കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ തുടർച്ചയായ തോൽവികൾക്കുശേഷം കേരളാ ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തുമ്പോൾ എല്ലാവരും തിരയുന്നത് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റ ടെറി ഫീലാനെ. ഇങ്ങനെയൊരാൾ പീറ്റർ ടെയ്‌ലറിന്റെ പിൻഗാമിയായി ബ്ലാസ്റ്റേഴ്സിന്റെ ചുമതലയേറ്റെന്ന് അറിഞ്ഞിരുന്നെങ്കിലും വ്യത്യസ്തനായ ഫീലാനെ ആരാധകർ തിരിച്ചറിഞ്ഞത് പുണെയ്ക്കെതിരായ മൽസരത്തോടെ. ഈ സീസണിൽത്തന്നെ മുൻപു കണ്ടുമുട്ടിയപ്പോൾ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ മുട്ടുകുത്തിച്ച, ലീഗിലെ ഒന്നാം സ്ഥാനക്കാരായ പുണെയെ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സിനെ സഹായിച്ച ഫീലാന്റെ തന്ത്രമെന്താകും?
അരലക്ഷത്തോളം വരുന്ന ആരാധകരുടെ മനം നിറച്ച് കേരള ബ്ലാസ്റ്റേഴ്സ് കലൂർ ജവഹർലാൽ നെഹ്റു രാജ്യന്തര സ്റ്റേഡിയത്തിൽ നിറഞ്ഞാടുമ്പോൾ കളിക്കളത്തിന് പുറത്ത് നിറഞ്ഞ മനസുമായി ടെറി ഫീലാനുമുണ്ടായിരുന്നു. കേരളം ഓരോ അവസരം പാഴാക്കുമ്പോഴും തലയിൽ കൈവച്ച്, പിന്നീട് കൈയടിച്ച് പ്രോത്സാഹിപ്പിച്ച് മൈതാനത്തിന് പുറത്ത് ഫീലാനും നിറഞ്ഞു നിന്നു. പ്രതിഭയുള്ള കളിക്കാരുണ്ടായിട്ടും ലീഗിൽ ബ്ലാസ്റ്റേഴ്സിനെ പിന്നോട്ടടിക്കുന്നത് ആത്മവിശ്വാസക്കുറവെന്ന മാരക പ്രശ്നമാണെന്ന് തുടക്കത്തിലേ മനസിലാക്കിയിടത്താണ് ഫീലാന്റെ വിജയം.
പരിശീലന രംഗത്ത് പീറ്റർ ടെയ്‌ലറിന്റെ അത്ര അനുഭവ സമ്പത്തില്ലെങ്കിലും കളിക്കാരുടെ മനസറിഞ്ഞ കോച്ചാണ് താനെന്ന് ടെറി ഫീലാൻ തെളിയിച്ചു. കളിക്കാർക്ക് ആത്മവിശ്വാസക്കുറവുണ്ടെന്ന് കോച്ച് കഴിഞ്ഞ ദിവസം ചുമതലയേറ്റെടുത്തപ്പോൾ പറഞ്ഞിരുന്നു. മികച്ച മുന്നേറ്റങ്ങൾ നടത്തിയിരുന്നെങ്കിലും ക്രിസ് ഡാഗ്നലും സാഞ്ചസ് വാട്ടും ഗോളടിക്കുന്നതിൽ പിന്നിലായിരുന്നു. എന്നാൽ പുണെയ്ക്കെതിരെ ഇരുവരും ഗോൾ വല ചലിപ്പിച്ചു. ഇതിനു പിന്നിൽ കോച്ച് ടെറി ഫീലാൻ പകർന്ന ആത്മവിശ്വാസമാണ്. ടീമിനെ വിജയവഴിയിലെത്തിക്കാനും ഈ ഐറിഷ് കോച്ചിന് സാധിച്ചു.
അവസരങ്ങളുെട പെരുമഴപെയ്ത മൽസരത്തിൽ രണ്ടെണ്ണം മാത്രമേ ടീം ലക്ഷ്യത്തിലെത്തിച്ചുള്ളെങ്കിലും ആരാധകർ ആഹ്ലാദത്തിലായിരുന്നു. തോൽവിയിൽ നിന്ന് തോൽവിയിലേക്ക് കുപ്പുകുത്തുകയായിരുന്ന ടീമിന്റെ ഉയർത്തെഴുന്നേൽപ്പിന് സാക്ഷ്യം വഹിക്കാനായതിന്റെ ആവേശം. എന്തായാലും തുടർന്നുള്ള മൽസരങ്ങളിലും ഇതേ ആവേശം കളിക്കളത്തിൽ പ്രകടിപ്പിക്കാനായാൽ ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ് സ്വപ്നമായി അവശേഷിക്കില്ല. അതിന് ഫീലാന് കഴിയട്ടെയെന്നാണ് ആരാധകരുടെയും പ്രാർഥന.

No comments:
Post a Comment