Tuesday, October 13, 2015

Match 10 Atlético de Kolkata 2 - 1 Kerala Blasters FC

വൈകിയുണർന്ന ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോൽവി (2-1)


Captain Borja Fernandez of Atlético de Kolkata shakes hands with Kerala Blasters FC skipper Peter Ramage.
സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ സീസണിലെ ആദ്യ എവേ മൽസരത്തിനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കെതിരെ തോൽവി. ഇതിഹാസ താരം പെലെയെയും സാൾട്ട്‌ലേക്ക് സ്റ്റേ‍ഡിയത്തിൽ തടിച്ചുകൂടിയ 61,000ൽ അധികം വരുന്ന കാണികളെയും സാക്ഷി നിർത്തി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിനെതിരെ കൊൽക്കത്തയുടെ വിജയം. അറാട്ട ഇസൂമി (6-ാം മിനിറ്റ്), ജാവി ലാറ (53) എന്നിവരുടെ വകയായിരുന്നു കൊൽക്കത്തയുടെ ഗോളുകൾ. ഇംഗ്ലീഷ് താരം ക്രിസ് ഡാഗ്നലിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ (80-ാം മിനിറ്റ്). മൽസരത്തിലുടനീളം അധ്വാനിച്ചു കളിക്കുകയും രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയ മുൻ ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂമിന്റെ പ്രകടനവും കൊൽക്കത്തയുടെ വിജയത്തിന് തിളക്കമേറ്റി. അവസാന നിമിഷങ്ങളിൽ കളിയുടെ കടിഞ്ഞാൺ ഏറ്റെടുത്ത ബ്ലാസ്റ്റേഴ്സ് സാഞ്ചസ് വാട്ടിന്റെയും ക്രിസ് ‍ഡാഗ്നലിന്റെയും നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.
ഹോം മൈതാനത്തിന്റെ ആനുകൂല്യം മുതലെടുത്ത് തുടക്കം മുതലെ തകർത്തു കളിച്ച കൊൽക്കത്തയ്ക്കെതിരെ മങ്ങിയ തുടക്കമായിരുന്നു കേരളത്തിന്റേത്. കൊച്ചിയിൽ നടന്ന കഴിഞ്ഞ മൽസരത്തിൽ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ പിടിച്ച മുംബൈ എഫ്സിയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആദ്യ മിനിറ്റുമുതൽ കേരളാ ഗോഴ്‍മുഖത്ത് ആക്രമണം അഴിച്ചുവിട്ട കൊൽക്കത്ത ആറാം മിനിറ്റിൽത്തന്നെ മുന്നിലെത്തി. ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളുടെ കുന്തമുനയായിരുന്ന ഇയാൻ ഹ്യൂം വഴിയെത്തിയ പന്താണ് ആദ്യ ഗോളിന്റെ രൂപത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചു തകർത്തത്. ബോക്സിന് പുറത്തുനിന്നും ബ്ലാസ്റ്റേഴ്സ് പ്രതിരോധം പിളർത്തി ഗയ്‌വിലൻ ഉയർത്തി നൽകിയ പന്ത് ബോക്സിനുള്ളിൽ ഇയാൻ ഹ്യൂമിലേക്ക്. തടയാനെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ കരുത്തൻ ബ്രൂണോ പെറോണിനെ വെട്ടിയൊഴിഞ്ഞ് ഹ്യൂം തൊടുത്ത ഷോട്ട് ഗോളി തടുത്തിട്ടു. പന്ത് നേരെ വന്നത് ഗോളിന് മുന്നിൽ ആളൊഴിഞ്ഞ് നിന്ന കൊൽക്കത്തയുടെ അറാട്ട ഇസുമിയിലേക്ക്. അപകടം മണത്ത പ്രതിരോധനിര താരം ഗുർവീന്ദർ സിങിന് തടയാനാകും മുൻപ് ഇസുമിയുടെ തകർപ്പൻ ഷോട്ട്. ഗോളിയെ നിസഹായനാക്കി പന്ത് വലയിലേക്ക്. സീസണിൽ ഇസുമിയുടെ രണ്ടാം ഗോൾ. സ്കോർ 1-0.
തുടർന്നും ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് നിരന്തരം ആക്രമണം സംഘടിപ്പിച്ച കൊൽക്കത്ത ഏതു നിമിഷവും രണ്ടാം ഗോള്‍ വീഴാമെന്ന പ്രതീതിയുണർത്തി. ഇടവേളയ്ക്ക് ശേഷം എട്ടാം മിനിറ്റിലായിരുന്നു കൊൽക്കത്തയുടെ രണ്ടാം ഗോള്‍. ആദ്യ ഗോളിന് വഴിയൊരുക്കിയ ബ്ലാസ്റ്റേഴ്സ് മുൻ താരം ഹ്യൂം തന്നെയായിരുന്നു രണ്ടാം ഗോളിന്റെയും ശിൽപി. ബോക്സിന് വെളിയിൽ ഹ്യൂമിൽ നിന്നെത്തിയ പാസ് സ്വീകരിച്ച ജാവി ലാറ തടയാനെത്തിയ ബ്രൂണോ പെറോണിനെ വെട്ടിയൊഴിഞ്ഞ് തൊടുത്ത ഷോട്ട് ബൈവാട്ടറിനെ നിസ്സഹായനാക്കി വലയിൽ. ഐഎസ്എൽ രണ്ടാം പതിപ്പിലെ ഇരുപത്തഞ്ചാം ഗോൾ. സ്കോർ 2-0.
70-ാം മിനിറ്റിൽ സൗമിക്കിന് പകരം സി.കെ. വിനീതിനെ കൊണ്ടുവന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ആക്രമണത്തിന്റെ മൂർച്ച കൂട്ടി. പിന്നാലെ, കൊൽക്കത്തയിൽനിന്ന് ആക്രമണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്ത ബ്ലാസ്റ്റേഴ്സ് സാഞ്ചസ് വാട്ടിന്റെ നേതൃത്വത്തിൽ കൊൽക്കത്ത ഗോൾമുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ടതോടെ എപ്പോൾ വേണമെങ്കിലും കേരളം ഗോൾ മടക്കാമെന്ന പ്രതീതിയുണർന്നു. 80-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഗോളെത്തി. ബോക്സിന് പുറത്തുനിന്ന് ക്യാപ്റ്റൻ പീറ്റർ റാമേജ് ഉയർത്തി നൽകിയ പന്ത് ശങ്കർ സാമ്പഗിരാജ് ഗോളിലേക്ക് തൊടുത്തു. ഗോളിലേക്ക് ഉരുണ്ടുപോയ പന്ത് തടയാനെത്തിയ കൊൽക്കത്ത പ്രതിരോധ നിര താരത്തെ മറികടന്ന് ക്രിസ് ഡാഗ്നലിന്റെ ഫൈനൽ ടച്ച്. സ്കോർ 2-1.
അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി കേരളം ശക്തമായി സമ്മർദം ചെലുത്തിയതോടെ കളി ആവേശകരമായി. ഉറച്ച ഏതാനും ഗോൾ അവസരങ്ങൾ കേരളം സൃഷ്ടിച്ചെങ്കിലും ഗോളി ബ്ലാസ്റ്റേഴ്സിന് മുന്നിൽ വിലങ്ങുതടിയായി. ക്രിസ് ഡാഗ്നലിന്റെ ഗോളെന്നുറച്ച മൂന്നിലേറെ അവസരങ്ങളാണ് അവസാന നിമിഷം ഗോളി തടഞ്ഞത്. ആറിലേറെ കോർണറുകൾ വഴങ്ങിയാണ് കൊൽക്കത്ത പ്രതിരോധ നിര ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളുടെ മുനയൊടിച്ചത്. അവസാന നിമിഷം രണ്ടാം മഞ്ഞക്കാർഡ‍് കണ്ട മെഹ്താബ് ഹുസൈൻ പുറത്തുപോയതോടെ 10 പേരുമായാണ് ബ്ലാസ്റ്റേഴ്സ് മൽസരം പൂർത്തിയാക്കിയത്.

           ആരാധകരെ നിരാശയുടെ കയത്തിലാക്കി

പ്രതിരോധത്തിൽ വലിഞ്ഞും മധ്യനിരയിൽ പതറിയും മുന്നേറ്റത്തിൽ ഇഴഞ്ഞും ആരാധകരെ നിരാശയുടെ കയത്തിലാക്കിയ കേരള ബ്ലാസ്റ്റേഴ്സ്, സാൾട്ട് ലേക്കിൽ അതിഥിയായി എത്തിയ പെലെയ്ക്കു മുന്നിൽ തോറ്റു. മനോഹരമായി പന്തും മനസ്സും കൂട്ടിയിണക്കി കളിച്ച അത്‌ലറ്റിക്കോ അർഹിച്ച വിജയം. അത്‌ലറ്റിക്കോ ഡി കൊൽക്കത്ത-2; കേരള ബ്ലാസ്റ്റേഴ്സ്–1. ഐഎസ്എൽ രണ്ടാം സീസണിൽ ബ്ലാസ്റ്റേഴ്സിന് ആദ്യതോൽവി. പെലെ അതിഥിയായ കളി കാണാനെത്തിയത് 61237 പേർ. മൂന്നു കളിയിൽ ഏഴുപോയിന്റുമായി അത്‌ലറ്റിക്കോ ഒന്നാമതെത്തിയപ്പോൾ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു.
മർച്ചേനയോ റാഫിയോ ഒന്നുമല്ല, ഇയാൻ ഹ്യൂമിനെപ്പോലെ കളിയുടെ മനക്കണക്ക് അറിയാവുന്ന ഒരു ടോട്ടൽ ഫുട്ബോളർ കൂടെയില്ല‌ാത്തതാണു ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നമെന്നു വ്യക്തമായ കളി. പ്രതിരോധം ദുർബലമായി. മധ്യനിരയിൽ ഏകോപനം കണ്ടതുമില്ല. ആദ്യപകുതിയിൽ മുന്നിൽക്കിട്ടിയ അവസരം പന്തു തൊടാതെയും രണ്ടാംപകുതിയുടെ അവസാന മിനിറ്റുകളിൽ പിഴവുകൊണ്ടും നശിപ്പിച്ച ക്രിസ് ഡാഗ്നലും ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് ഉത്തരവാദി തന്നെ.
അതേസമയം, ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് കൈവിട്ട ഇയാൻ ഹ്യൂം കൊൽക്കത്തയെ ഏറ്റെടുക്കുന്നതാണു കണ്ടത്. രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയ ഹ്യൂം മധ്യനിര മുതൽ മുന്നേറ്റം വരെ കളി നിയന്ത്രിച്ചു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ കളിച്ച ഹ്യൂമിന്റെ അതേ ഇന്ദ്രജാലം തന്നെയായിരുന്നു അത്‌ലറ്റിക്കോയുടെ ചുവപ്പും വെളുപ്പും കുപ്പായത്തിൽ കൊൽക്കത്തയും കണ്ടത്. ഹ്യൂമിനെ മാർക്ക് ചെയ്ത ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ പീറ്റർ റമേജിന്റെ ദൗർബല്യങ്ങൾ കളിയിലുടനീളമുണ്ടായി. ആദ്യഗോളിനു ഹ്യൂം വഴിയൊരുക്കിയതു തടയാതിരുന്നതും രണ്ടാമത്തെ ഗോളിലേക്കു പോയ പന്ത് ക്ലിയർ ചെയ്യാതിരുന്നതും റമേജിന്റെ പിഴവ്.
അഞ്ചാം മിനിറ്റിൽ അത്‌ലറ്റിക്കോ താരം അറാട്ട ഇസുമിയുടെ ഗോളിൽ ബ്ലാസ്റ്റേഴ്സ് തളർന്നു.  അതീവ ദുർബലമായിപ്പോയ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കൊഞ്ഞനംകുത്തിയ ഗോൾ. ഇയാൻ ഹ്യൂമിന്റെ അത്രയൊന്നും ശക്തമല്ലാതിരുന്ന ഷോട്ട്, പിടിക്കാതെ മുന്നോട്ടു തട്ടിയിട്ട ഗോൾകീപ്പർ സ്റ്റീഫൻ ബൈവാട്ടറാണു മുഖ്യപ്രതി. ബോക്സിലേക്കു തിരിച്ചുവീണ പന്ത് ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളാരും ക്ലിയർ ചെയ്തുമില്ല. ഓടിയെത്തി പന്തിലേക്കു വീണ ഇസുമിയുടെ ഫിനിഷ് അപാരം. അതു തടുക്കാൻ ഒപ്പം വീണ ഡിഫൻഡർ ഗുർവിന്ദർ സിങ് പരുക്കേറ്റു പുറത്തുമായി.
കൗണ്ടർ അറ്റാക്കുകളുടെ മികവിൽ കഴിഞ്ഞ വർഷം ഫൈനൽ വരെ എത്തിയ ബ്ലാസ്റ്റേഴ്സ് ഇത്തവണ തിരിച്ചാക്രമിക്കുന്നതിലും മടിച്ചുനിന്നു. ആദ്യഗോൾ വീണതിന്റെ ആത്മവിശ്വാസത്തിൽ അത്‌ലറ്റിക്കോ പ്രതിരോധത്തിലേക്കു വലിഞ്ഞുനോക്കി. ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്കുമെന്നു കരുതിയാണു കോച്ച് അന്റോണിയോ ഹബാസ് ഇറങ്ങിക്കളിക്കാൻ കളിക്കാരോടു നിർദേശിച്ചതെന്നു വ്യക്തം. എന്നാൽ, നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ മധ്യനിരയിൽ ലക്ഷ്യമില്ലാതെ അലഞ്ഞ കളിക്കാർ അപ്പോഴൊന്നും അത്‌ലറ്റിക്കോയുടെ ബോക്സിലേക്കു തമാശയ്ക്കുപോലും നോക്കിക്കണ്ടില്ല.
41-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോളെന്നുറപ്പിച്ച പന്ത് ക്രിസ് ഡാഗ്നൽ നഷ്ടപ്പെടുത്തി. അത്‌ലറ്റിക്കോ ഡിഫൻഡർ മോഹൻരാജ് നല്ലപ്പൻ അബദ്ധത്തിൽ നൽകിയ മൈനസ് പാസ് ഏറ്റെടുത്ത ബ്ലാസ്റ്റഴ്സ് താരം രാഹുൽ ശങ്കർ വലത്തേ വിങ്ങിൽനിന്നു ഗോളി മാത്രം മുന്നിൽനിൽക്കെ ഡാഗ്നലിനു നൽകിയ ഡയഗനൽ ക്രോസ് താരം കണക്ട് ചെയ്തില്ല.
ആദ്യപകുതിയുടെ അവസാന പത്തു മിനിറ്റുകളിൽ ആധിപത്യം നേടിയെടുത്ത ബ്ലാസ്റ്റേഴ്സിന് അതിലും നല്ല ഒരവസരം മുൻപോ പിന്നീടോ ലഭിച്ചില്ല. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് കളി മാറ്റി ആക്രമിച്ചു നോക്കിയപ്പോഴേക്കും വൈകിയിരുന്നു. എഴുപതാം മിനിറ്റിൽ ഡിഫൻഡർ സൗമിക് ദേയ്ക്കു പകരം മിഡ്ഫീൽഡറും മലയാളിയുമായ സി.കെ. വിനീതിനെ ഇറക്കി. 
പ്രതിരോധത്തിൽനിന്ന് ഒരാളെ വലിച്ചു മധ്യനിരയിൽ ആളിറക്കിയ കോച്ച് ടെയ്‌ലറുടെ നടപടിക്കു പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വന്നു. വിനീതിന്റെ ഹെഡർ ഗോളിലേക്കു കോരിയിട്ടു ക്രിസ് ഡാഗ്നൽ ആദ്യപകുതിയിലെ പിഴവിനു പ്രായശ്ചിത്തം ചെയ്തു. പക്ഷേ, പിന്നാലെ ലഭിച്ച അവസരങ്ങൾ പാഴാക്കി വീണ്ടും കളിയിടെ കരടാവുകയും ചെയ്തു. 81-ാം മിനിറ്റിൽ കളി 2-2 സമനിലയാക്കാൻ ലഭിച്ച അവസരം ഇംഗ്ലിഷ് താരം സാഞ്ചെസ് വാട്ടും നഷ്ടമാക്കി. ബോക്സിനുള്ളിൽനിന്നു പായിച്ച ക്രോസ് റേഞ്ച് ബുള്ളറ്റ് കൃത്യം പൊസിഷനിലുണ്ടായിരുന്ന അത്‌ലറ്റിക്കോ ഗോളി യുവാൻ സാഞ്ചെസ് കുത്തിയകറ്റി. ഇതിനിടെ ചുവപ്പുകാർഡ് ലഭിച്ച ബ്ലാസ്റ്റേഴ്സ് താരം   മെഹ്താബ് ഹുസൈൻ പുറത്തായിരുന്നു. 
ഇനി 18നു കൊച്ചിയിൽ ഡൽഹി ഡൈനാമോസിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. 
ഗോൾ - 1
അഞ്ചാം മിനിറ്റ്. ബോക്സിനുള്ളിൽ വരെ മനോഹരമായി പന്തു കൺട്രോൾ ചെയ്ത് എത്തിയ ഇയാൻ ഹ്യൂമിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സ്റ്റീഫൻ ബൈവാട്ടർ മുന്നോട്ടു തട്ടിയിട്ടു. ബോക്സിലുണ്ടായിരുന്ന രണ്ടു ബ്ലാസ്റ്റേഴ്സ് ഡിഫൻഡർമാർ പന്തു ക്ലിയർ ചെയ്യും മുൻപേ ഓടിയെത്തിയ അറാട്ട ഇസുമി അനായാസം പന്തു വലയിലേക്കു ചെത്തിയിട്ടു. ഇസുമിയെ മാർക്ക് ചെയ്തിരുന്ന ഗുർവിന്ദർ സിങ്ങിന് ഒന്നും ചെയ്യാനായില്ല, ഗോളിക്കും! 
കൊൽക്കത്ത - 1,  ബ്ലാസ്റ്റേഴ്സ്-0 
ഗോൾ- 2
ഇയാൻ ഹ്യൂമിന്റെ വഴിയൊരുക്കൽ വീണ്ടും. ബോക്സിനു പുറത്തുവച്ചു പന്തു കിട്ടിയ ഹ്യൂം മുന്നേറിയെത്തുന്ന ഹാവി ലാറയ്ക്ക് അഡ്വാൻസ് ചെയ്തു പാസ് കൊടുത്തു. പന്തു കണക്ടു ചെയ്ത ലാറ മാർക്ക് ചെയ്ത കളിക്കാരനെ വെട്ടിച്ച്, ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ പീറ്റർ റമേജിന്റെ പ്രതിരോധത്തെയും മുറിച്ച് ഗോളിലേക്കു പന്തു നീട്ടി. റമേജിന്റെ കാലിലുരുമ്മി അൽപം ദിശ മാറിയ പന്ത് തടുക്കാൻ ഡൈവ് ചെയ്ത ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർക്കായില്ല. 
കൊൽക്കത്ത–2, ബ്ലാസ്റ്റേഴ്സ്– 0
ഗോൾ –3 
ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ. 80-ാം മിനിറ്റിൽ അത്‌ലറ്റിക്കോ ഗോളിക്കു മുന്നിൽ ഉയർന്നുചാടിയ സി.കെ. വിനീതിന്റെ ഹെഡർ. ഗോൾവരയിലേക്ക് ഉരുണ്ടു നീങ്ങുകയായിരുന്ന പന്ത് ഗോൾലൈനിൽ ക്ലിയർ ചെയ്യാനെത്തിയ കൊൽക്കത്ത ഡിഫൻഡറെ മറികടന്ന് ക്രിസ് ഡാഗ്നൽ ഗോളിലേക്ക് കോരിയിട്ടു. 

             Chris Dagnall gets the Hewlett-Packard Transformer of the Match Award.


                                       Javi Lara bags the Hero of the Match Award.
                       Nadong Bhutia receives the Swift Moment of the Match Award.



                            Nadong Bhutia receives the Swift Moment of the Match Award.

            Atlético de Kolkata skipper Borja Fernandez receives the winning team award.

     Arata Izumi is congratulated by Jaime Gavilan after Atlético de Kolkata’s opener.





പെലെയ്ക്ക് മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

ആതിഥേയരായ കൊല്‍ക്കത്തയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ കന്നി തോല്‍വി.

കൊല്‍ക്കത്ത: ഫുട്‌ബോള്‍ ദൈവം പെലെ സാക്ഷി. കേരള ബ്ലാസ്‌റ്റേഴ്‌സിന് ഐ.എസ്.എല്‍. രണ്ടാം സീസണില്‍ ആദ്യ തോല്‍വി. ആതിഥേയരായ കൊല്‍ക്കത്തയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ കന്നി തോല്‍വി.
ആറാം മിനിറ്റില്‍ തന്നെ ജാപ്പനീസ് വംശജനായ ഇസുമിയിലൂടെയാണ് കൊല്‍ക്കത്ത ആദ്യം ലീഡ് നേടിയത്. 53-ാം മിനിറ്റില്‍ ജാവി ലാറ ലീഡുയര്‍ത്തി. എണ്‍പതാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ ഡാഗ്‌നലാണ് ഒരു ഗോള്‍ മടക്കിയത്.
മാര്‍ക്വി താരം മെര്‍ച്ചേനയെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇറക്കാന്‍ കഴിയാതിരുന്ന ബ്ലാസ്‌റ്റേഴ്‌സ് മുന്‍ മത്സരങ്ങളിലേതിനേക്കാള്‍ നിറംമങ്ങിയാണ് സാള്‍ട്ട്‌ലേക്കിലെ വന്‍ ജനാവലിക്ക് മുന്നില്‍ കളിച്ചത്. ശക്തികേന്ദ്രമായ പ്രതിരോധമായിരുന്നു ഇക്കുറി ഏറ്റവും ദുര്‍ബലം. വേഗവും ഒത്തിണക്കും പ്രദര്‍ശിപ്പിച്ച കൊല്‍ക്കത്തയുടെ മുന്നേറ്റത്തിനെതിരെ നിസാരമായിരുന്നു പലപ്പോഴും അവര്‍ വരുത്തിയ പിഴവുകള്‍. ഈ പിഴവുകളുടെ ഫലമാണ് രണ്ട് ഗോളും.
ഗൈവിലന്‍ നല്‍കിയ നീളന്‍ ലോബ് ബോക്‌സില്‍ ഇടങ്കാല്‍ കൊണ്ട് പിടിച്ച മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂം വലങ്കാലിലേയ്ക്ക്മാറ്റി ബ്രൂണോ പെറോണിനെ കബളിപ്പിച്ച് പോസ്റ്റിലേയ്ക്ക് ഒരു കിടിലന്‍ ബുള്ളറ്റ് തൊടുത്തു. ഗോളി ബൈവാട്ടര്‍ കുത്തിയകറ്റിയ പന്ത് നേരെ ബോക്‌സിലേയ്ക്ക് ഓടിയെത്തിയ ഇസുമി സ്ലൈഡ് ചെയ്ത് പന്ത് വലയിലാക്കി. അക്ഷരാര്‍ഥത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച ഗോള്‍.
പരിക്കേറ്റ ഗുര്‍വീന്ദര്‍ പുറത്തുപോവുക കൂടി ചെയ്തതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ നില ശരിക്കും പരുങ്ങലിലായി. പിന്നീട് കളി ഏതാണ്ട് പൂര്‍ണമായി തന്നെ കൊല്‍ക്കത്തയുടെ വരുതിലായി. വിനീതിന് പകരം സൗമിക് ഡേയെ പരീക്ഷിച്ച കോച്ച് ടെയ്‌ലര്‍ക്കറുടെ കണക്കുകൂട്ടലും തെറ്റി. ഡാഗ്‌നലിനും വാട്‌സിനും നല്ല പന്തുകളൊന്നും കിട്ടിയില്ല.
42-ാം മിനിറ്റില്‍ കൊല്‍ക്കത്ത ഡിഫന്‍ഡര്‍ മോഹന്‍രാജിന്റെ ഒരു അലസമായ ക്ലിയറിങ്ങിന് ശേഷം കിട്ടിയ പന്ത് രാഹുല്‍ ബോക്‌സിലേയ്ക്ക് ക്രോസ് ചെയ്‌തെങ്കിലും ഡങ്കലിന് കണക്ട് ചെയ്യാനായില്ല.
കൊല്‍ക്കത്തയുടെ ആക്രമണങ്ങളിലാവട്ടെ ബ്ലാസ്‌റ്റേഴ്‌സ് ശരിക്കും വിറയ്ക്കുകയും ചെയ്തു. വലതു വിംഗില്‍ ലാറയും അരാറ്റ ഇസുമിയും ചേര്‍ന്ന കോമ്പിനേഷനായിരുന്നു കൊല്‍ക്കത്തയുടെ കരുത്ത്.
ഈ മേധാവിത്വം മുതലാക്കിയാണ് 53-ാം മിനിറ്റില്‍ അത്‌ലറ്റിക്കോ ലീഡുയര്‍ത്തിയത്. ഇക്കുറിയും പ്രതിരോധത്തില്‍ ബ്രൂണോ പെറോണിന്റെ വീഴ്ച തന്നെയാണ് ഗോളിന് വഴിവച്ചത്. ബോര്‍ജ ഫെര്‍ണാണ്ടസും ലാറയും നടത്തിയ നീക്കമാണ് ഗോളിന് വഴിവച്ചത്. ബ്രൂണോ പെറോണിനെ മറികടന്ന് ലാറ തൊടുത്ത ഷോട്ട് റമഗെയുടെ കാലില്‍ തട്ടിത്തെറിച്ച് നേരെ വലയില്‍.
രണ്ടാം ഗോളും വഴങ്ങിയ ഏറെ കഴിഞ്ഞാണ് ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നത്. സൗമിക് ഡേയ്ക്ക് പകരം വിനീത് ഇറങ്ങിയതോടെ ആക്രമണത്തിന് കൂടുതല്‍ മൂര്‍ച്ച കൈവന്നു. ഡാഗ്‌നലിനും വാട്ട്‌സിനും യഥേഷ്ടം പന്ത് കിട്ടിത്തുടങ്ങി. തുടര്‍ച്ചയായ ഈ മുന്നേറ്റങ്ങളുടെ ഫലമാണ് തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കിയ എണ്‍പതാം മിനിറ്റിലെ ഗോള്‍. രമഗെ കൊടുത്ത ക്രോസ് ശങ്കറാണ് ബോക്‌സിലേയ്ക്ക് വഴിതിരിച്ചുവിട്ടത്. പന്ത് കിട്ടിയ ഡാഗ്‌നല്‍ പിഴയ്ക്കാതെ വല ചലിപ്പിക്കുകയും ചെയ്തു.
88-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളിനടുത്തെത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല. ഡാഗ്‌നല്‍ നല്‍കിയ മനോഹരമായ ക്രോസ് നേരിയ വ്യത്യാസത്തിലാണ് ബോര്‍ജയുടെ കാല്‍ ഒഴിഞ്ഞുപോയത്. ഇതിനിടെ 89-ാം മിനിറ്റില്‍ പരുക്കന്‍ കളിക്ക് മെഹ്താബ് ഹുസൈന്‍ ചുവപ്പ് കണ്ട് ചോദിച്ച് വാങ്ങി മടങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പത്ത് പേരായി ചുരുങ്ങി.
അവസാന വിസിലിന് നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ രണ്ട്  മുന്നേറ്റങ്ങള്‍ കൂടി നടത്തിയെങ്കിലും വിജയം കൊല്‍ക്കത്തയ്‌ക്കൊപ്പം തന്നെ നിന്നു.

തോല്‍വിയിലുമുയരുന്ന പ്രതീക്ഷ

ആദ്യപകുതിയിലാണ് കൊല്‍ക്കത്ത ആധിപത്യം സ്ഥാപിച്ചത്. ഇതിന്റെ പ്രതിഫലമായിരുന്നു രണ്ട് ഗോളുകളും. വിങ്ങിലൂടെ ആക്രമിച്ചുകയറാന്‍ മിടുക്കരല്ലാത്ത സൗവികും രാഹുലും കയറിക്കളിക്കുന്ന ഗെയിം പ്ലാനില്‍ ഗോളുകള്‍ വരാന്‍ യാതൊരു സാധ്യതയുമില്ല.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ക്ക് ചില പാഠങ്ങള്‍ നല്‍കുന്നതാണ്. മികച്ച വിങ്ങര്‍മാരുണ്ടെങ്കില്‍ മാത്രം ഇപ്പോഴത്തെ ഗെയിംപ്ലാനില്‍ കളിക്കുകയെന്നതാണ് ഇതില്‍ ആദ്യത്തേത്. രണ്ടാമത്തേത് മൂന്ന് മധ്യനിരക്കാരെ ആശ്രയിക്കുന്ന രീതി മാറ്റിയില്ലെങ്കില്‍ വിജയം കൈവരില്ലെന്നത്. 5-3-2 ശൈലിയില്‍ തന്നെയാണ് കരുത്തരായ കൊല്‍ക്കത്തയെ കേരള ടീം നേരിട്ടത്. ഇടതുവിങ്ബാക്കായി സൗവിക് ഡേയും മധ്യനിരയില്‍ ശങ്കര്‍ സാംപിഗിരാജ്, ഹോസു എന്നിവരെയും ഇറക്കിയ പരിശീലകന്‍ മുന്നേറ്റത്തില്‍ ആദ്യമായി വിദേശജോഡികളായ ഡാഗ്നല്‍-സാഞ്ചസ് വാട്ടിനെ പരീക്ഷിച്ചു.

ആദ്യപകുതിയിലാണ് കൊല്‍ക്കത്ത ആധിപത്യം സ്ഥാപിച്ചത്. ഇതിന്റെ പ്രതിഫലമായിരുന്നു രണ്ട് ഗോളുകളും. വിങ്ങിലൂടെ ആക്രമിച്ചുകയറാന്‍ മിടുക്കരല്ലാത്ത സൗവികും രാഹുലും കയറിക്കളിക്കുന്ന ഗെയിം പ്ലാനില്‍ ഗോളുകള്‍ വരാന്‍ യാതൊരു സാധ്യതയുമില്ല. വിങ്ങില്‍നിന്ന് ക്രോസുകള്‍ വരാതിരുന്നതോടെ മുന്നേറ്റനിര പന്തിനായി അലഞ്ഞു.

രണ്ടാം പകുതിയില്‍ വരുത്തിയ മാറ്റങ്ങളാണ് ടീമിന് പ്രതീക്ഷനല്‍കുന്നത്. സൗവിക്കിന് പകരം വിനീതും ഹോസുവിന് പകരം പുള്‍ഗയും വന്നതോടെ കളിമാറി. വിനീതിലൂടെ ഇടതുവിങ്ങില്‍നിന്ന് മുന്നേറ്റത്തിലേക്ക് പന്തെത്തി. പതിവില്‍നിന്ന് വ്യത്യസ്തമായി പുള്‍ഗ പ്ലേമേക്കര്‍ റോളിലേക്ക് വന്നതോടെ ഒരു ഗോള്‍ മടക്കാനും ഏതുനിമിഷവും സ്‌കോര്‍ ചെയ്യാമെന്ന പ്രതീതിജനിപ്പിക്കാനും ടീമിനായി.

മധ്യനിരയാണ് മൂന്നാം മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിനെ അലോസരപ്പെടുത്തുന്നത്. രണ്ട് വിങ് ബാക്കുകളെ മധ്യ-മുന്നേറ്റനിരകളെ സഹായിക്കാന്‍ വിടുകയെന്ന ടെയ്‌ലറുടെ തന്ത്രം വിനീതിനെപ്പോലെയുള്ള ഒരു താരംകൂടിയുണ്ടെങ്കില്‍ മാത്രമാകും സാധ്യമാകുന്നത്. രണ്ട് വിദേശസ്‌ട്രൈക്കര്‍മാരെവെച്ച് കളിക്കുമ്പോള്‍ മധ്യഭാഗത്ത് പ്ലേമേക്കര്‍ അനിവാര്യമാണ്. ഹോസുവിനൊപ്പം മികച്ച മധ്യനിരതാരം കൂടിയുണ്ടായിരുന്നെങ്കില്‍ ആദ്യപകുതിയില്‍ കൊല്‍ക്കത്തയെ തളയ്ക്കാമായിരുന്നു. കാര്‍ലോസ് മര്‍ച്ചേന, സന്ദേശ് ജിംഗാന്‍, കെവിന്‍ ലാബോ എന്നിവര്‍ വരുന്നതോടെ ടീമിന് കളിയില്‍ മാറ്റംവരുത്താന്‍ കഴിയും. കൊല്‍ക്കത്തയ്‌ക്കെതിരെ അവസാന അരമണിക്കൂറിലെ ടീമിന്റെ കളി ആരാധകര്‍ക്ക് പ്രതീക്ഷനല്‍കുന്നതാണ്.

No comments:

Post a Comment