Sunday, November 15, 2015

Match 38 kerala Blsters 4 north East United 1

ഗുവാഹത്തി ∙


 ഇതായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർ കാണാൻ ആഗ്രഹിച്ച മൽസരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ‌ ഒന്നിനെതിരെ നാലു ഗോളിന് തകർത്താണ് കേരളം ജയം ആഘോഷിച്ചത്. ഇരട്ട ഗോൾ നേടിയ ഡാഗ്നലാണ് കേരളത്തിന്റെ വിജയശിൽപ്പി. മൽസരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടിയാണ് കേരളം തങ്ങളുടെ നയം വ്യക്തമാക്കിയത്. 30–ാം സെക്കൻഡിൽ കേരളത്തിനായി ഡാഗ്നലാണ് ഗോൾ നേടിയത്. രണ്ടാം ഗോൾ 21–ാം മിനിറ്റിൽ ലോബോയും നേടി. 75–ാം മിനിറ്റിൽ അന്റോണിയോ ജർമനും. 79–ാം മിനിറ്റിൽ ഡാഗ്നലും കേരളത്തിന്റെ ഗോൾപട്ടിക തികച്ചു. ഇൻജുറി ടൈമിലാണ് വെലീസ് നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ നേടിയത്. 

തുടക്കം മുതൽ ജയം മാത്രം മുന്നിൽ കണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പന്ത് തട്ടിയത്. അതിന്റെ ഫലവും ആദ്യ മിനിറ്റിൽ തന്നെ കണ്ടു. ഹോസു–ആന്റോണിയോ ജർമൻ–ഡാഗ്നൽ സഖ്യത്തിന്റെ സംഭാവനയായിരുന്നു ആദ്യ ഗോൾ. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും ഹോസു ഇടതു ഭാഗത്തുള്ള ജർമന് പന്ത് നൽകി. പെനൽറ്റി ബോക്സിന് സമീപമുണ്ടായിരുന്ന ഡാഗ്നലിന് കൃത്യമായി ജർമൻ പന്ത് കൊടുക്കുന്നു. ലക്ഷ്യം തെറ്റിക്കാതെ ഡാഗ്നൽ ലക്ഷ്യം കണ്ടു. കാണികളെ നിശബ്ദരാക്കി കേരളത്തിന്റെ ആഘോഷം. 

ഗോൾ വഴങ്ങിയതോടെ നോർത്ത് ഈസ്റ്റും വിട്ടു നൽകാൻ തയാറായിരുന്നില്ല. 14–ാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ജിങ്കൻ ചെയ്ത ഫൗളിന് പെനാൽറ്റി ബോക്സിന് സമീപത്തു നിന്നും നോർത്ത് ഈസ്റ്റിന് ഫൗൾ കിക്ക്. ഉയർത്തിയടിച്ച പന്ത് നോർത്ത് ഈസ്റ്റിന്റെ ഹെമ്പർട്ട് ഹെഡ് ചെയ്തെങ്കിലും ബ്ലാസ്റ്റ്േഴ്സ് ഗോളി സ്റ്റീവർ ബൈവാർട്ട് മനോഹരമായി രക്ഷപ്പെടുത്തുകയായിരുന്നു. 21–ാം മിനിറ്റിൽ ലോബോ കേരളത്തിന്റെ രണ്ടാം ഗോൾ നേടിയത്. അദ്യപകുതിയുടെ അവസാന നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്സിന് നിരവധി അവസരങ്ങൾ ലഭിച്ചു. ഹോസുവിന്റെ തകർപ്പൻ ഷോട്ട് നോർത്ത് ഈസ്റ്റിന്റെ മലയാളി ഗോളി രഹനേഷ് തടുത്തു മാറ്റുകയായിരുന്നു.

രണ്ടാം പകുതിൽ ശക്തമായ ആക്രമണവുമായാണ് നോർത്ത് ഈസ്റ്റ് കളത്തിൽ ഇറങ്ങിയത്. പലപ്പോഴും കേരളത്തിന്റെ പ്രതിരോധ നിരയുടെ പോരായ്മകൾ മികച്ച അവസരങ്ങൾ ഒരുക്കി. എന്നാൽ നോർത്ത് ഈസ്റ്റിന് ഗോൾ നേടാൻ സാധിച്ചില്ല. മൽസരത്തിൽ കേരളം പരുങ്ങുന്നുവെന്ന അവസ്ഥയിലാണ് 75–ാം മിനിറ്റിൽ ജർമന്റെ വക കേരളത്തിന് മൂന്നാം ഗോൾ പിറന്നത്. പെനൽറ്റി ബോക്സിന് സമീപത്തു നിന്നും തകർപ്പനൊരു ഷോട്ടിൽ പന്ത് നോർത്ത് ഈസ്റ്റ് വല കുലുക്കി.

മൂന്നാം ഗോളിന്റെ ക്ഷീണം മാറുന്നതിന് തൊട്ടുപിന്നാലെ ഡാഗ്നലിന്റെ മുന്നേറ്റം ബ്ലാസ്റ്റേഴ്സിന് നാലാം ഗോൾ സമ്മാനിച്ചു. ഡാഗ്നലിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം അവസാനിച്ചത് നോർത്ത് ഈസ്റ്റിന്റെ ഗോൾ വലയിലാണ്. കേരളം നാലു ഗോളിന് മുന്നിൽ. മൽസരത്തിന്റെ അവസാന നിമിഷങ്ങളിൽ മുൻപ് കേരളത്തിനുണ്ടായ പിഴവ് ഇത്തവണയും ആവർത്തിച്ചു. അവസാന നിമിഷങ്ങളിൽ അലസരായ കേരളത്തിന് അതിന്റെ ശിക്ഷയും ലഭിച്ചു. ഇൻജുറി സമയത്ത് നോർത്ത് ഈസ്റ്റിനായി വെലീസ് ആശ്വാസ ഗോൾ നേടി അതും കേരളത്തിന്റെ പ്രതിരോധത്തെ കബളിപ്പിച്ചുകൊണ്ട്. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി കേരളം ഏഴാമതെത്തി. 

No comments:

Post a Comment