Monday, November 9, 2015

Match 33 FC Pune City 2 FC Goa 2


ഗോവയെ സമനിലയില്‍ പിടിച്ച് പുണെ സിറ്റി

പുണെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സ്ഥാനക്കാരെ തീരുമാനിക്കുന്ന ആവേശകരമായ മത്സരത്തില്‍ അവസാന മിനിറ്റുവരെ മുന്നിട്ടു നിന്ന എഫ്‌സി ഗോവയെ അവസാന നിമിഷം നേടിയ ഗോളില്‍ പുണെ സിറ്റി സമനിലയില്‍ പിടിച്ചു. മത്സരം തീരാന്‍ ഒരു മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ പുണെ സിറ്റി താരം അഡ്രിയാന്‍ മുട്ടു നേടിയ ഗോളില്‍ ഗോവയുടെ ജയ പ്രതീക്ഷ അസ്തമിച്ചു. വിരസമായ ആദ്യ അരമണിക്കൂറിനുശേഷം 32-ാം മിനിറ്റില്‍ പുണെയ്ക്കായി യുജിന്‍സണ്‍ ലിങ്‌ദോ വലകുലുക്കി. ഇടതു വിങ്ങിലൂടെ പന്തുമായി മുന്നേറി ലിങ്‌ദോയ്ക്ക് പാസ് നല്‍കുമ്പോള്‍ ഗോളിമാത്രം മുന്നില്‍, പന്ത് വലയിലേക്ക് തട്ടിയിട്ട് ലിങ്‌ദോ പുണെയ്ക്ക് ആദ്യഗോള്‍ സമ്മാനിച്ചു.

എന്നാല്‍ പുണെയുടെ ലീഡിന് 3 മിനിറ്റ് മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ. മൈതാനമധ്യത്തു നിന്നും ലഭിച്ച പന്തുമായി മുന്നേറിയ റാഫേല്‍ കൊയ്‌ലോ പ്രതിരോധനിരക്കാരെ മുഴുവല്‍ വെട്ടിച്ച് വലയിലേക്ക് തൊടുത്ത ഷോട്ട് പുണെ ഗോളി സൈമന്‍സിനെ മറികടന്ന് വലയില്‍ കളി 1-1 ന് സമനിലയില്‍ ഇടവേളയ്ക്കു തൊട്ടുമുമ്പ് ഗോവ ലീഡും സ്വന്തമാക്കി. ജൊനാഥന്‍ ലൂക്കയാണ് ഇത്തവണ ഗോവയ്ക്കായി ഗോള്‍ കണ്ടെത്തിയത്. പ്രതിരോധനിരക്കാരെ വെട്ടിച്ച് വലയിലേക്ക് തൊടുത്ത ഷോട്ട് ഗോളിയെ ഒരിക്കല്‍ക്കൂടി കീഴടക്കി വലയില്‍ കയറി. ഇടവേളയ്ക്ക് ശേഷം ഗോള്‍ മടക്കാന്‍ പുണെ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോവന്‍ ഗോളിയെ മറികടക്കാനായില്ല. ലീഡ് വര്‍ദ്ധിപ്പിക്കാന്‍ ഗോവയും ശ്രമിച്ചതോടെ കളി ആവേശഭരിതമായി. ഏതു നിമിഷവും ഗോള്‍ വീഴാമെന്ന സ്ഥിതി വന്നു. കളി അധികസമയത്തേക്ക് നീങ്ങിയതോടെ മത്സരം ഗോവ ജയിക്കുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അഡ്രിയാന്‍ മൊട്ടു അവസാന ശ്രമമെന്ന രീതിയില്‍ തൊടുത്ത ഷോട്ട് ഗോവന്‍ ഗോളിയെ കാഴ്ചക്കാരനാക്കി വലയില്‍ കയറി. മത്സരം അവസാനിക്കാന്‍ അപ്പോള്‍ സെക്കന്റുകളേ ബാക്കി ഉണ്ടായിരുന്നുള്ളൂ. റഫറിയുടെ വിസില്‍ മുഴങ്ങിയപ്പോള്‍ പുണെ, കളി ജയിച്ച പ്രതീതിയിലാണ് കളം വിട്ടത്. മത്സരം സമനിലയിലായതോടെ പോയന്റ് പട്ടികയില്‍ ഗോവ ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്തേക്ക് മുന്നേറാന്‍ പുണെയ്ക്കും കഴിഞ്ഞു. 

No comments:

Post a Comment