ഇൻജുറി ടൈമിലെ നാടകീയ ഗോളിൽ
മുംബൈയെ സമനിലയിൽ പിടിച്ച് ഡൽഹി...
മുംബൈയെ സമനിലയിൽ പിടിച്ച് ഡൽഹി...
ന്യൂഡൽഹി∙ അവസാന വിസിലിന് തൊട്ടുമുൻപ് റോബിൻ സിങ് നേടിയ ഗോളിന്റെ ബലത്തിൽ
മുംബൈയ്ക്കെതിരെ ഡൽഹി ഡൈനാമോസിന് വിജയത്തോളം പോന്നൊരു സമനില. 70–ാം മിനിറ്റിൽ
ബ്രസീലിയൻ താരം ഫ്രഡറിക് പിക്വിയോൺ നേടിയ ഗോളിന് അവസാന മിനിറ്റുവരെ
മുന്നിലായിരുന്ന മുംബൈയെ ഡൽഹി സമനിലയിൽ തളച്ചത് അവസാന മിനിറ്റ് ഗോളിൽ. ഡൽഹി സമനില
ഗോൾ നേടിയതും മൽസരം അവസാനിപ്പിച്ച് റഫറിയുടെ ലോങ് വിസിൽ മുഴങ്ങിയതും ഒരുമിച്ച്.
സമനിലയോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു. ഇതോടെ 14 പോയിന്റുമായി ഡൽഹി
എഫ്സി ഗോവയ്ക്ക് പിന്നിൽ രണ്ടാമതെത്തിയപ്പോൾ 11 പോയിന്റുമായി മുംബൈ നാലാം
സ്ഥാനത്തേക്ക് കയറി.
ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വച്ച ആദ്യ പകുതി പക്ഷേ
ഗോൾരഹിതമായിരുന്നു. ഇരുടീമുകൾക്കും ഗോൾ സാധ്യതയുള്ള അവസരങ്ങളൊന്നും
തുറന്നെടുക്കാനായില്ലെന്നതാണ് സത്യം. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. അടിയും
തിരിച്ചടിയുമായി ഇരുടീമുകളും മൈതാനം നിറഞ്ഞതോടെ എപ്പോൾ വേണമെങ്കിലും ഗോൾ വീഴാമെന്ന
നിലയായി. റിച്ചാർഡ് ഗാഡ്സെയ്ക്ക് പകരം ഡോസ് സാന്റോസും ഡോങ്കലിന് പകരം റോബിൻ സിങ്ങും
ഡൽഹി മുന്നേറ്റത്തിലെത്തി.
ഗോൾ തേടി മുന്നേറ്റനിരയിൽ അഴിച്ചുപണി നടത്തിയത് ഡൽഹിയാണെങ്കിലും ഗോൾ നേടിയത്
മുംബൈ. 70–ാം മിനിറ്റിലായിരുന്നു മുംബൈ ആരാധകർ കാത്തിരുന്ന ഗോൾ. ബോക്സിനുള്ളിൽ
നിന്ന പിക്വിയോണിന് പന്ത് മറിച്ചത് സെലിം ബെനാഷോർ. തടയാനെത്തിയ ഡൽഹി ഗോളി ടോണി
ഡോബ്ലാസിനെ മിന്നൽ നീക്കത്തിലൂടെ മറകടന്ന പിക്വിയോൺ നിഷ്പ്രയാസം ലക്ഷ്യം കണ്ടു.
സ്കോർ 1–0.
വിജയമുറപ്പിച്ച് കളിച്ച് മുംബൈയെ ഞെട്ടിച്ച് ഡൽഹി സമനില നേടിയത് ഇൻജുറി
ടൈമിന്റെയും അവസാന മിനിറ്റിൽ. മുംബൈ ബോക്സിന് ഏറെ പുറത്ത് അവസാന മിനിറ്റിൽ ലഭിച്ച
ഫ്രീകിക്ക് ഫ്ലോറന്റ് മലൂദ ഉയർത്തി ബോക്സിലേക്ക് വിട്ടു. പന്ത് ഹെഡ് ചെയ്ത്
അകറ്റാനുള്ള മുംബൈ പ്രതിരോധനിര താരത്തിന്റെ ശ്രമം അവസാനിച്ചത് ബോക്സിന്റെ
വലത്തേയറ്റത്ത് നിലയുറപ്പിച്ച റോബിൻ സിങ്ങിന് മുന്നിൽ. വീണുകിടന്ന് തടയാൻ ശ്രമിച്ച
സുബ്രതോ പോളിനെ മറികടന്ന് റോബിൻ സിങ്ങിന്റെ ഷോട്ട് വലയിൽ കയറുമ്പോള്‍ സ്റ്റേഡിയം
അക്ഷരാർഥത്തിൽ പൊട്ടിത്തെറിച്ചു. സ്കോർ 1–1.
No comments:
Post a Comment