Sunday, November 22, 2015

Match 44: Atlético de Kolkata 4 Goa FC 0

കൊൽക്കത്തയിൽ 'ഗോവ വധം'; 

വിജയം എതിരില്ലാത്ത നാലു ഗോളിന്


കൊൽക്കത്ത∙ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്തിന്റെ പകിട്ടിലെത്തിയ സീക്കോയുടെ എഫ്സി ഗോവയെ മടക്കമില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് അത്‌ലറ്റിക്കോ ഡി കൊൽക്കത്ത പോയിന്റ് പട്ടികയിൽ ഒന്നാമത്. സ്വന്തം തട്ടകത്തിൽ എതിരാളികളെ മൽസരത്തിന്റെ സമസ്ത മേഖലകളിലും പിന്തള്ളിയാണ് കൊൽക്കത്ത ഉജ്വല വിജയം സ്വന്തമാക്കിയത്. കൊൽക്കത്തയ്ക്കായി ദക്ഷിണാഫ്രിക്കൻ യുവതാരം സൗമീഗ് ദൗത്തി (20, 78) ഇരട്ടഗോൾ നേടി. കനേ‍ഡിയൻ താരം ഇയാൻ ഹ്യൂം (68), ബോർജ (22) എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ. 

ഇതോടെ മുഖാമുഖം കണ്ടുമുട്ടിയ ആറു മൽസരങ്ങളിലും ഗോവയ്ക്ക് മുന്നിൽ തോൽവി വഴങ്ങിയിട്ടില്ല എന്ന കൊൽക്കത്തയുടെ റെക്കോർഡും ഭദ്രം. വിജയത്തോടെ 12 മൽസരങ്ങളിൽ നിന്നും 20 പോയിന്റുമായാണ് കൊൽക്കത്ത പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്. അതേസമയം, ഒന്നാമൻമാരായി കൊൽക്കത്തയെ നേരിടാനെത്തിയ ഗോവ തോൽവിയോടെ 11 മൽസരങ്ങളിൽ നിന്നും 18 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. 

നിക്കോളാസ് അനെൽക്കയുടെ മുംബൈ സിറ്റി എഫ്സിയെ ഐഎസ്എല്ലിലെ 100-ാം മൽസരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്തു തരിപ്പണമാക്കിക്കളഞ്ഞതിന്റെ ഓർമകളുമായി കൊൽക്കത്തയിലെത്തിയ എഫ്സി ഗോവയെ ഒന്നു പൊരുതാൻ പോലും സമ്മതിക്കാതെയാണ് കൊൽക്കത്ത കെട്ടുകെട്ടിച്ചത്. കളിയുടെ ആദ്യ നിമിഷങ്ങളിൽ മേധാവിത്തം പുലർത്തിയത് ഗോവയായിരുന്നെങ്കിലും പതിയെ കളം പിടിച്ച ആതിഥേയർ പിന്നീട് കത്തിക്കയറുകയായിരുന്നു. ആദ്യ നിമിഷങ്ങളിൽ രണ്ടു തകർപ്പൻ അവസരങ്ങൾ തുറന്നെടുത്തു ഗോവ. എന്നാൽ, ഗോവൻ താരം ഡുഡുവിന്റെ രണ്ടു ശ്രമങ്ങളും ഗോളിലേക്കെത്തിയില്ല. 

പിന്നീടങ്ങോട്ട് മൊത്തം കളം നിറഞ്ഞത് കൊൽക്കത്തക്കാർ. 50,000ൽ അധികം വരുന്ന സ്വന്തം കാണികൾക്കു മുന്നിൽ അവർ ഗോവയെ നിലം തൊടീച്ചില്ല. ദക്ഷിണാഫ്രിക്കൻ യുവതാരം സമീഗ് ദൗത്തിയായിരുന്നു കൊൽക്കത്ത നീക്കങ്ങളുടെ കുന്തമുന. ആദ്യ ഗോൾ നേടിയതും സമീഗ് ദൗത്തി തന്നെ. ത്രോ ഇന്നിൽ നിന്നും ലഭിച്ച പന്ത് ദൗത്തിക്ക് നീട്ടി നൽകിയത് ഗാവിലിയൻ. ഗോവൻ ഗോളിയെ കബളിപ്പിച്ച് ദൗത്തിയുടെ ഷോട്ട് വലയിൽ. സ്കോർ 1-0. രണ്ടു മിനിറ്റിനുള്ളിൽ കൊൽക്കത്ത ലീഡ് വർധിപ്പിച്ചു. ഇത്തവണ ലക്ഷ്യം കണ്ടത് ബോർജ ഫെർണാണ്ടസ്. പന്തെത്തിയത് ആദ്യ ഗോൾ നേടിയ ദൗത്തി വഴി. ദൗത്തിയുടെ പാസിനെ ഗോളിലേക്ക് അയച്ച സ്പാനിഷ് താരത്തിന്റെ ഷോട്ട് അതുല്യം! സ്കോർ 2-0. ഇതേ സ്കോറിൽ മൽസരത്തിൽ ഇടവേള.

ഇടവേളയ്ക്ക് ശേഷവും കൊൽക്കത്ത ആധിപത്യം തുടർന്നതോടെ ഗോവൻ പ്രതിരോധത്തിന് പിടിപ്പത് പണിയായി. ഏറെ നേരം അവർ പൊരുതി നിന്നെങ്കിലും മൂന്നാം ഗോൾ വൈകിപ്പിക്കാനേ അത് ഉപകരിച്ചുള്ളൂ. ഒടുവിൽ 68-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ഇയാൻ ഹ്യൂം കൊൽക്കത്തയുടെ മൂന്നാം ഗോൾ നേടി. ഗോവൻ ബോക്സിനുള്ളിൽ കൊളാസോ ദൗത്തിയെ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. ഹ്യൂമിന്റെ ലളിതസുന്ദരമായ ഷോട്ട് ഗോളിക്ക് യാതൊരു അവസരവും നൽകാതെ ഗോവൻ വലയിൽ. സ്കോർ 3-0. 10 മിനിറ്റിനുശേഷം കൊൽക്കത്ത നാലാം ഗോളും നേടി. ഇത്തവണയും ലക്ഷ്യം കണ്ടത് ദൗത്തി. പന്തുമായി ഗോവൻ ബോക്സിലേക്ക് ഓടിക്കയറി ദൗത്തി തൊടുത്ത ഷോട്ട് ഗോവയെ പൊള്ളിച്ച് വലയിൽ. കൊൽക്കത്തയ്ക്ക് നാലു ഗോൾ വിജയം.



കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ ഒന്നാമത്.

കൊല്‍ക്കത്ത: ഗോവ എഫ്‌സിയെ നാല് ഗോളിന് തകര്‍ത്ത് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ ഒന്നാമത്. 12 മത്സരങ്ങളില്‍ 20 പോയന്റുള്ള അത്‌ലറ്റിക്കോ സെമി സെമി ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനത്തായിരുന്ന ഗോവ 11 മത്സരങ്ങളില്‍ 18 പോയന്റുമായി കൊല്‍ക്കത്തയ്ക്ക് പിന്നിലുണ്ട്.
സ്വന്തം തട്ടകത്തില്‍ തുടക്കം മുതല്‍ ആധിപത്യം നിലനിര്‍ത്തിയ കൊല്‍ക്കത്ത ഗോവയ്ക്ക് ഒരവസരവും നല്‍കിയില്ല. മത്സരത്തിന്റെ ഇരു പകുതികളിലും കൊല്‍ക്കത്ത രണ്ടു ഗോള്‍ വീതം നേടി. കൊല്‍ക്കത്തയ്ക്കായി സമേഗ് ഡൗട്ടി (20, 78) രണ്ടു ഗോള്‍ നേടിയപ്പോള്‍ നായകന്‍ ബോര്‍ഹ ഫെര്‍ണാണ്ടസും (22) ഇയാന്‍ ഹ്യൂമും (68) ഓരോ ഗോള്‍ സ്വന്തമാക്കി.
20-ാം മിനിറ്റില്‍ ജെയ്മി ഗാര്‍വിലാന്‍ വലതു പാര്‍ശ്വത്തില്‍ നിന്നു ഗോവന്‍ പ്രതിരോധം ഭേദിച്ച് നല്‍കിയ പന്ത് സമര്‍ത്ഥമായി ചിപ്പു ചെയ്ത് വലയിലെത്തിച്ച് ഡൗട്ടിയാണ് ഗോവയ്ക്കായി ആദ്യ ഗോള്‍ നേടിയത്. രണ്ടു മിനുറ്റിനുള്ളില്‍ അടുത്ത ഗോളും പിറന്നു. ഗോള്‍ മുഖത്തു നിന്ന് പിന്നിലേക്ക് ഡൗട്ടി നല്‍കിയ പാസ് ബോക്‌സിനരികില്‍ നിന്ന് കരുത്തുറ്റ ഷോട്ടിലൂടെ ഫെര്‍ണാണ്ടസ് ഗോവന്‍ വലയില്‍ എത്തിക്കുകയായിരുന്നു. (സ്‌കോര്‍: 2-0).
രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഗോളെന്നുറച്ച പല അവസരങ്ങളും കൊല്‍ക്കത്ത പാഴാക്കി. കൊല്‍ക്കത്തയുടെ ആക്രമണങ്ങള്‍ക്കിടെ ചില മുന്നേറ്റങ്ങളിലൂടെ ഗോവയും പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും 68-ാം മിനിറ്റില്‍ ഡൗട്ടിയെ ബോക്‌സിനകത്ത് ഫൗള്‍ ചെയ്ത് നിക്കോളൗ കൊളാസോ കൊല്‍ക്കത്തയ്ക്ക് മൂന്നാം ഗോളിനുള്ള അവസരം തുറന്നു. പെനാല്‍റ്റിയെടുത്ത ഹ്യൂമിന് പിഴച്ചില്ല, പന്ത് വലയ്ക്കകത്ത്. (സ്‌കോര്‍: 3-0).
പത്തു മിനിറ്റിനു ശേഷം ഡൗട്ടി ഒരിക്കല്‍ കൂടി ഗോവന്‍ വല ചലിപ്പിച്ചു. പതിഞ്ഞ മുന്നേറ്റത്തിനൊടുവില്‍ നാറ്റോ ബോക്‌സിനകത്തേക്ക് ഉയര്‍ത്തിയ ലോങ് പാസ് ഗോവന്‍ പ്രതിരോധക്കാര്‍ക്ക് ഒരു ചുവട് മുന്നില്‍ ഓടിയെത്തിയ ഡൗട്ടി കാലിലൊതുക്കി. മുന്നിലേക്ക് കയറിവന്ന ഗോള്‍ കീപ്പര്‍ കട്ടിമണിയെ കൂടി വെട്ടിച്ചതോടെ ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടുന്ന ജോലിയേ ഡൗട്ടിയ്ക്ക് ബാക്കിയുണ്ടായിരുന്നുള്ളൂ. (സ്‌കോര്‍: 4-0).

കൊല്‍ക്കത്ത > എഫ്സി ഗോവയെ മടക്കമില്ലാത്ത നാലു ഗോളിന് തകര്‍ത്ത് അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐഎസ്എല്‍ പട്ടികയില്‍ ഒന്നാമതെത്തി. യുവതാരം സൗമിക് ഡൂട്ടി ഇരട്ടഗോളുമായി അത്ലറ്റിക്കോയ്ക്ക് ലീഗിലെ ആറാം ജയം സമ്മാനിച്ചു. ബോര്‍ഹ ഫെര്‍ണാണ്ടസും ഇയാന്‍ ഹ്യൂമും മറ്റു രണ്ടുഗോളുകള്‍ നേടി.ലീഗിന്റെ തുടക്കത്തില്‍ ഇടറിയ അത്ലറ്റിക്കോയുടെ ഗംഭീര തിരിച്ചുവരവാണ് സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ കണ്ടത്. തുടക്കംമുതല്‍ ആക്രമിച്ചുകളിച്ച അത്ലറ്റിക്കോയെ 20-ാ മിനിറ്റില്‍ ഡൂട്ടി മുന്നിലെത്തിച്ചു.
ജെയ്മെ ഗാവിലാന്റെ പാസ് വലതുവിങ്ങില്‍നിന്നു സ്വീകരിച്ച് പ്രതിരോധക്കാരെയും ഗോവന്‍ ഗോളി കട്ടിമണിയെയും കീഴടക്കി ഗോളിലേക്കു തൊടുക്കുകയായിരുന്നു. രണ്ടു മിനിറ്റില്‍ ഡൂട്ടിയുടെ പാസില്‍ ബോര്‍ഹ ലീഡുയര്‍ത്തി. ആക്രമിക്കാന്‍ മറന്നുപോയ ഗോവക്കാരുടെ വലയില്‍ ഹ്യൂം പെനല്‍റ്റിയിലൂടെ മൂന്നാംഗോള്‍ നിറച്ചു.
ബോക്സില്‍ ഡൂട്ടിയെ നികോളാസ് കൊലാകോ വലിച്ചിട്ടതിനായിരുന്നു റഫറി പെനല്‍റ്റി അനുവദിച്ചത്. തകര്‍ന്നുപോയ വിരുന്നുകാരുടെ പെട്ടിയില്‍ ഡൂട്ടിതന്നെ അവസാന ആണിയും അടിച്ചു. നാറ്റോയുടെ മൈതാനമധ്യത്തില്‍നിന്നുള്ള നീളന്‍ പാസ് ഡൂട്ടി ബോക്സില്‍വച്ചു പിടിച്ചെടുക്കുമ്പോള്‍ പ്രതിരോധക്കാര്‍ ആരുമുണ്ടായിരുന്നില്ല. പന്തിനെ ഒന്നു തഴുകി നിയന്ത്രണത്തിലാക്കി ഗോളിലേക്ക് തൊടുത്തപ്പോള്‍ ഗോവയുടെ പ്രതിരോധം അവസാനിച്ചു.

No comments:

Post a Comment