Saturday, November 7, 2015

സ്കോട്ട്ലൻഡ് താരം വഴങ്ങുന്നില്ല; ബ്ലാസ്റ്റേഴ്സ് തിരച്ചിൽ തുടരുന്നു

   
കാർലോസ് മർച്ചേനയ്ക്കു പകരം പുതിയ മാർക്വീ താരമായി സ്കോട്ട്ലൻഡിൽനിന്നു ജയിംസ് മക്ഫാഡെനെ കൊണ്ടുവരാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം വിജയിച്ചില്ല. 
പോയിന്റ് നിലയിൽ പിന്നിലായ ടീമിനെ രക്ഷിക്കുക എന്ന ദൗത്യം ഏറ്റെടുക്കാൻ മക്ഫാഡെൻ തയാറല്ല എന്നാണു സൂചന. പക്ഷേ കുടുംബം വിട്ടു പോരാൻ ബുദ്ധിമുട്ടുണ്ടെന്ന മറുപടിയാണ് നൽകിയത്. സ്വന്തം ശാരീരികക്ഷമതയിൽ താരത്തിനുതന്നെ വിശ്വാസമില്ലാത്തതാണു കാരണമെന്നും സൂചനയുണ്ട്.
ഫുട്ബോൾ കളിക്കാരുടെ രാജ്യാന്തര വിപണിയിൽ ക്ലബ് മാറ്റത്തിന്റെ സമയം തീർന്നതിനാൽ പുതിയൊരു മാർക്വീ താരത്തെ കണ്ടെത്താൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നന്നേ വിഷമിക്കും. ഇക്കഴിഞ്ഞ സീസണിൽ ഒരു ക്ലബ്ബുമായും കരാറിലെത്താത്ത, ഫ്രീ ഏജന്റ് കളിക്കാരാരെങ്കിലും വെറുതേയിരിപ്പുണ്ടെങ്കിൽ ക്ഷണിക്കാമെന്നുമാത്രം. ലീഗ് എട്ടുറൗണ്ട് പിന്നിട്ടവേളയിൽ മർച്ചേന മടങ്ങിപ്പോയതിനാ‍ൽ പുതിയൊരു താരത്തെ കണ്ടെത്താനും കരാറൊപ്പിടാനുമുള്ള ബുദ്ധിമുട്ടുകൾ അറിയാവുന്നതുകൊണ്ടുതന്നെ ഐഎസ്എൽ സംഘാടകരായ ഐഎംജി റിലയൻസ് കേരള ബ്ലാസ്റ്റേഴ്സ് ടീമിനുമേൽ സമ്മർദം ചെലുത്താനിടയില്ല.
ലീഗിന്റെ ആദ്യപാതി പിന്നിട്ടെങ്കിലും ഇന്ത്യയിൽ കളിക്കാൻ മക്ഫാഡെന് ആദ്യം താൽപര്യമായിരുന്നു. സ്ട്രൈക്കർ ഡാരെൽ ഡഫിക്കു പരുക്കേറ്റതോടെ എഫ്സി ഗോവ പകരക്കാരനായി ആദ്യം നോട്ടമിട്ടത് അദ്ദേഹത്തെയാണ്. ഇന്ത്യയിൽ കളിക്കാൻ തയാറാണെന്ന മറുപടിയാണ് ആദ്യഘട്ടത്തിൽ നൽകിയത്. മക്ഫാഡെനെ വിളിക്കാമെന്നതു സീക്കോയുടെ താൽപര്യമായിരുന്നു. പക്ഷേ പിന്നീടു സീക്കോ മനസ്സുമാറ്റി. ഇന്ത്യയിൽ കളിച്ചുപരിചയമുള്ള നൈജീരിയക്കാരൻ ഡുഡു ഒമാഗ്ബെമിയെ ഗോവക്കാർ ടീമിലെടുത്തു. തൊട്ടുപിന്നാലെയാണു ബ്ലാസ്റ്റേഴ്സ് മക്ഫാഡെനെ സമീപിച്ചത്.
ഒരുതരത്തിൽ മക്ഫാഡെന്റെ മനസ്സുമാറ്റം ബ്ലാസ്റ്റേഴ്സിനു ഗുണഫലമുണ്ടാക്കാനിടയുണ്ട്. ഈ സ്ട്രൈക്കർ കഴിഞ്ഞ സീസണിലും ഈ സീസണിലും മികച്ച പ്രകടനമൊന്നുമായിരുന്നില്ല സ്കോട്ടിഷ് പ്രീമിയർ ലീഗിൽ. വിരളമായേ ഗോളടിച്ചുള്ളൂ. പരുക്കാണു കാരണം. പൂർണമായി മാച്ച് ഫിറ്റ്നസ് കൈവരിക്കാത്ത കളിക്കാരനെ മാർക്കീ താരമായി അവതരിപ്പിച്ചാലും മർച്ചേനയുടെ ഗതിതന്നെയാകാനും സാധ്യതയുണ്ട്.
മർച്ചേന ലോകകപ്പും രണ്ടു തവണ യൂറോ കപ്പും നേടിയ കളിക്കാരനാണ്. പക്ഷേ ശാരീരികക്ഷമതയില്ലാത്ത അവസ്ഥയിലാണ് ഇന്ത്യയിലെത്തിയത്. ലീഗ് തുടങ്ങുംമുൻപേ തിരിച്ചുപോയി, തുടങ്ങിയശേഷം വീണ്ടുമെത്തി. എന്നിട്ടും ഒരുകളിയിലേ ബൂട്ടുകെട്ടിയുള്ളൂ. അത്തരമൊരനുഭവം ഇനിയും ആരാധകർ വച്ചുപൊറുപ്പിക്കില്ല. 

No comments:

Post a Comment