Saturday, November 14, 2015

Match 36 Mumbai City FC 0 FC Pune City 0

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ വിജയം തേടിയിറങ്ങിയ മുംബൈ സിറ്റി എഫ്.സി. പുണെ സിറ്റിയോട് ഗോള്‍രഹിത സമനില വഴങ്ങി. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമേ ഗാലറിയെ ആവേശത്തിലേക്കുയര്‍ത്താന്‍ മത്സരത്തിനായുള്ളൂ. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 12 പോയന്റുമായി മുംബൈ ആറാം സ്ഥാനത്താണ്. ഇത്രയും കളികളില്‍ 15 പോയന്റുള്ള പുണെ ഒന്നാംസ്ഥാനക്കാരായ ഗോവയ്‌ക്കൊപ്പമെത്തിയെങ്കിലും ഒരു മത്സരം കൂടുതല്‍ തോറ്റതിനാല്‍ രണ്ടാം സ്ഥാനത്തായി.  
പുണെയില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോറ്റതിന്റെ പകയൊന്നും പുറത്ത് കാണിക്കാത്ത കളിയായിരുന്നു മുംബൈയുടേത്. ജയിക്കാനുള്ള വീറും വാശിയും ആതിഥേയരുടെ മാര്‍ക്വീ താരം അനല്‍ക്കയും കൂട്ടരും പുറത്തെടുത്തില്ല. അതേസമയം, ഒരു പോയന്റെങ്കിലും കിട്ടിയാല്‍ മതിയെന്ന നിലയില്‍ പുണെയും നീങ്ങിയപ്പോള്‍ മത്സരം വിരസമായി. 
ഒന്നാം പകുതിയുടെ 27ാം മിനിറ്റില്‍ സുഭാഷ് സിങ്്  ഗാലറിയെ ഒന്നുണര്‍ത്തിയതാണ്. പക്ഷേ, സുഭാഷിന്റെ ഷോട്ട്   പോസ്റ്റിലുരുമ്മി പുറത്തായി. അപ്പുറത്ത് മുന്‍ ചെല്‍സി താരം ആഡ്രിയന്‍ മുട്ടുവിനും കിട്ടി ഒരവസരം. ഗുര്‍ജീന്ദര്‍ കുമാറിന്റെ ക്രോസില്‍ മുട്ടുവിന്റെ ഇടതുകാലനടി പക്ഷേ, നേരേ മുംബൈ ഗോളി സുബ്രതോ പാലിന്റെ കൈകളിലൊതുങ്ങി. 
ഓഫ്‌സൈഡ് കെണിയില്‍ കുടുങ്ങി വലഞ്ഞ തുന്‍ചായ് സാന്‍ലിക്ക് പകരം രണ്ടാംപകുതിയില്‍  നൈജീരിയന്‍ താരം കാലു ഉച്ചെയെ ഇറക്കി പുണെ കളിയുടെ ഗിയര്‍ ഒന്നു മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍, തണുത്ത കളിയില്‍ കാര്യമായ മാറ്റം പെട്ടെന്നുണ്ടായില്ല. ഇതിനിടയില്‍ ഇരുഭാഗത്തും ഗോള്‍കീപ്പര്‍മാരുടെ മിന്നുന്ന രക്ഷപ്പെടുത്തലുകള്‍ ഗാലറിക്ക് ആവേശമായി. 75ാം മിനിറ്റില്‍ പുണെയുടെ മുട്ടുവിന്റെ ഒരു കനത്ത ഷോട്ട് സുബ്രതോ പാല്‍ ഡൈവ് ചെയ്ത് കുത്തിയകറ്റി. ഇപ്പുറത്ത് ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് നെഞ്ചില്‍ സ്വീകരിച്ച് കുട്ടിമണി ഗോളിയെ മാത്രം മുന്നില്‍ നിര്‍ത്തിയെടുത്ത ഷോട്ട് അരിന്ദം ഭട്ടാചാര്‍ജിയും കുത്തിപ്പുറത്താക്കി. ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് കിട്ടിയ ഒരു ഫ്രീകിക്ക് അനെല്‍ക്കയും തുലച്ചു. 
 ഓരോ മത്സരത്തിലും ടീമിനെ മാറ്റി പരീക്ഷിക്കുന്ന പുണെ കോച്ച് ഡേവിഡ് പ്ലാറ്റ്, ഇന്ത്യന്‍ താരങ്ങളായ ജാക്കി ചാന്‍, ഇസ്രയേല്‍ ഗുരംങ്, യൂജിന്‍സണ്‍ എന്നിവരെ മാറ്റി നിര്‍ത്തി മലയാളി താരം സുശാന്ത് മാത്യുവിന് ആദ്യ പതിനൊന്നില്‍ ഇടം നല്കി. മുംബൈ ടീമിലും കാര്യമായ മാറ്റം കണ്ടു. 
ഇന്ത്യയ്ക്കു വേണ്ടി തലേ ദിവസം കളിച്ച സുനില്‍ ഛേത്രിക്കു പകരം ടീം പരിശീലകന്‍ കൂടിയായ നിക്കോളാസ് അനെല്‍ക്ക തന്നെ ഇറങ്ങി. ഹെയ്തി താരം സോണി നോര്‍ദെ സ്വന്തം നാടിനു വേണ്ടി കളിക്കാന്‍ പോയതിനാല്‍ മുംബൈയ്ക്ക് കൂടുതല്‍ ക്ഷീണമായി. ഛേത്രിയും നോര്‍ദെയുമില്ലാത്തതിനാല്‍ മുന്നേറ്റ നിരയ്ക്ക് മൂര്‍ച്ചയുണ്ടായില്ല.

മുംബൈ- പുണെ ഗോൾരഹിതം

മുംബൈ ∙ ഛേത്രിയുണ്ടായിരുന്നെങ്കിൽ! മുംബൈ ആരാധകർ നൂറുവട്ടം ആഗ്രഹിച്ചിട്ടുണ്ടാകും. ഐഎസ്എൽ ഹോം മൽസരത്തിൽ അയൽക്കാരായ പുണെയ്ക്കെതിരെ മുംബൈയ്ക്ക് ഗോൾരഹിത സമനില. തലേ ദിവസം ഗുമാവുമായുള്ള ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ റൗണ്ട് മൽസരമായിരുന്നതിനാൽ ഛേത്രി മുംബൈ നിരയിൽ ഇറങ്ങിയില്ല. 

പുണെയ്ക്ക് യൂജൻസൺ ലിങ്ദോ, ജാക്കിചന്ദ് സിങ് എന്നിവരെയും നഷ്ടമായി. ഭാവനാശൂന്യമായ മിഡ്ഫീൽഡും മൂർച്ചയില്ലാത്ത മുന്നേറ്റവും ചേർന്ന് വിരസമായി അതോടെ മഹാരാഷ്ട്ര ഡാർബിയിലെ രണ്ടാമങ്കം. ഒരു പോയിന്റ് പങ്കു വച്ച ഇരുടീമും സ്ഥാനപ്പട്ടികയിൽ മാറ്റമില്ലാതെ തുടരുന്നു. പുണെ 15 പോയിന്റോടെ രണ്ടാം സ്ഥാനത്ത്. മുംബൈ 12 പോയിന്റോടെ ആറാമതും. 

ഛേത്രി ഇല്ലാത്തതിനാൽ മാർക്വീ താരം നിക്കോളാസ് അനെൽക്ക തന്നെയാണ് മുംബൈയുടെ മുന്നേറ്റത്തിൽ ഇറങ്ങിയത്. സിങ്കം സുഭാഷ് സിങും ഫ്രെഡറിക് പിക്വേനും കൂട്ടാളികൾ. ഇടതുവിങിലൂടെയുള്ള അനെൽക്കയുടെ കുതിപ്പുകൾ ഭീഷണി വിതച്ചെങ്കിലും പുണെ ഡിഫൻഡർമാർ കരുതലോടെ നിന്നു. മറുഭാഗത്ത് കാളു ഉച്ചെയെ പുറത്തിരുത്തി മാർക്വീ താരം അഡ്രിയാൻ മുട്ടുവിനെയാണ് പുണെ തുൻചായ് സാൻലിക്കു കൂട്ടായി ഇറക്കിയത്. 

കളി തുടങ്ങി കാൽ മണിക്കൂറിനു ശേഷം മാത്രമാണ് ഗോൾ ലക്ഷ്യം വച്ചുള്ള ഷോട്ടുകൾ വന്നത്. 28–ാം മിനിറ്റിൽ മുംബൈയ്ക്കു കളിയിലെ സുവർണാവസരം കിട്ടി. പന്തുമായി ഗോൾകീപ്പറെ മറികടന്ന സുഭാഷിന്റെ ഷോട്ട് അവിശ്വസനീയമാം വിധം പുറത്തേക്ക്. മുംബൈ ആരാധകർ തലയിൽ കൈവച്ചു പോയ നിമിഷം. മുന്നേറ്റത്തിൽ മുട്ടു അധ്വാനിച്ചു കളിച്ചെങ്കിലും സാൻലി മങ്ങിയത് പുണെയ്ക്കു തിരിച്ചടിയായി. 66–ാം മിനിറ്റിൽ തുർക്കി താരത്തെ പിൻവലിച്ച് കോച്ച് ഡേവിഡ് പ്ലാറ്റ് കാളു ഉച്ചെയെ ഉറക്കിയെങ്കിലും കളി മാറിയില്ല.

No comments:

Post a Comment