ്പം ലീഗിലെ ടോപ് സ്കോറർ സ്ഥാനത്തുമെത്തി. ഛേത്രിയുടെ മുന്നേറ്റ നിര പങ്കാളിയായ ഹെയ്തി താരം സോണി നോർദെയുടെ വകയായിരുന്നു മുംബൈയുടെ നാലാം ഗോൾ (51). അഞ്ചാം ഗോൾ ഫ്രാന്റ്സ് ബെർട്ടിൻ (86) നേടി. നോർത്ത് ഈസ്റ്റ് യുണൈറ്റ‍ഡിന്റെ ആശ്വാസ ഗോൾ ബോയ്താങ് ഹിക്കോപ്പ് (29) സ്വന്തമാക്കി.
തുടർച്ചയായ മൂന്നാം മൽസരത്തിലും മുന്നേറ്റത്തിൽ സോണി നോർദെ - സുനിൽ ഛേത്രി സഖ്യം ക്ലിക്കായതാണ് മുംബൈ വിജയത്തിൽ നിർണായകമായത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച മുംബൈ 25-ാം മിനിറ്റിൽത്തന്നെ ലീഡെടുത്തു. വലതുവിങ്ങിൽ നിന്നും സുഭാഷ് സിങ് നൽകിയ ക്രോസ് തടയാൻ നോർത്ത് ഈസ്റ്റ് താരം കാർലോസ് ലോപ്പസ് നടത്തിയ ശ്രമം കൈയിൽത്തട്ടിയതിനെ തുടർന്ന് റഫറി പെനൽറ്റി വിധിക്കുകയായിരുന്നു. പന്ത് വലയിലാക്കാൻ പനേങ്കാ കിക്ക് തിരഞ്ഞെടുത്ത ഛേത്രിക്ക് പിഴിച്ചില്ല. വല കാത്ത മലയാളി താരം ടി.പി. രഹനേഷിനെ മറികടന്ന് പന്ത് വലയിൽ.
എന്നാൽ നാലാം മിനിറ്റിനുള്ളിൽത്തന്നെ നോർത്ത് ഈസ്റ്റ് ഗോൾ മടക്കി. ഒരു 'കൈസ്പർശ'മുള്ളതായിരുന്നു മറുപടി ഗോളും. ബോക്സിന് പുറത്ത് ഒ‍ഡിയ പന്ത് കൈകൊണ്ട് തൊട്ടതിനെ തുടർന്ന് നോർത്ത് ഈസ്റ്റിന് അനുകൂലമായി ഫ്രീകിക്ക്. ഹോക്കിപ്പെടുത്ത ഷോട്ട് മുംബൈ ഗോളി സുബ്രതോ പോളിന് ഒരു അവസരവും നൽകാതെ വലയിൽ. ഇന്ത്യൻ ദേശീയ ടീം ഗോളി കൂടിയായ സുബ്രതോ പോളിന്റെ മോശം പ്രകടനങ്ങളിൽ ഒന്ന്. സ്കോർ 1-1.
നോർത്ത് ഈസ്റ്റ് യുണൈറ്റ‍ഡിന് സന്തോഷിക്കാനുള്ള അവസരം പക്ഷേ അവിടെ തീർന്നു. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 40-ാം മിനിറ്റിൽ ഛേത്രിയിലൂടെ മുംബൈ ലീഡെടുത്തു. ഛേത്രി-നോർദെ സഖ്യത്തിന്റെ മുന്നേറ്റത്തിനൊടുവിൽ പന്ത് സുഭാഷ് സിങ്ങിലേക്ക്. ബോക്സിന് മുന്നിലെത്തിയ ഛേത്രിയെ ലക്ഷ്യമാക്കി സുഭാഷ് സിങ്ങിന്റെ സുന്ദരൻ ക്രോസ്. പോസ്റ്റിന്റെ ഇടത്തേമൂലയിലൂടെ പുറത്തേക്ക് പോകുന്ന പന്തിനെ ഗോളിലേക്ക് തിരിച്ചുവിടേണ്ട ചുമതല മാത്രമേ ഛേത്രിക്കുണ്ടായിരുന്നുള്ളൂ. സ്കോർ 2-1.
ഇടവേളയ്ക്ക് ശേഷം മൂന്നാം മിനിറ്റിൽത്തന്നെ ഛേത്രി മൂന്നാം ഗോളും നേടി. മൽസരത്തിലെ 'കൈസ്പർശ'മുള്ള മൂന്നാം ഗോൾ. ബോക്സിനുള്ളിൽ പന്ത് കൈകൊണ്ട് തൊട്ട നോർത്ത് ഈസ്റ്റ് താരം ബിക്കെയാണ് ഗോളിന് ഉത്തരവാദി. മൽസരത്തിലെ രണ്ടാം പെനല്‍റ്റിയെടുത്ത ഛേത്രിക്ക് പിഴച്ചില്ല. സ്കോർ 3-0. പിന്നാലെ രണ്ട് മിനിറ്റിനുള്ളിൽ മുംബൈ ലീഡ് ഉയർത്തി. മുന്നിലേക്ക് ഓടിക്കയറിയ നോർദയെ ലക്ഷ്യമാക്കി അഗ്വിലേറോയുടെ നെടുനീളൻ പാസ്. പന്ത് ഓടിപ്പിടിച്ച നോർദെ രഹനേഷിനെ കാഴ്ചക്കാരനാക്കി പന്ത് വലയിൽ നിക്ഷേപിച്ചു. സ്കോർ 4-1.
പിന്നീടങ്ങോട്ട് അവസരങ്ങളുടെ പെരുമഴയായിരുന്നു. ഛേത്രി തന്നെ പാഴാക്കിയത് മൂന്ന് ഉറച്ച അവസരങ്ങൾ. 56-ാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ഛേത്രി തൊടുത്ത ഷോട്ടിന് ക്രോസ് ബാർ വിലങ്ങു തടിയായപ്പോൾ 78-ാം മിനിറ്റിൽ നോർദെയുടെ ക്രോസ് തലകൊണ്ട് കുത്തി വലയിലിടാനുള്ള ശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. 86-ാം മിനിറ്റിൽ മുംബൈ അഞ്ചാം ഗോളും നേടി. കോർണറിൽ നിന്നും നോർദെ ഉയർത്തി വിട്ട പന്തിൽ ഫ്രാന്റ്സ് ബെർട്ടിന്റെ തകർപ്പൻ ഹെഡർ. സ്കോർ 5-1. തൊട്ടുപിന്നാലെ ഗോളിമാത്രം മുന്നിൽനിൽക്കെ ഛേത്രിക്ക് ലഭിച്ച മറ്റൊരു സുന്ദരൻ ചാൻസ് ഗോളിയുടെ കാലിൽത്തട്ടി തെറിച്ചു.




ഗോളുകളിൽ 'ആറാടി' ഛേത്രി; ഐഎസ്എല്ലിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരം


ഐഎസ്എല്ലിൽ ഇതുവരെ കളിച്ചത് നാലു മൽസരങ്ങൾ. നേടിയ ഗോളുകൾ ആറ്. ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരാനൽപം വൈകിയെങ്കിലും വന്നപ്പോഴിതാ വെടിക്കെട്ട് കളിയുമായി കളം നിറയുകയാണ് ഇന്ത്യയുടെ ദേശീയ ടീം നായകനായ സുനിൽ ഛേത്രി. ലീഗിൽ ആറു മൽസരങ്ങൾ കളിച്ച കേരളാ ബ്ലാസ്റ്റേഴ്സ് ആകെ നേടിയത് ഏഴു ഗോളുകൾ ആണെന്നോർക്കുക! ഇവിടെയാണ് സുനിൽ ഛേത്രിയുടെ വില മനസിലാകുന്നത്. ഫുട്ബോൾ പ്രേമികളെ ത്രസിപ്പിക്കുന്ന പ്രകടനത്തിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെയും സുവർണതാരമായി മാറുകയാണ് ഇന്ത്യയുടെ റെക്കോർഡ് ഗോൾ സ്കോറർ കൂടിയായ സുനിൽ ഛേത്രി. കഴിഞ്ഞ സീസണിൽ കളിക്കാനാകാത്തതിന്റെ ദുഃഖം മുഴുവൻ തീർക്കുന്ന വെടിക്കെട്ട് പ്രകടനം.
ഓരോ തവണ ഛേത്രി പന്തു തൊടുമ്പോഴും അതിലൊരു 'ഇന്റർനാഷനൽ ടച്ച്' ഒളിപ്പിക്കും. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളാക്കി ഛേത്രിയെ മാറ്റുന്നതും ഛേത്രിയുടെ ഈ 'ഇന്റർനാഷനൽ ടച്ചാണ്'. ഐഎസ്എൽ രണ്ടാം പതിപ്പിൽ ഇതുവരെ ആറു വട്ടമാണ് ഛേത്രി ഗോൾവല കുലുക്കിയത്. ഛേത്രിയുടെ വരവോടെ വിജയവഴിയിലേക്കെത്തിയ മുംബൈ സിറ്റി എഫ്സിയുടെ വിജയങ്ങൾക്ക് നട്ടെല്ലായി ഈ ഗോളുകൾ മാറുകയും ചെയ്തു. ഛേത്രിയുടെ നേട്ടത്തിനു കൂടുതൽ നിറച്ചാർത്തേകി നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിനെതിരെ ഹാട്രിക്കും പിറന്നു. ലീഗിലെ ഏതൊരു വിദേശ താരവുമായി കിടപിടക്കുന്ന നേട്ടം.
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പോസ്റ്റർ ബോയ് തന്റെ പ്രതിഭ മങ്ങിയിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. ആറു ഗോളുകളുമായി ഛേത്രിയും ചെന്നൈയിന്റെ മെൻഡോസയുമാണ് ഗോൾ പട്ടികയിൽ ഇപ്പോൾ മുന്നിൽ. ഛേത്രിയുടെ നേട്ടം നാലുകളികളിൽനിന്നും മേൻഡോസയുടേത് ആറു കളികളിൽനിന്നും.
ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം മൽസരത്തിൽ രണ്ടു ഗോളുകൾ വലയ്ക്കുള്ളിലാക്കിയാണ് ഛേത്രി തന്റെ വരവറിയിച്ചത്. ആ ഗോളുകളുടെ ബലത്തിലായിരുന്നു മുംബൈ സിറ്റി എഫ്സിയുടെ സീസണിലെ ആദ്യ വിജയം. മൂന്നാം കളിയിൽ പെനൽറ്റി കിക്ക് വലയ്ക്കുള്ളിലാക്കി മുംബൈയെ മുന്നിലെത്തിക്കാനും ഛേത്രിക്ക് കഴിഞ്ഞു. നാലാം കളിക്കായിരുന്നു ഹാട്രിക് തിളക്കം. സ്പോട് കിക്കുകളിൽനിന്നായിരുന്നു ഒന്നാമത്തെയും മൂന്നാമത്തെയും ഗോളുകൾ. സ്പോട് കിക്ക് വിദഗ്ധരായ വിദേശ താരങ്ങൾ ടീമിലുണ്ടെങ്കിലും ആ ഉത്തരവദിത്തം ഛേത്രിയെ ഏൽപ്പിച്ചത് ടീമിന് ഛേത്രിയിലുള്ള വിശ്വാസത്തിന്റെ തെളിവായി. ഛേത്രി നേടിയ രണ്ടാം ഗോളാകട്ടെ മികച്ചൊരു വോളി ഗോളിന്റെ തിളക്കമാർന്ന ഉദാഹരണവുമായി.
രക്തത്തിൽ ഫുട്ബോൾ പാരമ്പര്യവുമായിട്ടായിരുന്നു ഛേത്രിയുടെ ജനനം. നേപ്പാളി വംശജരായ അച്ഛനും അമ്മയും ഫുട്ബോൾ താരങ്ങൾ. അച്ഛൻ ഇന്ത്യൻ ആർമി ടീമിൽ അംഗം. അമ്മയും ഇരട്ടസഹോദരിയും നേപ്പാൾ വനിതാ ദേശീയ ടീം താരങ്ങൾ. പക്ഷേ അവരെക്കാളേറെ ഛേത്രി മുന്നേറി. രാജ്യാന്തര തലത്തിൽ ഇന്ത്യൻ ഫുട്ബോളിന്റെ മേൽവിലാസമായി ഛേത്രി മാറി. 50 രാജ്യാന്തര ഗോളുകൾ നേടിയ ഏക ഇന്ത്യക്കാരനുമാണ്. രാജ്യത്ത് സാങ്കേതികമായി ഏറ്റവും മികച്ച താരമായാണ് ഛേത്രിയെ ഫുട്ബോൾ വിദഗ്ധർ കണക്കാക്കുന്നത്.

ബഗാനിൽ തുടങ്ങിയ പ്രഫഷനലിസം
2002–03 സീസൺ ദേശീയ ലീഗിൽ മോഹൻ ബഗാനു വേണ്ടി ബൂട്ടണിഞ്ഞായിരുന്നു ഛേത്രിയുടെ പ്രഫഷനൽ അരങ്ങേറ്റം. 2005 പകുതിയോടെ ജെസിടിയിലേക്ക് ചേക്കേറി. അരങ്ങേറ്റ സീസണിൽ മൂന്നു ഗോളുകൾ നേടി. 2006 –07 ൽ മൊത്തം 11 ഗോളുകളാണ് ജെസിടിക്കായി അടിച്ചു കൂട്ടിയത്. ഇന്ത്യയിൽ ഐ–ലീഗ് അവതരിപ്പിക്കപ്പെട്ട ആ വർഷം ക്ലബിനായി ഏഴു ഗോളുകൾ ഛേത്രിയുടെ വകയായി ഉണ്ടായിരുന്നു. 2008ൽ ഇൗസ്റ്റ് ബംഗാളിലും പിന്നീടുള്ള രണ്ടു സീസൺ ഡെംപോ ഗോവയ്ക്കും വേണ്ടി ബൂട്ടുകെട്ടി. തുടർന്ന് ചിരാഗ് യുണൈറ്റഡിലും തന്റെ ആദ്യ ക്ലബായ ബഗാനും വേണ്ടി കളിച്ചു. 2012ൽ പോർച്ചുഗലിലെ സ്പോർട്ടിങ് ക്ലബ് ഡി പോർച്ചുലിന്റെ റിസർവ് ടീമിൽ അംഗമായി.
അടുത്ത വർഷം ലോൺ അടിസ്ഥാനത്തിൽ ചർച്ചിൽ ബ്രദേഴ്സിൽ എത്തി. സ്പോർട്ടിങ് ക്ലബ് ഡി പോർച്ചുഗലിൽനിന്ന് നേരെയെത്തിയത് ഇന്ത്യയിൽ അടിമുടി പ്രഫഷനൽ പാത പിന്തുടരുന്ന ബെംഗളൂ‌രു എഫ്സിയിൽ. ആദ്യ സീസണിൽ 23 കളികളിൽനിന്നായി 14 ഗോളുകൾ നേടുകയും ഏഴു ഗോളുകൾക്ക് വഴിവയ്ക്കുകയും ചെയ്തു. ആ വർഷം ഐഎസ്എൽ തുടങ്ങിയെങ്കിലും താരങ്ങളെ വിട്ടുനൽകാൻ ക്ലബ് തയാറാകാതിരുന്നതിനാൽ ഛേത്രിക്ക് ആദ്യ സീസൺ നഷ്ടമായി. ഐഎസ്എൽ രണ്ടാം സീസണിൽ പങ്കെടുക്കാൻ താരങ്ങൾക്ക് അനുമതി നൽകിക്കൊണ്ടുള്ള ബംഗളൂരു എഫ്സിയുടെ തീരുമാനിച്ചതോടെ ഛേത്രിയെ മുംബൈ എഫ്സി സ്വന്തമാക്കുകയായിരുന്നു.
വിദേശ സ്വപ്നങ്ങൾ
ചേത്രിയുടെ ഫുട്ബോൾ മികവ് വിദേശ ക്ലബുകളിലേക്ക് വഴിതുറക്കുന്നെന്ന വാർത്ത പലവട്ടം പ്രചരിച്ചു. 2008ൽ ഇംഗ്ലണ്ടിലെ ലീഡ്സ്, പോർച്ചുഗൽ രണ്ടാം ഡിവിഷൻ ക്ലബായ സ്റ്റോറി പ്രയ തുടങ്ങിയവ ഛേത്രിയിൽ ആഗ്രഹം പ്രകടപ്പിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. 2009 ൽ യുഎസിലെ മേജർ ലീഗ് സോക്കർ ക്ലബുകളായ ലോസാഞ്ചൽസ് ഗ്യാലക്സി, ഡിസി യുണൈറ്റഡ് എന്നിവ ഛേത്രിയിൽ കണ്ണുവയ്ക്കുന്നെന്നായി വാർത്തകൾ. പക്ഷേ ഛേത്രി ആ വർഷം ഇംഗ്ലണ്ട് ഫുട്ബോൾ ലീഗ് ചാംപ്യൻഷിപ് ടീമായ കവൻട്രി സിറ്റിയിൽ ട്രയൽസിനായി പോയി. എന്നാൽ ട്രയൽസിൽ വേണ്ടപോലെ ശോഭിക്കാൻ കഴിയാത്തതിനാൽ ആ വഴിയും അടഞ്ഞു.
തുടർന്ന് സ്കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബായ കെൽറ്റിക് ഛേത്രിയെ കൂടെക്കൂട്ടുന്നു എന്ന വാർത്തകളും പ്രചരിച്ചു. ഇംഗ്ലണ്ടിലെ ക്വീൻസ് പാർക്ക് റേഞ്ചേഴ്സ് ഛേത്രിയെ ടീമിലെടുക്കുന്നെന്ന വാർത്തകളും ശക്തമായി. എന്നാൽ ഇന്ത്യ ഫിഫ റാങ്കിങ്ങിൽ 70നു താഴെയായതിനാൽ ഛേത്രിക്ക് അവസരം നഷ്ടപ്പെട്ടു. 2010ൽ മേജർ ലീഗ് സോക്കറിലെ കൻസാസ് സിറ്റി വിസാർഡ് ക്ലബുമായി കരാറൊപ്പിട്ടു. ഏഷ്യയ്ക്കു പുറത്തുകളിക്കുന്ന മൂന്നാമത്തെയും മേജർ ലീഗ് സോക്കറിൽ കളിക്കുന്ന ആദ്യത്തെയയും ഇന്ത്യാക്കാരനായി ഛേത്രി. 2011ൽ ഏഷ്യൻ കപ്പിൽ പങ്കെടുക്കേണ്ടതിനാൽ ഛേത്രി ക്ലബ് വിട്ട് ഇന്ത്യയിൽ തിരിച്ചെത്തി.
ഇന്ത്യയ്ക്കായി എന്നും
ക്ലബുകൾക്കായി കളിച്ചപ്പോൾ കിട്ടിയതിനേക്കാൾ പ്രശസ്തി ഇന്ത്യൻ കുപ്പായത്തിൽ ഛേത്രിക്കു ലഭിച്ചു. രാജ്യാന്തര തലത്തിൽ ഇന്ത്യൻ ഫുട്ബോളിന്റെ മുഖമായി ഛേത്രി മാറിയത് വളരെ പെട്ടെന്നാണ്. 2004 സാഫ് ഗെയിംസിൽ പാക്കിസ്ഥാനെതിരെ അണ്ടർ–20 ടീമിൽ കളിച്ചാണ് ഛേത്രിയുടെ ഇന്ത്യൻ അരങ്ങേറ്റം. ഛേത്രിയുടെ ആദ്യ ഇന്റർനാഷനൽ ഗോൾ 2007 നെഹ്റു കപ്പിൽ കംപോഡിയയ്ക്ക് എതിരെയായിരുന്നു. 2008 സാഫ് ഗെയിംസിൽ നോപ്പാളിനെതിരെയും സെമിയിൽ ഭൂട്ടാനെതിരെയും ഗോൾ നേടി. ആ വർഷം തന്നെ നടന്ന എഎഫ്സി ചാലഞ്ച് കപ്പ് ഫൈനലിൽ ഛേത്രിയുടെ ഹാട്രിക്കിന്റെ ബലത്തിൽ ഇന്ത്യ തജിക്കിസ്ഥാനെ തോൽപ്പിച്ച് കപ്പ് നേടി.
2011 ലെ സാഫ് ഗെയിംസിൽ ഇന്ത്യ കപ്പുയർത്തിയപ്പോൾ ഛേത്രിയുടെ ഗോൾപട്ടികയിൽ ഒൻപതു ഗോളുകളാണ് ഉണ്ടായിരുന്നത്. 2007, 11,13,14 വർഷങ്ങളിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പ്ലയർ ഓഫ് ദ് ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്. 2018 റഷ്യ ലോകകപ്പ് യോഗ്യതാമൽസരങ്ങളിൽ ഇന്ത്യയ്ക്കു ശോഭിക്കാനിയല്ലെങ്കിലും എട്ടു മൽസരങ്ങളിൽനിന്ന് ഛേത്രി നാലു ഗോളുകൾ നേടി.



No comments:

Post a Comment