Thursday, November 19, 2015

Match 40: ATK 2 Chennaiyin FC 1


കൊൽക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു ആവേശപ്പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക് തകർപ്പൻ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നിലവിലെ ചാംപ്യൻമാർ ചെന്നൈയിനെ തകർത്തത്. വിജയികൾക്കായി ദക്ഷിണാഫ്രിക്കൻ താരം സമീഗ് ദൗത്തി (45), കനേഡിയൻ താരം ഇയാൻ ഹ്യൂം (63) എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ബ്രസീലിയൻ താരം റാഫേൽ അഗസ്റ്റോയുടെ (27) വകയായിരുന്നു ചെന്നൈയിന്റെ ആശ്വാസ ഗോൾ. ആദ്യപകുതിയിൽ ഇരുടീമുകളും ഒരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു.

വിജയത്തോടെ 11 മൽസരങ്ങളിൽ നിന്നും 17 പോയിന്റുമായി കൊൽക്കത്ത രണ്ടാം സ്ഥാനത്തേക്കുയർന്നു. അതേസമയം, 10 മൽസരങ്ങൾ പൂർത്തിയാക്കിയ ചെന്നൈയിൻ എഫ്സി 10 പോയിന്റുമായി അവസാന സ്ഥാനത്താണ്. 

തുടർച്ചയായി രണ്ടു കളികൾ സ്വന്തം മൈതാനത്തു തോറ്റ കൊൽക്കത്ത വിജയവഴി തേടി വീണ്ടും സ്വന്തം മൈതാനത്തിറങ്ങിയപ്പോൾ അവസാനസ്ഥാനത്ത് നിന്ന് രക്ഷപ്പെടുക എന്ന ലക്ഷ്യവുമായിട്ടായിരുന്നു മാർക്കോ മറ്റരാസിയുടെ ടീമിന്റെ കളി. അഞ്ചു മാറ്റങ്ങളുമായി മറ്റരാസി ടീമിനെ അണിനിരത്തിയപ്പോൾ കൊൽക്കത്ത കോച്ച് ഹെബാസ് നടത്തിയത് രണ്ടു മാറ്റം. അടിയും തിരിച്ചടിയുമായി മുന്നേറിയ മൽസരത്തിൽ ആദ്യം ലീഡ് നേടിയത് ചെന്നൈയിൻ എഫ്സി. ഫിക്രുവുമൊത്ത് പന്ത് കൈമാറി കൊൽക്കത്ത ബോക്സിലേക്ക് ഓടിക്കയറിയ ബ്രസീലിയൻ താരം റാഫേൽ അഗസ്റ്റോയെ തടയാനുള്ള അർണാബ് മൊണ്ഡലിന്റെയും അഗസ്റ്റിന്‍ ഫെർണാണ്ടസിന്റെയും ദുർബല ശ്രമം. ഇരുവരെയും വിദഗ്ധമായി കബളിപ്പിച്ച് റാഫേൽ തൊടുത്ത ഷോട്ട് ഗ്യാലറിയെ ഞെട്ടിച്ച് വലയിൽ. സ്കോർ 1–0.

ഇടവേളയ്ക്ക് തൊട്ടുമുൻപ് ദക്ഷിണാഫ്രിക്കൻ യുവതാരം സമീഗ് ദൗത്തിയിലൂടെ കൊൽക്കത്ത സമനില പിടിച്ചു. ഗോളിലെക്കെത്തിയ നീക്കത്തിന്റെ തുടക്കം ബോർജയുടെ ഫ്രീകിക്കിൽ നിന്ന്. ബോക്സിലേക്ക് ബോർജ ഉയർത്തി വിട്ട പന്ത് ചെന്നൈയിൻ ഗോളി കരൺജിത്ത് തടുത്തിട്ടെങ്കിലും പന്തെത്തിയത് സമീഗിലേക്ക്. തടയാനെത്തിയ ചെന്നൈയിൻ പ്രതിരോധതാരങ്ങളെ മറികടന്ന് സമീഗിന്റെ തകർപ്പൻ ഫിനിഷിങ്. സ്കോർ 1–1.

ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ കൊൽക്കത്ത വിജയം തേടി ആക്രമണം കനപ്പിച്ചപ്പോൾ ചെന്നൈയിൻ പതറി. മുന്നേറ്റത്തിൽ എത്യോപ്യൻ താരം ഫിക്രു നിറംമങ്ങിയതും അവർക്കു വിനയായി. അതിനിടെ 63–ാം മിനിറ്റിൽ ഇയാൻ ഹ്യൂം കൊൽക്കത്തയുടെ വിജയഗോൾ നേടി. ഗോള്‍ നേടിയത് ഹ്യൂമെങ്കിലും ഗോളിന്റെ സൂത്രധാരൻ ആദ്യഗോൾ നേടിയ സമീഗ് ദൗത്തി. പന്തുമായി വലതുവിങ്ങിലൂടെ ഓടിക്കയറിയ ദക്ഷിണാഫ്രിക്കൻ യുവതാരം പോസ്റ്റിന് സമാന്തരമായി പന്ത് മറിച്ചു. ചെന്നൈയിൻ താരങ്ങൾക്കൊപ്പം ബോക്സിലേക്ക് ഓടിയെത്തിയ ഹ്യൂമിന്റെ കിടിലൻ ഫിനിഷിങ്. ലീഗിൽ ഹ്യൂമിന്റെ അഞ്ചാം ഗോൾ. സ്കോർ 2–1. തിരിച്ചടിക്കാനുള്ള ചെന്നൈയിന്റെ ശ്രമങ്ങൾ പാഴായതോടെ വിജയവും പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനവും കൊൽക്കത്തയ്ക്ക് സ്വന്തം. 




കൊല്‍ക്കത്ത: ഐ.എസ്.എല്ലില്‍ ബുധാനാഴ്ച്ച നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ അത്‌ലറ്റിക്കൊ ഡി കൊല്‍ക്കത്തക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ചെന്നൈയിന്‍ എഫ്‌സിയെ കീഴടക്കിയത്. 

മാര്‍ക്വീ താരം  ഹെല്‍ഡര്‍ പോസ്റ്റിഗയുടെ തിരിച്ചുവരവിന്റെ പുത്തന്‍ ഉണര്‍വോടെയാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ബുധനാഴ്ച്ച ചെന്നൈയിന്‍ എഫ്.സിയെ നേരിടാനിറങ്ങിയത്. ഹോം മത്സത്തിനിറങ്ങിയ കൊല്‍ക്കത്ത ജയത്തോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം ലക്ഷ്യമിട്ടാണിറങ്ങിയതെങ്കില്‍ എവേ മത്സരത്തില്‍ ഒരു ജയത്തോടെ പട്ടികയില്‍ അഞ്ചാം സ്ഥാനം നേടുകയായിരുന്നു ചെന്നൈയുടെ ലക്ഷ്യം. കൊല്‍ക്കത്ത ലക്ഷ്യം നിറവേറ്റി.
26-ാം മിനുട്ടില്‍ റാഫേല്‍ അഗസ്റ്റോയിലൂടെ ചെന്നൈ മുന്നിലെത്തി. 31-ാം മിനുട്ടില്‍ എലാനൊ എടുത്ത മനോഹരമായ ഒരു കോണര്‍ കിക്ക് ഗോള്‍ ആവുമെന്ന് തോന്നിച്ചെങ്കിലും കൊലത്തയുടെ ഗോളി അമരീന്ദറിന്റെ മനസാന്നിധ്യമാണ് കൊല്‍ക്കത്തെയെ രണ്ടാം ഗോളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. പിന്നീട് കൊല്‍ക്കത്ത മികച്ച രണ്ടു മൂന്ന് മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു
41-ാം മിനുട്ടില്‍ ചെന്നൈക്ക് ലഭിച്ച മനോഹരമായ ഒരവസരം ഗോള്‍ ആക്കാന്‍ ഫിക്രുവിന് കഴിഞ്ഞില്ല. ഫിക്രുവിന് പന്ത് ലഭിക്കുമ്പോള്‍ മുമ്പില്‍ ഗോളി മാത്രമേ ഉണ്ടായിരുന്നുവെങ്കിലും പന്ത വരുതിയില്‍ നിര്‍ത്തി ഷോട്ടുതിര്‍ക്കുന്നതില്‍ ഫിക്രു പരാജയപ്പെട്ടു. 45-ാം മിനുട്ടില്‍ മനപ്പൂര്‍വ്വം പന്ത് കൈയ്യ കൊണ്ടു തൊട്ടതിന് ധനചന്ദ്ര സിങിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. അതേഫൗളില്‍ നിന്ന് തന്നെ ലഭിച്ച ഫ്രീകിക്കില്‍ കൊല്‍ക്കത്തയുടെ മറുപടി ഗോളും പിറന്നു. ആഫ്രിക്കന്‍ താരമായ സമീക് ഡൂട്ടിയാണ് കൊല്‍ക്കത്തക്ക് വേണ്ടി സ്‌ക്കോര്‍ ചെയ്തത്.
63-ാം മിനുട്ടില്‍ കൊല്‍ക്കത്ത വീണ്ടും സ്‌ക്കോര്‍ ചെയ്തു. സമീക് ഡൂട്ടി നല്‍കിയ മനോഹരമായ ഗ്രൗണ്ട് ക്രോസില്‍ മനോഹരമായി സ്ലൈഡ് ചെയ്താണ് ഇയാന്‍ ഹ്യൂം കൊല്‍ക്കത്തക്ക് വേണ്ടി രാണ്ടാം ഗോള്‍ നേടിയത്. 73-ാം മിനുട്ടില്‍ ഹ്യൂമിന് മുന്നില്‍ തുറന്ന മനോഹരമായ ഒരവസരം ഗോളി സ്ലൈഡ് ചെയ്ത് ക്ലിയര്‍ ചെയ്തില്ലായിരുന്നെങ്കില്‍ ചെന്നൈയുടെ തോല്‍വിയുടെ ആഴം കൂടിയേനെ.
വീണ്ടും ചെന്നൈ നടത്തിയ ചില മുന്നേറ്റങ്ങള്‍ ഗോളിലെത്തുമെന്ന് തോന്നിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. രണ്ടാം പകുതിയില്‍ ചെന്നൈ കൂടുതല്‍ ഫൗളുകള്‍ ചെയ്യുകയും കാര്‍ഡുകള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. അനാവശ്യമായ ഫൗളുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഗോള്‍ മടക്കാന്‍ കുടുതല്‍ സമയമെങ്കിലും ലഭിക്കുമായിരുന്നു.

No comments:

Post a Comment